ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പ് ചര്‍ച്ചകളില്‍ പോയ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ നിറഞ്ഞ നിന്ന് അര്‍ജന്റീനയുടെ നായകന് ലയണല്‍ മെസിയായിരുന്നു. നെതര്‍ലന്‍ഡ്സിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിലെ താരത്തിന്റെ പ്രതികരണങ്ങളും ആഘോഷങ്ങളുമായിരുന്നു കാരണം.
റഫറിമാരുമായി തര്‍ക്കം, വാക്കേറ്റം, കയ്യാങ്കളി, നെതര്‍ലന്‍ഡ്സിന്റെ ഡഗൗട്ടില്‍ നോക്കിയുള്ള ആഘോഷം, പരിശീലകന് വാന്‍ ഗാളുമായുള്ള ഏറ്റുമുട്ടല്‍ തുടങ്ങി കളത്തില്‍ മെസി നിറയുകയായിരുന്നു. അവസാനം മത്സരശേഷം തന്നെ തുറിച്ചു നോക്കി നെതര്‍ലന്‍ഡ്സ് താരത്തിനും കിട്ടി മെസിയുടെ ചുട്ടമറുപടി. സ്പാനിഷിലായിരുന്നു താരത്തിന്റെ വാക്കുകള്‍.
‘എന്ത് നോക്കി നില്‍ക്കുകയാണെടാ വിഡ്ഢി, പോ’ എന്നായിരുന്ന മെസി പറഞ്ഞത്. വൈറലായ ഡയലോഗ് പ്രിന്റ് ചെയ്ത് ടീ ഷര്‍ട്ടുകള്‍ വരെ വിപണിയിലിറങ്ങി.
നെതർലൻഡ്സിന്റെ സ്ട്രൈക്കർ വൗട്ട് വെഗോർസ്റ്റായിരുന്നു മെസിയുടെ നാക്കിന് ഇരയായത്. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് വൗട്ട്.
“എനിക്ക് അദ്ദേഹത്തിന് ഹസ്തദാനം നല്‍കണമായിരുന്നു. ഒരു ഫുട്ബോള്‍ താരമെന്ന നിലയില്‍ എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ട്. പക്ഷെ ഹസ്തദാനത്തിന് മെസി തയാറായില്ല. എന്നോട് സംസാരിക്കാന്‍ പോലും താത്പര്യം കാണിച്ചില്ല. എനിക്ക് സ്പാനിഷ് അത്ര നന്നായി അറിയില്ല. പക്ഷെ അദ്ദേഹം മോശം വാക്കുകളാണ് ഉപയോഗിച്ചതെന്ന് ഞാന്‍ അറിഞ്ഞു. അത് എന്നെ തീര്‍ത്തും നിരാശനാക്കുകയാണ്,” വൗട്ട് ഒരു ഡച്ച് മാധ്യമത്തിന് നല്കിയ പ്രതികരണത്തില്‍ പറയുന്നു.