ലണ്ടണ്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് അപ്രതീക്ഷിത സമനില. ടോട്ടനമാണ് ലിവര്‍പൂളിന് വിജയം നിഷേധിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. 56-ാം മിനിറ്റില്‍ സണ്‍ ഹ്യൂങ് മിന്നിലൂടെ ടോട്ടനം ലീഡെടുക്കുകയായിരുന്നു. എന്നാല്‍ 74-ാം മിനിറ്റില്‍ ലൂയിസ് ഡയാസ് ലിവര്‍പൂളിന്റെ രക്ഷകനായി.
ലിവര്‍പൂള്‍ സമനില വഴങ്ങിയതോടെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കിരീട മോഹങ്ങള്‍ വര്‍ധിച്ചു. നിലവില്‍ ഇരുടീമുകള്‍ക്കും 83 പോയിന്റാണുള്ളത്. പക്ഷെ ഒരു മത്സരം കുറച്ചു കളിച്ച സിറ്റിക്ക് ലിവര്‍പൂളുമായുള്ള പോയിന്റ് വ്യത്യാസം മൂന്നായി ഉയര്‍ത്താനുള്ള അവസരം ഒരുങ്ങിയിരിക്കുകയാണ്. ന്യൂകാസിലുമായാണ് സിറ്റിയുടെ അടുത്ത മത്സരം.
അതേസമയം, കരുത്തരായ മഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ബ്രൈറ്റണ്‍ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെടുത്തി. മോയിസസ് കയ്സേഡൊ, മാര്‍ക്ക് കുക്കുറല്ല, പാസ്കല്‍ ഗ്രൊ, ലിയാന്‍ഡ്രൊ ട്രോസാര്‍ഡ് എന്നിവരാണ് ഗോള്‍ നേടിയത്. ഇതോടെ യുണൈറ്റഡിന്റെ ചാമ്പ്യന്‍സ് ലീഗ് മോഹങ്ങള്‍ അവസാനിച്ചു.
മറ്റൊരു മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ചെല്‍സിയെ വോള്‍വ്സ് അവസാന മിനിറ്റില്‍ സമനിലയില്‍ തളച്ചു. റൊമേലു ലൂക്കാക്കുവിന്റെ ഇരട്ട ഗോളില്‍ 2-0 ന് മുന്നില്‍ നിന്ന ശേഷമായിരുന്നു ചെല്‍സി തിരിച്ചടി നേരിട്ടത്. 79-ാം മിനിറ്റില്‍ ഫ്രാന്‍സിസ്കോയും മത്സരത്തിന്റെ അധികസമയത്ത് കൊനോര്‍ കോഡിയുമാണ് വോള്‍വ്സിനായി ഗോള്‍ നേടിയത്.