ഡിസംബര്‍ 10 പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഇരുണ്ട ദിവസങ്ങളിലൊന്നാണ്. ഖത്തര്‍ ലോകകപ്പില്‍ നിന്ന് മൊറോക്കോയോട് പരാജയപ്പെട്ട് പുറത്തായ ദിനം. പിന്നാലെ എല്ലാ ക്യാമറ കണ്ണുകളും എത്തിയത് തലകുനിച്ച് കളം വിടുന്ന നായകന് ക്രിസ്റ്റ്യാനൊ റൊണാള്ഡോയിലേക്കായിരുന്നു. തന്റെ നിരാശ ഒളിച്ചുവയ്ക്കാന്‍ പറങ്കിപ്പടയുടെ നായകനായില്ല, വിങ്ങിപ്പൊട്ടി മടക്കം.
കളിക്കാനൊരു ക്ലബ്ബ് ഇല്ല, പോര്‍ച്ചുഗല്‍ ദേശിയ ടീമിലേക്ക് മടങ്ങി വരാന്‍ ആകുമോ എന്ന ഉറപ്പുമില്ല. അതായിരുന്നു ലോകകപ്പിന് ശേഷമുള്ള താരത്തിന്റെ അവസ്ഥ. എന്നാല്‍ സൗദി അറേബ്യന്‍ ലീഗിലെ സുപ്രാധാന ക്ലബ്ബുകളിലൊന്നായ അല്‍ നസര്‍ ക്രിസ്റ്റ്യാനോയ്ക്കായി കൈ നീട്ടി. പ്രതിവര്‍ഷ വരുമാനം 200 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ നല്കി താരത്തെ അല്‍ നസര്‍ കളത്തിലെത്തിച്ചു, പ്രതീഷ.
ഫുട്ബോള്‍ ലോകം സാവധാനം അടക്കി വാഴാന്‍ തയാറെടുക്കുകയാണ് അറേബ്യന്‍ രാജ്യങ്ങള്‍ അതിന്റെ ആദ്യ പടിയാണ് ക്രിസ്റ്റ്യാനൊ എന്ന ഇതിഹാസം. ഖത്തര്‍ ലോകകപ്പിലൂടെ സംഘാടന മികവിന് കയ്യടി വാങ്ങി, ഇപ്പോഴിതാ പോര്‍ച്ചുഗല്‍ താരത്തിലൂടെ ലോകശ്രദ്ധയും നേടുന്നു. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളെ മാത്രമല്ല ക്രിസ്റ്റ്യാനോയിലൂടെ അല്‍ നസറിന് ലഭിച്ചത്. മറിച്ച് താരത്തിന്റെ ബ്രാന്‍ഡ് വാല്യു കൂടെയാണ്.
അല്‍ നസര്‍ എന്ന ക്ലബ്ബിനെക്കുറിച്ച് കേട്ടുകേള്‍വി പോലും ഇല്ലായിരുന്നു പലര്‍ക്കും. എന്നാല്‍ ക്രിസ്റ്റ്യാനോയുടെ വരവ് ക്ലബ്ബിന്റെ ഖ്യാതി വര്‍ധിപ്പിച്ചു. പന്തുരുളുന്ന മുക്കിലും മൂലയിലുമെല്ലാം അല്‍ നസര്‍ ചര്‍ച്ചയായി. ഇന്‍സ്റ്റഗ്രാമില്‍ അല്‍ നസറിന് കൂടിയത് 53 ലക്ഷത്തിലധികം ഫോളോവേഴ്സാണ്. ഇതില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറും ഉള്‍പ്പെടുന്നു.
റൊണാള്‍ഡോയ്ക്ക് പിന്നാലെ അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയും സൗദിയിലേക്ക് എത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. അല്‍ നസറിന്റെ വൈരികളായ അല്‍ ഹിലാലും അല്‍ ഇത്തിഹാദുമാണ് മെസിക്കായി പണം വാരി എറിയാന്‍ തയാറെടുക്കുന്നത്. ഒരു സീസണിന് 350 മില്യണ്‍ യൂറോയാണ് വാഗ്ദാനം.
സൗദി ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് ലോകകപ്പ് ജേതാവ് കൂടിയായ മെസി. എല്ലാം ഒരു കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണെന്ന് വേണമെങ്കില്‍ കൂട്ടിവായിക്കാം. മാര്‍ക്കൊ റൂസ്, സെര്‍ജിയൊ റാമോസ്, ലൂക്കാ മോഡ്രിച്ച് തുടങ്ങിയ താരങ്ങളേയും സൗദിയിലേക്കെത്തിക്കാന്‍ അല്‍ നസര്‍ ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മാഞ്ചസ്റ്റര്‍ സിറ്റി, പാരിസ് സെന്റ് ജര്‍മന്‍, ഷെഫീല്‍ഡ് യുണൈറ്റഡ് എന്നീ ടീമുകളില്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഉടമകളുണ്ട്. ന്യൂകാസില്‍ യുണൈറ്റഡാണ് പട്ടികയില്‍ ചേര്‍ക്കപ്പെട്ട ഏറ്റവും അവസാനത്തെ ടീം. റൊണാള്‍ഡോയുടെ വരും പല താരങ്ങള്‍ ഇനിയും എത്തുമെന്ന സൂചനയും ഫുട്ബോള്‍ ഭുപടത്തില്‍ സൗദിയുടെ വലുപ്പം വര്‍ധിപ്പിക്കുകയാണ്.