FIFA World Cup: അര്‍ജന്റീന ഫുട്ബോള്‍ ലോകകിരീടം നേടിയതില്‍ പിന്നെ നാടെങ്ങും ആഘോഷമാണ്. ജനിച്ചു വീണ കുഞ്ഞിനെപ്പോലെ കനകകിരീടം നെഞ്ചോട് ചെര്‍ത്തു കൊണ്ടു നടക്കുന്നൊരാളുണ്ട്, സാക്ഷാല്‍ മെസി. ഊണിലും ഉറക്കത്തിലുമെല്ലാം സ്വപ്നം കണ്ട നേട്ടം കൈവരിച്ച കുട്ടിയെപ്പോലെയാണ് ഇന്നയാള്. ഉറക്കത്തില്‍ പോലും കിരീടം കൈവിടാന്‍ തയാറല്ല.
ലോകകിരീടം കെട്ടിപ്പിടിച്ചുറങ്ങുന്ന മെസിയുടെ ചിത്രങ്ങളാണ് ഫുട്ബോള്‍ ആരാധകരുടെ മനസ് നിറച്ച ഇന്നത്തെ കാഴ്ച. തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ മെസി തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഗുഡ് മോണിങ് എന്ന ക്യാപ്ഷനാണ് മെസി ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.
ലോകകപ്പ് നേടിയ മെസിയും സംഘവും പ്രദേശിക സമയം പുലര്‍ച്ചെ രണ്ടരയോടെയാണ് അര്‍ജന്റീനയിലെത്തിയത്. വിമാനത്തില്‍ നിന്ന് പുറത്തേക്ക് ആദ്യമെത്തിയത് മെസിയും കോച്ച് സ്കലോണിയുമായിരുന്നു. ലോകകപ്പ് വലത് കൈയില്‍ പിടിച്ച് പുറത്തേക്കിറങ്ങിയ മെസി വിമാനത്തിന്റെ വാതില്ക്കല് വെച്ച് തന്നെ കപ്പുയര്‍ത്തി കാണിച്ചതോടെ ആരാധകര്‍ ആവേശത്തിലായി.
വിമാനത്തില്‍ നിന്ന് ഇറങ്ങിയ താരങ്ങള്‍ ചുവപ്പ് പരവതാനിയിലൂടെ നടന്ന് രാജകീയ വരവേല്‍പ്പ് ഏറ്റുവാങ്ങി. സംഗീതത്തിന്റെ അകമ്പടിയോടെ പ്രത്യേകമായി ക്രമീകരിച്ച് തുറന്ന ബസിലേക്ക് കയറിയ താരങ്ങള്‍ വഴി നീളെ ആരാധകര്‍ക്ക് കൈകള്‍ വീശി. 36 വര്‍ഷം കാത്തിരുന്ന കപ്പുമായെത്തുന്ന ടീമിനെ വരവേല്‍ക്കാന്‍ പുലര്‍ച്ചെ രണ്ടരയ്ക്കും ജനം ഉറക്കമിളച്ച് തെരുവില്‍ കാത്തുനില്ക്കുകയായിരുന്നു.
അര്‍ജന്റീനയുടെ തലസ്ഥാന നഗരിയായ ബ്യൂണസ് ഐറിസില്‍ ജനസാഗരമാണ് സുവര്‍ണ്ണ നേട്ടവുമായി എത്തുന്ന താരങ്ങളെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്നത്. വിശ്രമത്തിന് ശേഷം മെസിപ്പട കിരീടം കാണാന്‍ കാത്തിരിക്കുന്ന ആരാധകലക്ഷങ്ങളെ അഭിവാദ്യം ചെയ്യാനെത്തുമെന്നാണ് ലഭിക്കുന്ന വിവരം.