FIFA World Cup 2022: 2014-ല്‍ കൈവിട്ട കിരീടം എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ തന്നെ കീഴടക്കി സ്വന്തമാക്കിയിരിക്കുകയാണ് ലയണല്‍ മെസിയും അര്‍ജന്റീനയും. പെനാലിറ്റി ഷൂട്ടൗട്ടില്‍ 4-2 നായിരുന്നു മെസിപ്പടയുടെ വിജയം.
ഡാനിയൽ പാസരെല്ല (1978), ഡിയഗോ മറഡോണ (1986) എന്നിവര്‍ക്ക് ശേഷം ലോകകപ്പ് ഉയര്‍ത്തുന്ന മൂന്നാമത്തെ അര്‍ജന്റീനന്‍ നായകനാകാനും മെസിക്കായി. മറഡോണയ്ക്കൊപ്പമെത്താന് ഫുട്ബോള്‍ ലോകം മെസിയെ അനുവദിക്കതിരുന്നത് സ്വര്‍ണകിരീടത്തിന്റെ അഭാവം കൊണ്ടായിരുന്നു.
ഒടുവില്‍ 36 വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീന ലോകകപ്പ് നേടിയപ്പോള്‍ മെസിക്കൊപ്പം ഉയര്‍ന്ന പേര് മറഡോണയുടേത് തന്നെയായിരുന്നു. ആകാശ നീലിമയില്‍ മറഡോണ മെസിക്ക് അനുഗ്രഹം ചൊരിയുന്ന തരത്തിലുള്ള ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു.
2006-ലെ തന്റെ ആദ്യ ലോകകപ്പ് മത്സരത്തില്‍ മെസി കളത്തിലെത്തിയപ്പോള്‍ ഗ്യാലറിയില്‍ ഇരുന്ന് ആര്‍ത്ത് വിളിക്കുന്ന മറഡോണയുടെ വീഡിയോയാണ് ഫുട്ബോള്‍ ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.
ഹംഗറിക്കെതിരായ മത്സരത്തില്‍ പകരക്കാരനായാണ് മെസി എത്തിയത്. എന്നാല്‍ ആഘോഷങ്ങള്‍ക്ക് പെട്ടെന്ന് തന്നെ അവസാനമാവുകയും ചെയ്തു. ഹംഗറി താരം വില്മോസിനെ ഫൗള്‍ ചെയ്തതിന് ചുവപ്പുകാര്‍ഡ് കണ്ട് മെസിക്ക് മടങ്ങേണ്ടി വന്നു.
ഖത്തറില്‍ മറഡോണയുടെ പല റെക്കോര്‍ഡുകളും തിരുത്തിയാണ് കിരീടവുമായി മെസി മടങ്ങുന്നത്. ലോകകപ്പില്‍ അര്‍ജന്റീനയ്ക്കായി ഏറ്റവും അധികം ഗോള്‍ നേടുന്ന താരമായി മാറി. അടിച്ചും അടിപ്പിച്ചും ലോകകപ്പില്‍ അര്‍ജന്റീനയുടെ 21 ഗോളുകളുടെ ഭാഗമാകാനും മെസിക്കായി.