നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്തിനായി മൈതാനത്ത് നിറഞ്ഞാടി സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. സൗഹൃദ മത്സരത്തില്‍ പനാമയ്ക്കെതിരെയായിരുന്നു മെസിയുടെ മിന്നും പ്രകടനം. യൂറോ കപ്പ് യോഗ്യത റൗണ്ടില്‍ ലിഷ്സ്റ്റെന്‍സ്റ്റൈനെതിരെയാണ് ഇരട്ട ഗോളുകളുമായി റൊണാള്‍ഡോ തിളങ്ങിയത്.
യൂറൊ കപ്പ് യോഗ്യത റൗണ്ടില്‍ ലിഷ്സ്റ്റെന്‍സ്റ്റൈനെ എതിരില്ലാത്ത നാല് ഗോളിനാണ് പോര്‍ച്ചുഗല്‍ തകര്‍ത്തത്. റൊണാള്‍ഡോയ്ക്ക് പുറമെ ബെര്‍ണാദൊ സില്‍, ജാവൊ കാന്‍സലൊ എന്നിവരാണ് സ്കോര്‍ ചെയ്തത്. ലോകകപ്പ് തോല്‍വിക്ക് ശേഷം ഏറെ വിവാദങ്ങളില്‍ അകപ്പെട്ട റൊണാള്‍ഡോ തന്റെ തിരിച്ചു വരവ് ഗംഭീരമാക്കുന്നതായിരുന്നു കഴിഞ്ഞ രാവില്‍ കണ്ടത്.
പുതിയ പരിശീലകന്‍ റോബര്‍ട്ടൊ മാര്‍ട്ടിനസിന് കീഴിലിറങ്ങിയ ടീമിനെ എട്ടാം മിനിറ്റില്‍ കാന്‍സലൊയാണ് മുന്നിലെത്തിച്ചത്. രണ്ടാം പകുതിയുടെ ആദ്യ നിമിഷം തന്നെ സില്‍വയും സ്കോര്‍ ചെയ്തു. 51-ാം മിനിറ്റില്‍ പെനാലിറ്റിയിലൂടെയാണ് റൊണാള്‍ഡോ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. മത്സരത്തിന്റെ 63-ാം മിനിറ്റിലാണ് കാണികളെ ത്രസിപ്പിച്ച നിമിഷമുണ്ടായത്.
63-ാം മിനിറ്റില്‍ ബോക്സിന് പുറത്ത് വച്ചാണ് റൊണാള്‍ഡോയ്ക്ക് ഫ്രീ കിക്കിന് അവസരമൊരുങ്ങിയത്. റൊണാള്‍ഡോ തൊടുത്ത ബുള്ളറ്റ് ഷോട്ട് എതിര്‍ ടീം ഗോളിക്ക് തടയാവുന്നതിലും വേഗത്തിലായിരുന്നു. ഇതോടെ രാജ്യാന്തര ഫുട്ബോളില്‍ 120 ഗോള്‍ തികയ്ക്കാനും താരത്തിനായി. ഏറ്റവുമധികം രാജ്യാന്തര മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോര്‍ഡും പോര്‍ച്ചുഗല്‍ നായകന്റെ പേരിലാണ്.
പനാമയ്ക്കെതിരായ മത്സരത്തില്‍ 89-ാം മിനിറ്റിലാണ് മെസിയുടെ ഇടം കാല്‍ മായാജാലം കാണിച്ചത്. ഫ്രീ കിക്ക് ലക്ഷ്യത്തിലെത്തിച്ച് കരിയറിലെ 800-ാം ഗോള്‍ കണ്ടെത്താനും മെസിക്കായി. 99-ാം രാജ്യാന്തര ഗോളായിരുന്നു താരം നേടിയത്. മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് പനാമയെ അര്‍ജന്റീന കീഴടക്കിയത്. തിയാഗൊ ആല്‍മാഡയായിരുന്നു മറ്റൊരു സ്കോറര്‍.