കോപ്പ അമേരിക്ക ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് നായകനെ മാറ്റി ബ്രസീൽ ഫുട്ബോൾ ടീം. നായകനായിരുന്ന സൂപ്പർ നെയ്മറെ നായക സ്ഥാനത്ത് നിന്ന് മാറ്റി നിർത്താനാണ് തീരുമാനം. പകരം ഡാനി ആൽവസ് ആയിരിക്കും കോപ്പ അമേരിക്കയിൽ ടീമിനെ നയിക്കുക. ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

“ഡാനി ആൽവസ് ആയിരിക്കും വരുന്ന മത്സരങ്ങളിൽ ബ്രസീൽ ടീമിനെ നയിക്കുക. ഖത്തറിനും ഹോണ്ടുറാസിനും എതിരായ സൗഹൃദ മത്സരങ്ങളിലും കോപ്പ അമേരിക്കയിലും ബ്രസീൽ നായകൻ ഡാനി ആൽവസ് ആയിരിക്കും.” ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ പ്രസ്താവനയിലൂടെ അറിയിച്ചു.

Also Read: ക്രിക്കറ്റ് ലോകകപ്പിനൊപ്പം എത്തുന്നു ഫിഫ ലോകകപ്പും; കായിക പ്രേമികൾക്ക് ഇരട്ടി ആവേശം

പാരിസ് സെന്റ് ജർമ്മൻ താരമായ നെയ്മർ അതേ ക്ലബ്ബിൽ തന്നെയുള്ള ഡാനി ആൽവസിനാണ് വഴിമാറി കൊടുക്കുന്നത്. ബ്രസീലിനായി 138 മത്സരങ്ങളിൽ കളിച്ച ഡാനി ആൽവസ് പ്രതിരോധ നിരയിൽ ബ്രസീലിന്റെ വിശ്വസ്തനാണ്. 36കാരനായ ഡാനി ആൽവസ് ഇതിന് മുമ്പും ടീമിന്റെ നായക സ്ഥാനത്ത് എത്തിയിട്ടുണ്ട്. അവസാനമായി 2018ൽ നടന്ന മത്സരത്തിൽ ഡാനി ആൽവസിന്റെ നേതൃത്വത്തിലിറങ്ങിയ ബ്രസീൽ ടീം എതിരില്ലാത്ത ഒരു ഗോളിന് ജർമ്മനിയെ പരാജയപ്പെടുത്തിയിരുന്നു.

Also Read: ICC World Cup Time Table 2019: ‘തമ്മിൽ തമ്മിൽ പത്ത് ടീമുകൾ’; ലോകകപ്പ് മത്സരക്രമം

നായകന്മാരെ മാറ്റി പരീക്ഷിക്കുന്നത് ടീമിന്റെ സ്വഭാവമാണെങ്കിലും 2018 ലോകകപ്പിന് ശേഷം ടീമിന്റെ സ്ഥിരം നായകനായി നെയ്മറെ ടിറ്റെ നിയമിച്ചിരുന്നു. ലോകകപ്പിൽ ബെൽജിയത്തോടെ ക്വർട്ടറിൽ തോറ്റാണ് ബ്രസീൽ പുറത്തായത്. ഫ്രഞ്ച് ലീഗിനിടയിൽ അച്ചടക്ക നടപടി നേരിട്ട നെയ്മറിന് ഫൈനൽ ഉൾപ്പടെ മൂന്ന് മത്സരങ്ങളും നഷ്ടമായിരുന്നു.

ജൂൺ 14നാണ് ദക്ഷിണ അമേരിക്കൻ വമ്പന്മാർ അണിനിരക്കുന്ന കോപ്പ അമേരിക്ക മത്സരങ്ങൾ ആരംഭിക്കുന്നത്. ബ്രസീൽ തന്നെയാണ് ഇത്തവണത്തെ കോപ്പ അമേരിക്ക മത്സരങ്ങൾക്ക് വേദിയാകുന്നതും. അർജന്റീന, ബോളിവിയ, വെനിസ്വേല, പെറു, ബ്രസീൽ, കോളംബിയ, പരാഗ്വെ, ഖത്തർ എന്നീ എട്ട് ടീമുകളാണ് കോപ്പ അമേരിക്കയിൽ ഏറ്റുമുട്ടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook