ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ബാഴ്സലോണയിലേക്ക് മടങ്ങിയെത്തുന്നതായി വാർത്തകൾ. നിലവിൽ ഫ്രഞ്ച് വമ്പന്മാരായ പാരിസ് സെന്റ് ജർമ്മൻ താരമായ നെയ്മർ ക്ലബ്ബ് വിടുന്നതായുള്ള വാർത്തകൾ കഴിഞ്ഞ കുറെ നാളുകളായി സജീവമാണ്. ഇതിന് പിന്നാലെയാണ് കൂടുമാറ്റത്തിൽ ധാരണയായെന്നാണ് ‘സ്‌പോർട്’ മാഗസിൻ റിപ്പോർട്ട് ചെയ്യുന്നത്. പി.എസ്.ജിയിൽ എത്തിയതിനേക്കാളും കുറഞ്ഞ തുകയ്ക്കാകും താരം ന്യൂ ക്യാമ്പിലേക്ക് മടങ്ങിയെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

Also Read: ബ്രസീൽ നായകൻ പിഎസ്‌ജി വിട്ടു

ബാഴ്സയുടെ കോൺട്രാക്ട് ഓഫറുകൾ എല്ലാം അംഗീകരിച്ച നെയ്മർ അടുത്ത അഞ്ച് വർഷം ബാഴ്സലോണയ്ക്ക് വേണ്ടി കളിക്കുമെന്നും സ്പോർട് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ നിലവിൽ പി.എസ്.ജിയിൽ ഒപ്പിട്ടിരിക്കുന്ന തുകയുടെ നേരെ പകുതി മാത്രമേ ബാഴ്സലോണയിൽ താരത്തിന് ലഭിക്കു. 3069520 യൂറോയാണ് പാരിസ് സെന്റ് ജർമ്മനിൽ ബ്രസീലിയൻ താരത്തിന്റെ പ്രതിമാസ വരുമാനം. നിലവിൽ ലയണൽ മെസിയ്ക്ക് ശേഷം ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ഫുട്ബോളറാണ് നെയ്മർ.

പണമല്ല കായികതാരമെന്ന നിലയിൽ തിളങ്ങുകയാണ് വേണ്ടതെന്ന ചിന്തയാണ് താരത്തെ ബാഴ്സയിലേക്ക് തിരിച്ചെത്തിക്കുന്നതെന്ന തരത്തിലും വാർത്തകളുണ്ട്. നിരവധി ഓഫറുകൾ മറ്റ് ക്ലബ്ബുകളിൽ നിന്ന് വന്നെങ്കിലും നെയ്മറിന് താൽപ്പര്യം ബാഴ്സയാണ്. റയൽ മാഡ്രിഡ് ഉൾപ്പടെയുള്ള താരങ്ങൾ നെയ്മറിനായി മുന്നോട്ട് വന്നിരുന്നു എന്ന തരത്തിലും വാർത്തകൾ സജീവമായിരുന്നു. പി.എസ്.ജിയുമായി കരാറിലെത്താൻ ബാഴ്സയ്ക്ക് സാധിക്കാത്ത പക്ഷം മാത്രമേ റയലുമായി ചർച്ച ആരംഭിക്കുവെന്നാണ് സൂചനകൾ.

എന്നാൽ നെയ്മറെക്കാളും കിലിയൻ എംബാപ്പെക്കാണ് റയൽ മാഡ്രിഡ് പ്രാധാന്യം നൽകുന്നത്. റൊണാൾഡോയുടെ വിടവ് നികത്താനൊരു താരം ഇതുവരെ റയലിലെത്തിയിട്ടില്ല. ആ സ്ഥാനത്തേക്ക് നെയ്മറേക്കാളും യോഗ്യൻ എംബാപ്പെയാണെന്ന് റയൽ കരുതുന്നു.

Also Read: ഗോള്‍ കീപ്പര്‍ പന്ത് കൈ കൊണ്ട് തൊട്ടതിന് ഹാന്‍ഡ് ബോള്‍ വേണമെന്ന് സുവാരസ്; പിന്നാലെ ട്രോള്‍ മഴ

വാക്കാൽ കരാറിന് സമ്മതിച്ചെങ്കിലും കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ബാവ്സലോണയും പാരിസ് സെന്റ് ജർമ്മനുമാണ്. ബാഴ്സ മുന്നോട്ട് വക്കുന്ന ചെറിയ തുക പി.എസ്.ജി അംഗികരിക്കുമോയെന്ന് കാത്തിരുന്നു തന്നെ കാണണം. ഇരു ടീമുകളും അത്ര സ്വരചേർച്ചയിൽ അല്ലാത്തതിനാൽ തന്നെ മധ്യസ്ഥ ശ്രമങ്ങളിലൂടെയാകും ചർച്ചകൾ മുമ്പോട്ട് പോവുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook