ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍ സഞ്ചരിച്ച സ്വകാര്യ വിമാനം അടിയന്തരമായി നിലത്തിറക്കി. സാവൊ പോളോയിലേക്കുള്ള യാത്രാ മധ്യെ ബോവാ വിസ്റ്റയിലാണ് വിമാനം ഇറക്കിയത്. സങ്കേതിക തകരാര്‍ മൂലമാണ് നടപടിയെന്നാണ് ലഭിക്കുന്ന വിവരം. താരത്തിന് പരിക്കുകളൊന്നുമില്ലെന്നും സുരക്ഷിതനാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
2008 ൽ നിർമ്മിച്ചതും നെയ്മർ സ്പോർട് ഇ മാർക്കറ്റിംഗിന്റെ ഉടമസ്ഥതയിലുള്ളതുമായ സെസ്ന 680 സൈറ്റേഷൻ മോഡലിൽ ലാസ് വെഗാസിൽ നിന്ന് മടങ്ങുകയായിരുന്നു നെയ്മര്‍. ബ്രസീലിലേക്ക് പോകുന്ന വഴി വിമാനം ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയ്ലിലും തുടർന്ന് ബാർബഡോസിലും ലാന്‍ഡ് ചെയ്തിരുന്നു.
“നെയ്മറും സഹോദരി റാഫേല്ല സാന്റോസും ബ്രൂണ ബിയാൻകാർഡിയും യാത്ര ചെയ്തിരുന്ന എൻആർ സ്പോർട്സ് വിമാനത്തിന്റെ വിൻഡ്ഷീൽഡ് വൈപ്പറിലെ ചെറിയ തകരാർ കാരണം അടിയന്തരമായി ലാന്‍ഡ് ചെയ്തു. എല്ലാ യാത്രക്കാരും സുരക്ഷിതരായിരിക്കുന്നു,” നെയ്മറിന്റെ ഏജന്‍സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ലാന്‍ഡിങ്ങിന് ശേഷം നെയ്മര്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. “ചെറിയ ഭയമുണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരായിരിക്കുന്നു. എല്ലാവരുടേയും സന്ദേശങ്ങള്‍ക്കും ആശംസകള്‍ക്കും നന്ദി. ഞങ്ങള്‍ വിട്ടിലേക്ക് പോവുകയാണ്,” നെയ്മര്‍ കുറിച്ചു.
Also Read: റിവാല്‍ഡോയുടെ ‘അഭിനയം’ കുത്തിപ്പൊക്കി ഫിഫ; 2002 ലോകകപ്പിലെ വിവാദ നിമിഷം; വീഡിയോ