മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ക്ലബ്ബ് വിടാന്‍ ഒരുങ്ങുകയാണ് ഇതിഹാസ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ. താരം ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിയിലേക്ക് ചേക്കേറാനൊരുങ്ങുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
എന്നാല്‍ റൊണാള്‍ഡോയുടെ ഏജന്റ് ജോര്‍ജെ മെന്‍ഡസ് മുന്നോട്ട് വച്ച ഓഫര്‍ പി എസ് ജി നിരസിച്ചതായാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. യുണൈറ്റഡ് വിടാന്‍ അനുവദിക്കണമെന്ന് ക്ലബ്ബ് അധികൃതരോട് താരം ആവശ്യപ്പെട്ടന്നാണ് സൂചന.
റൊണാള്‍ഡോയുടെ പ്രതിവാര ശമ്പളം താങ്ങാന്‍ കഴിയുന്ന ക്ലബ്ബുകള്‍ വളരെ കുറവായതിനാല്‍ ട്രാന്‍സ്ഫര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ലയണല്‍ മെസി, നെയ്മര്‍, കെയിലിയന്‍ എംബാപെ എന്നീ സൂപ്പര്‍ താരങ്ങളുടെ പി എസ് ജിയിലെ ഉയര്‍ന്ന ശമ്പളവും താരത്തിന്റെ കൂടുമാറ്റത്തിന് തടസമാകുന്നു.
നേരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പദ്ധതികളില്‍ റൊണാള്‍ഡൊ ഉണ്ടെന്ന് പുതിയ മാനേജരായ എറിക് ടെന്‍ ഹാഗ് വ്യക്തമാക്കിയിരുന്നു.
“റൊണാള്‍ഡോയ്ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് ഞാന്‍ ഉറ്റുനോക്കുകയാണ്. അദ്ദേഹത്തിന് ക്ലബ്ബ് വിടണമെന്നത് സംബന്ധിച്ച് ഞാന്‍ വായിച്ചിരുന്നു. പക്ഷെ എനിക്ക് പറയാനുള്ള ക്രിസ്റ്റ്യാനൊ വില്‍പ്പനയ്ക്കില്ലെന്നാണ്. അയാള്‍ ഞങ്ങളുടെ പദ്ധതികളില്‍ ഉണ്ട്,” എറിക് വ്യക്തമാക്കി.