FIFA World Cup 2022: ഫിഫ ലോകകപ്പ് ഫൈനല്‍ കേവലം ഫ്രാന്‍സ് – അര്‍ജന്റീന പോരാട്ടം മാത്രമായിരുന്നില്ല. ഫുട്ബോള്‍ ചരിത്രം കണ്ട ഏറ്റവും മികച്ച താരമായ ലയണല്‍ മെസിയും ഇന്നിന്റെ താരമായ കിലിയന്‍ എംബാപെയും തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടിയായിരുന്നു.
ഫൈനലിന്റെ വീറും വാശിയും ഇരുതാരങ്ങളുടേയും മുഖത്തുണ്ടായിരുന്നു. ഗോള്‍ നേട്ടങ്ങള്‍ക്ക് ശേഷം പരസ്പരം നോക്കി കൈകള്‍ ചുരുട്ടി ആഘോഷിക്കുന്ന മെസിയുടേയും എംബാപെയുടേയും വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
മത്സരത്തില്‍ മെസിയുടേയും ഡി മരിയയുടേയും ഗോളുകളില്‍ മൂന്ന് തവണയാണ് അര്‍ജന്റീന മുന്നിലെത്തിയത്. എന്നാല്‍ പിന്നില്‍ നിന്ന് പൊരുതിക്കയറി ഹാട്രിക്കുമായി ഫ്രാന്‍സിനെ എംബാപെ ഒപ്പമെത്തിക്കുകയായിരുന്നു.
എന്നാല്‍ അവസാനത്തെ ചിരി കാലം കാത്തുവച്ചത് മെസിക്കായിരുന്നു.
പെനാലിറ്റി ഷൂട്ടൗട്ടില്‍ 4-2 എന്ന സ്കോറില്‍ അര്ജനറീനയ്ക്ക് ലോകകിരീടം.
മെസി തന്റെ കരിയറിലെ ആദ്യ ലോകകപ്പ് സ്വന്തമാക്കിയപ്പോള്‍ അര്‍ജന്റീനയ്ക്ക് ലഭിച്ചത് മൂന്നാം കിരീടം. ലോകകപ്പിന്റെ താരവും മെസി തന്നെ. രണ്ട് ലോകകപ്പുകളില്‍ ടൂര്‍ണമന്റിലെ താരമാകുന്ന ആദ്യ കളിക്കാരനായി മെസി.
ഫൈനലിലെ ഹാട്രിക്ക് ഹീറോയിസം എംബാപെയ്ക്ക് ഗോള്‍ഡന്‍ ബൂട്ട് നേടിക്കൊടുത്തു. എട്ട് ഗോളുകളാണ് താരം ടൂര്‍ണമെന്റില്‍ നേടിയത്.