മാഡ്രിഡ്: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് യൂറന് ക്ലോപ്പിന്റെ ചെമ്പട യൂറോപ്പിന്റെ അധിപന്മാരായിരിക്കുകയാണ്. ഇംഗ്ലണ്ടുകാരായ ടോട്ടനം ഹോട്ട്സ്പറിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് കിരീടമുയര്‍ത്തിയത്. ചെമ്പടയുടെ സൂപ്പര്‍ താരം മുഹമ്മദ് സലായ്ക്ക് ഇത് മധുരപ്രതികാരമാണ്.
കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ ദുരന്തം ലിവര്‍പൂള്‍ ആരാധകരാരും മറന്നുകാണില്ലെന്നുറപ്പാണ്. കളി തുടങ്ങി അല്‍പ്പ നേരം മാത്രമായിരുന്നു സലായ്ക്ക് കളിക്കാനായത്. മാഡ്രിഡിന്റെ പ്രതിരോധ താരം സെര്‍ജിയോ റാമോസിന്റെ ഫൗളില്‍ വീണ സലാ നിലത്തു കിടന്ന് കരയുന്ന കാഴ്ച്ച ഇന്നും മായാതെ എല്ലാ ലിവര്‍പൂള്‍ ആരാധകരുടേയും ഉള്ളിലുണ്ടാകും. അന്ന് സലായില്ലാതെ കളി തുടര്‍ന്ന ലിവര്‍പൂള്‍ പൊരുതാന്‍ മറന്നവരായിരുന്നു.3-1 നായിരുന്നു ലിവര്‍പൂളിന്റെ പരാജയം.
Congratulations @MoSalah… with all #Egyptians behind you… You will never walk alone. #ChampionsLeague2019 #UCLFinal #محمد_صلاح #Egypt pic.twitter.com/Y3ft4Ti0L1
— Rania A. Al Mashat (@RaniaAlMashat) June 1, 2019
എന്നാല്‍ ഇന്ന് കളി തുടങ്ങി രണ്ടാം മിനുറ്റില്‍ തന്നെ സലാ കഴിഞ്ഞ ഫൈനലിന്റെ കടം തീര്‍ത്തു. പെനാല്‍റ്റി ഗോളാക്കി ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. പിന്നീടൊരിക്കലും ടോട്ടനം കളിയിലേക്ക് തിരികെ വന്നതില്ല. 90 മിനുറ്റ് തികച്ച് കളിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് മത്സരശേഷം സലാ പറഞ്ഞത്. കളിയുടെ ഗതിയും വിധിയും ഒരുപോലെ ലിവര്‍പൂളിന് അനകൂലമാക്കിയതായിരുന്നു സലായുടെ പെനാല്‍റ്റി. ഇതോടെ ചാമ്പ്യന്‍സ് ലീഗ് ഫൈനില്‍ ഗോള്‍ നേടുന്ന ആദ്യ ഈജിപ്ത്യന്‍ താരവും അഞ്ചാമത്തെ ആഫ്രിക്കന്‍ താരവുമായി സലാ മാറി.
A moment we'll never forget.#SixTimespic.twitter.com/7L5Xv1qstW
— Liverpool FC (@LFC) June 1, 2019
ടോട്ടനം ഹോട്ട്സപറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ലിവർപൂൾ തങ്ങളുടെ ആറാം ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടത്.
മത്സരത്തിന്റെ തുടക്കത്തിൽതന്നെ ഏറെ നാടകീയത നിറഞ്ഞ നിമിഷങ്ങളായിരുന്നു.
രണ്ടാം മിനിറ്റിൽ സാദിയോ മാനേയെടുത്ത കിക്ക് ടോട്ടനത്തിന്റെ സിസോക്കോയുടെ കൈയിൽ തട്ടി. ഇതോടെ റഫറി പെനാൽറ്റി വിധിച്ചു. വാറിലും വിധി ലിവർപൂളിന് അനുകൂലമായിരുന്നു. പെനാൽറ്റിയെടുക്കാൻ എത്തിയ മുഹമ്മദ് സലയ്ക്ക് ലക്ഷ്യം പിഴച്ചില്ല. ഇതോടെ രണ്ടാം മിനിറ്റിൽ തന്നെ ലിവർപൂളിന്റെ ആദ്യ ഗോൾ വീണു.
തുടക്കത്തിൽ അപ്രതീക്ഷിതമായി ലഭിച്ച അടിയെ തുടർന്ന് ഉണർന്ന് കളിച്ച ടോട്ടനം, നിരവധി തവണയാണ് ലിവർപൂൾ ഗോൾ മുഖത്തേക്ക് ഇരച്ച് കയറിയത്. എന്നാൽ ഗോൾ പോസ്റ്റിന് കീഴിലെ അലിസണിന്റെ മിന്നും പ്രകടനം ലിവർപൂളിനെ വിജയതീരത്തെത്തിക്കുകയായിരുന്നു.
എഴുപത്തൊമ്പതാം മിനുട്ടില്‍ ലുക്കാസ് മൌറയും സോണും മാറി മാറി ഗോള്‍ മുഖത്തേക്ക് നിറയൊഴിച്ചെങ്കിലും അലിസണെ മറികടന്ന് ലക്ഷ്യം കാണാൻ ടോട്ടനത്തിനായില്ല. മത്സരത്തിന്റെ അവസാന നിമിഷമായിരുന്നു ലിവർപൂളിന്റെ രണ്ടാം ഗോൾ പിറന്നത്. ഡിവോക്ക് ഒറിഗിയാണ് ടോട്ടനത്തിന്റെ പോസ്റ്റിലേക്ക് 87-ാം മിനിറ്റിൽ നിറയൊഴിച്ചത്.