മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയെ സമനിലയില്‍ തളച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. ചെല്‍സിക്കായി മാര്‍ക്കോസ് അലോന്‍സയും (60) യുണൈറ്റഡിനായി സുപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുമാണ് ഗോള്‍ നേടിയത്.
ലിഗില്‍ തിരിച്ചടികള്‍ നേരിടുന്ന യുണൈറ്റഡിന് മേല്‍ വ്യക്തമായ ആധിപത്യം കളിയിലുടനീളം ചെല്‍സിക്കുണ്ടായിരുന്നു. ആക്രമണത്തിലും പന്തടക്കത്തിലും യുണൈറ്റഡിന് ചെല്‍സിയുടെ സമീപത്ത് പോലുമെത്താനായില്ല. ചെല്‍സി 21 ഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍ യുണൈറ്റഡ് മടക്കിയത് ആറെണ്ണം മാത്രം.
ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം 60-ാം മിനിറ്റില്‍ ചെല്‍സി മുന്നിലെത്തി. കെയില്‍ ഹാവേര്‍ട്സിന്റെ പാസില്‍ നിന്ന് ഇടതു വിങ്ങില്‍ നിന്ന് അലൊന്‍സ തൊടുത്ത ഷോട്ട് അതിവേഗം വലയിലെത്തി. എന്നാല്‍ അലോന്‍സയുടെ ഗോളിന് മറുപടി പറയാന്‍ റൊണാള്‍ഡോയ്ക്ക് വേണ്ടി വന്നത് കേവലം രണ്ട് മിനിറ്റുകള്‍ മാത്രം.
മാറ്റിക് ബോക്സിനുള്ളിലേക്ക് ചിപ്പ് ചെയ്തു നല്‍കിയ പാസ് അനായാസം വരുതിയിലാക്കി റൊണാള്‍ഡൊ. താരത്തിന്റെ അതിവേഗ ഷോട്ട് ചെല്‍സിയുടെ ഗോള്‍വല ഭേദിച്ചു. പ്രീമിയര്‍ ലീഗിലെ റൊണാള്‍ഡൊയുടെ 17-ാം ഗോളാണിത്. ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ലിവര്‍പൂളിന്‍ മുഹമ്മദ് സലയ്ക്ക് (22) പിന്നിലാണ് താരം.
35 കളികളില്‍ നിന്ന് 55 പോയിന്റുള്ള യുണൈറ്റഡ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. 33 കളികളില്‍ നിന്ന് 80 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഒന്നാമത്. ലിവര്‍പൂള്‍ (79), ചെല്‍സി (66), ആഴ്സണല്‍ (60) എന്നീ ടീമുകളാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളില്‍.
Also Read: IPL 2022, DC vs KKR Score Updates: കൊൽക്കത്തക്കെതിരെ ഡൽഹിക്ക് നാല് വിക്കറ്റ് ജയം