ആരാധക ആവേശം പലപ്പോഴും വലിയ അപകടങ്ങളിലേക്ക് നയിക്കാറുണ്ട്, അത് വിവിധ കായിക വേദികളില്‍ ലോകം സാക്ഷ്യം വഹിച്ച ഒന്നാണ്. കഴിഞ്ഞ ദിവസം ഇഎഫ്എല്‍ കപ്പില്‍ നോട്ടിങ്ഹാം ഫോറസ്റ്റ് – മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരത്തിനിടയിലും അത്തരമൊന്ന് സംഭവിച്ചു.
89-ാം മിനുറ്റില്‍ യുണൈറ്റഡ് താരം ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഗോളിന് പിന്നാലെയായിരുന്നു ഇത്. ഗോള്‍ ആഘോഷിക്കാന്‍ യുണൈറ്റഡ് താരങ്ങള്‍ ഓടിയെത്തിയ നോട്ടിങ്ഹാം ആരാധകരുടെ മുന്നിലേക്കായിരുന്നു. താരങ്ങള്‍ അടുത്തെത്തിയ ആവേശം ആരാധകര്‍ മറച്ചു വച്ചില്ല. ആരാധകര്‍ മുന്നോട്ട് ആഞ്ഞതോടെ പരസ്യബോര്‍ഡുകള്‍ മറിഞ്ഞ് വീണു.
പരസ്യബോര്‍ഡുകള്‍ മറിഞ്ഞതിന് പിന്നാലെ ഓരോരുത്തരുടെ പുറകിലായി എത്തി വലിഞ്ഞു നിന്ന ആരാധകരും മുന്നോട്ട് വീണു. പെട്ടെന്ന് തന്നെ യുണൈറ്റഡിന്റെ കളിക്കാര്‍ സാവധാനം പിന്‍വലിഞ്ഞു. പിന്നീട് പൊലീസ് എത്തിയാണ് വീണവരെ സഹായിച്ചത്.
സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റതായി വിവരമില്ല. മിനുറ്റുകള്‍ക്കുള്ളില്‍ തന്നെ ആരാധകര്‍ ഇരിപ്പിടങ്ങളില്‍ തിരിച്ചെത്തുകയും ചെയ്തു. മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് നോട്ടിങ്ഹാം ഫോറസ്റ്റിനെ യുണൈറ്റഡ് കീഴടക്കി. ബ്രൂണോയ്ക്ക് പുറമെ മാര്‍ക്കസ് റാഷ്ഫോര്‍ഡ്, വൗട്ട് വഗോസ്റ്റ് എന്നിവരാണ് ഗോള്‍ നേടിയത്.