എ.എഫ്.സി ഏഷ്യ കപ്പ് യോഗ്യതാ റൗണ്ടില്‍ ആവേശം അവസാന നിമിഷം വരെ നീണ്ട മത്സരത്തിലായിരുന്നു അഫ്ഗാനിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇന്ത്യ തകര്‍ത്ത്. മലയാളി താരങ്ങളായ ആഷിഖ് കുരുണിയന് – സഹല്‍ അബ്ദുള്‍ സമദ് കൂട്ടുകെട്ടില്‍ പിറന്ന ഗോളാണ് അധിക സമയത്ത് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
84-ാം മിനിറ്റ് വരെ ഗോള്‍ രഹിത സമനിലയില്‍ തുടര്‍ന്ന കളിയില്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. ബോക്സിന് തൊട്ടടുത്ത് നിന്ന് ലഭിച്ച ഫ്രീ കിക്ക് എടുത്ത ഛേത്രിക്ക് പിഴച്ചില്ല. അന്താരാഷ്ട്ര ഫുട്ബോളിലെ 83-ാം ഗോള്‍, ഒപ്പം ഇന്ത്യയ്ക്ക് ലീഡും.
എന്നാല്‍ ഇന്ത്യന്‍ ക്യാമ്പിലെ ആഘോഷങ്ങള്‍ക്ക് അധികം ആയുസുണ്ടായില്ല. 88-ാം മിനിറ്റില്‍ കോര്‍ണറില്‍ നിന്ന് അഫ്ഗാനിസ്ഥാന് സമനില ഗോള്‍ നേടി. സുബൈര്‍ അമിരിയാണ് അഫ്ഗാനുവേണ്ടി ഹെഡറിലൂടെ സ്കോര്‍ ചെയ്തത്.
പക്ഷെ ഉജ്വല ഫോമിലുള്ള സഹലിന്റെ ബൂട്ടുകള്‍ അഫ്ഗാനിസ്ഥാന് ഉടന്‍ മറുപടി നല്കി. ബോക്സിനുള്ളി ആഷിഖിന്റെ നേതൃത്വത്തിലുള്ള മുന്നേറ്റം. ഒടുവില്‍ പന്ത് സഹലിലേക്ക്. സഹലിന്റെ വലംകാലടി അനായാസം ഗോള്‍ വര കടന്നു.
ഏഷ്യ കപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ കമ്പോടിയയെ ഇന്ത്യ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്തിരുന്നു. അഫ്ഗാനിസ്ഥാനെതിരായ ജയത്തോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുമെത്തി.
Also Read: ‘ആ ആറ് മാസത്തിനിടെ ഞാൻ എന്താണ് അനുഭവിച്ചതെന്ന് ആർക്കും അറിയില്ല’