ഏറെ അഭ്യൂഹങ്ങൾക്ക് അന്ത്യം കുറിച്ചുകൊണ്ട് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് മടങ്ങിവരുന്നു എന്ന തരത്തിലുള്ള വാർത്തകൾ സജീവമായിരുന്നു. 2017ൽ 222 മില്യൺ യുറോ എന്ന റെക്കോർഡ് വിലയ്ക്ക് ഫ്രഞ്ച് വമ്പന്മാരായ പാരിസ് സെന്റ് ജർമ്മനിലേക്ക് കൂടേറിയ നെയ്മർ ഈ സീസണിൽ ബാഴ്സക്കൊപ്പം ചേരുമെന്ന കാര്യം ഏകദേശം ഉറപ്പായതാണ്. എന്നാൽ നെയ്മറിന്റെ മടങ്ങിവരവിൽ ഒട്ടും തൃപ്തനല്ല ലാ ലീഗ പ്രസിഡന്റ് ജാവിയർ തെബാസ്. നെയ്മർ ഒരു മികച്ച താരമാണെന്നും എന്നാൽ ലീഗിന്രെ സ്വഭാവവും മൂല്യവും വേറെയാണെന്നാണ് തെബാസിന്റെ പക്ഷം.
“എന്റെ അഭിപ്രായത്തിൽ നന്നായി പെരുമാറിയാൽ നെയ്മറിന് മികച്ച താരമാകാൻ സാധിക്കും. ഒരു മത്സരമെന്ന രീതിയിൽ നമ്മൾ വളർത്തിയെടുത്ത പെരുമാറ്റ രീതിയും മൂല്യവും പ്രധാനമാണ്. നെയ്മർ മികച്ച താരമാണ്, എന്നാൽ എല്ലാ അർത്ഥത്തിലുമല്ല. അതുകൊണ്ട് തന്നെ നെയ്മർ ലീഗിലേക്ക് മടങ്ങി വരുന്നതിനോട് എനിക്ക് തൽപര്യം ഇല്ല,” ജാവിയൻ തേബാസ് പറഞ്ഞു.
നെയ്മറിനെതിരെ പീഡന പരാതിയുമായി കഴിഞ്ഞ മാസം ഒരു യുവതി രംഗത്തെത്തിയിരുന്നു. പാരീസിലെ ഒരു ഹോട്ടലിൽ വച്ച് ബ്രസീലിയൻ സൂപ്പർ താരം തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. എന്നാൽ ഇത് നിഷേധിച്ച താരം പരസ്പര സമ്മതത്തോടെയാണ് അടുത്ത് ഇടപഴകിയതെന്ന് വ്യക്തമാക്കിയിരുന്നു. പിന്നാലെ യുവതിയുമൊത്തുള്ള സ്വകാര്യ ചിത്രങ്ങൾ താരം പുറത്ത് വിടുകയും ചെയ്തു. ഇതിനെതിരെ വലിയ വിമർശനമാണ് നെയ്മർക്കെതിരെ ഉയർന്നത്.
യുവതി നെയ്മറിനെ ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടതെന്ന് പറയുന്നു. സന്ദേശം അയച്ചതിന് ശേഷം കുറച്ച് നാളുകള്‍ കഴിഞ്ഞ് തന്നെ പാരീസിലെ ഹോട്ടലില്‍ വന്ന് കാണാന്‍ നെയ്മര്‍ ആവശ്യപ്പെട്ടെന്നാണ് യുവതി പറയുന്നത്. മദ്യപിച്ചാണ് നെയ്മര്‍ എത്തിയതെന്നും വന്നയുടനെ ആലിംഗനം ചെയ്തതായും യുവതി പറയുന്നു. പിന്നീട് ബലം പ്രയോഗിച്ച് തന്റെ സമ്മതമില്ലാതെ പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
പിഎസ്ജിയിൽ നിന്ന് ബാഴ്സയിലേക്കുളള കൂടുമാറ്റത്തിൽ നെയ്മർ ധാരണയായെന്ന് ‘സ്പോർട്’ മാഗസിനാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. പിഎസ്ജിയിൽ എത്തിയതിനേക്കാളും കുറഞ്ഞ തുകയ്ക്കാകും താരം ന്യൂ ക്യാമ്പിലേക്ക് മടങ്ങിയെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ബാഴ്സയുടെ കോൺട്രാക്ട് ഓഫറുകൾ എല്ലാം അംഗീകരിച്ച നെയ്മർ അടുത്ത അഞ്ച് വർഷം ബാഴ്സലോണയ്ക്ക് വേണ്ടി കളിക്കുമെന്നും സ്പോർട് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ നിലവിൽ പിഎസ്ജിയിൽ ഒപ്പിട്ടിരിക്കുന്ന തുകയുടെ നേരെ പകുതി മാത്രമേ ബാഴ്സലോണയിൽ താരത്തിന് ലഭിക്കൂ.