കോപ്പ അമേരിക്കയിലെ നിലവിലത്തെ ചാമ്പ്യന്മാരായ ചിലിയെ തകര്‍ത്ത് പെറു ഫൈനലില്‍ പ്രവേശിച്ചു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു പെറുവിന്റെ തകര്‍പ്പന്‍ വിജയം. 1975ന് ശേഷം ആദ്യമായാണ് പെറു കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ഫൈനലിലെത്തുന്നത്.
എഡിസണ്‍ ഫ്ലോറിസ്, യോഷിമര്‍ യോടുന്‍, പൗലോ ഗെറേറോ എന്നിവരാണ് പെറുവിനായി വിജയ ഗോളുകള്‍ നേടിയത്. ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു പെറു. 21-ാം മിനിറ്റില്‍ എഡിസണ്‍ ഫ്ലോറിസാണ് ആദ്യം ഗോള്‍ വല കുലുക്കിയത്. പിന്നാലെ 38-ാം മിനിറ്റില്‍ യോഷിമര്‍ യോടുന്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ പൗലോ ഗെറേറോ മൂന്നാം ഗോള്‍ നേടി.
അതിനിടെ ഒരു ഗോള്‍ മടക്കാന്‍ പെനാല്‍റ്റി കിക്കിലൂടെ ചിലിക്ക് അവസരം ലഭിച്ചെങ്കിലും ഗോള്‍കീപ്പര്‍ പിടികൂടി. മത്സരത്തിലുടനീളം പെറു ഗോള്‍ കീപ്പറുടെ സേവുകളും ടീമിന്റെ രക്ഷയ്ക്കെത്തി. ജയത്തോടെ ബ്രസീല്‍-പെറു തമ്മിലായി ഫൈനല്‍ പോരാട്ടം. എട്ടാം തീയതിയാണ് ബ്രസീല്‍-പെറു ഫൈനല്‍. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മത്സരത്തില്‍ അര്‍ജന്റീനയും ചിലിയും ഏറ്റുമുട്ടും.
Read More: കോപ്പയില്‍ ജയിച്ച് തുടങ്ങി ചിലി; ജപ്പാനെതിരെ നാല് ഗോളിന്റെ വിജയം
ഉറുഗ്വേയെ പരാജയപ്പെടുത്തിയായിരുന്നു പെറു സെമിയിലെത്തിയത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5- 4നാണ് പെറു ഉറുഗ്വേയെ കീഴടക്കിയത്. ഇരുപകുതിയും ഗോള്‍രഹിത സമനിലയായതോടെയാണ് മല്‍സരം പെനാറ്റിയിലേക്കു മാറിയത്. സൂപ്പര്‍ താരം ലൂയിസ് സുവാരസ് എടുത്ത കിക്ക് പെറു ഗോള്‍കീപ്പര്‍ ഗല്ലെസെ സേവ് ചെയ്യുകയായിരുന്നു. പെനാൽറ്റി കിക്ക് പാഴാക്കിയ സുവാരസ്, നിറകണ്ണുകളോടെയാണ് സ്‌റ്റേഡിയം വിട്ടത്.
കോപ്പ അമേരിക്കയിലെ സ്വപ്ന സെമിഫൈനൽ മൽസരത്തിൽ അർജന്‍റീനയെ തകർത്താണ് ബ്രസീല്‍ ഫെനലിലെത്തിയത്. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് കാനറികൾ മെസിയുടെ അർജന്‍റീനയെ കെട്ടുകെട്ടിച്ചത്. ആദ്യപകുതിയുടെ 19-ാം മിനിറ്റിൽ ഗർബിയേൽ ജീസസ്, 71-ാം മിനിറ്റിൽ റോബർട്ടോ ഫിർമിനോ എന്നിവരാണ് ബ്രസീലിനുവേണ്ടി ഗോൾ വലചലിപ്പിച്ചത്. കാൽപന്തുകളിയിലെ ലാറ്റിനമേരിക്കൻ കരുത്തുകൾ മൈതാനത്ത് നേർക്കുനേർ വന്നപ്പോൾ ആരാധകർക്കത് മികച്ച നിമിഷങ്ങളാണ് സമ്മാനിച്ചത്. അർജന്‍റീന മെസിയെ കേന്ദ്രീകരിച്ച് കളിച്ചപ്പോൾ ബ്രസീൽ ടീം ഗെയിമിലൂടെയാണ് വിജയിച്ച് കലാശപോരാട്ടത്തിന് സജ്ജമാകുന്നത്.