റിയോ ഡി ജനീറോ: ചിലെയെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് ഉറുഗ്വായ് ഗ്രൂപ്പ് ടോപ്പര്‍മാരായ കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടറിലേക്ക് കടന്നത്. ചിലെയ്‌ക്കെതിരെ തുടരെ തുടരെയുള്ള ആക്രമണങ്ങളിലൂടെ ഉറുഗ്വായ് പാഞ്ഞടുക്കുകയായിരുന്നു. ഉറുഗ്വായ് സൂപ്പര്‍ താരം ലൂയിസ് സുവാരസ് ആദ്യ പകുതിയില്‍ പലവട്ടം ചിലെയെ പ്രതിരോധത്തിന് വെല്ലുവിളിയുയര്‍ത്തി. ഇതിനിടെ താരത്തിന് ഒരു സുവര്‍ണാവസരം ലഭിച്ചെങ്കിലും അത് മുതലെടുക്കാനായില്ല. മാത്രവുമല്ല ആ നിമിഷം പറ്റിപ്പോയൊരു അമളിയുടെ പേരില്‍ താരമിപ്പോള്‍ ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ്.
സുവാരസിന്റെ മുന്നേറ്റത്തെ ചിലെ ഗോള്‍ കീപ്പര്‍ ഗബ്രിയേല്‍ അരിയസ് തട്ടിയകറ്റുകയായിരുന്നു. ബോക്‌സിനുള്ളില്‍ വച്ചാണ് അരിയസ് പന്ത് തട്ടിയകറ്റിയത്. ഗോള്‍ കീപ്പര്‍ കൈ കൊണ്ട് പന്ത് തട്ടിയതും സുവാരസ് റഫറിയോട് ഹാന്റ് ബോള്‍ ആംഗ്യം കാണിക്കുകയായിരുന്നു. പെട്ടെന്നു തന്നെ അമളി മനസിലായ സുവാരസ് തലയ്ക്ക് കൈ കൊടുത്ത് തിരിഞ്ഞു നിന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.
ചിലെയെ തകര്‍ത്ത് ഉറുഗ്വായ് ഗ്രൂപ്പ് സിയില്‍ ഒന്നാമതെത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഉറുഗ്വായുടെ വിജയം. കോപ്പ അമേരിക്ക നിലവിലെ ചാമ്പ്യന്മാരാണ് ചിലെ.
സൂപ്പര്‍ താരം എഡിസണ്‍ കവാനിയാണ് വിജയ ഗോള്‍ നേടിയത്. മത്സരത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു ഗോള്‍ പിറന്നത്. 82-ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെയാണ് കവാനി ഉറുഗ്വായ്ക്കായി വല കുലുക്കിയത്. ടൂര്‍ണമെന്റില്‍ ഇത് രണ്ടാം തവണയാണ് കവാനി ഗോള്‍ നേടുന്നത്.
ഈ വിജയത്തോടെ ഉറുഗ്വായുടെ പോയിന്റ് ഏഴ് ആയി. ചിലെയ്ക്ക് ആറ് പോയിന്റാണുള്ളത്. രണ്ട് പോയിന്റുള്ള ജപ്പാന്‍ മൂന്നാം സ്ഥാനത്തും ഒരു പോയിന്റുള്ള ഇക്വഡോര്‍ നാലാമതുമാണ്. അവസാന ഗ്രൂപ്പ് തല മത്സരത്തില്‍ സമനില വഴങ്ങിയതിനാല്‍ ജപ്പാനും ഇക്വഡോറും ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.
രണ്ട് ടീമുകളും ഓരോ ഗോള്‍ വീതം നേടുകയായിരുന്നു. 15-ാം മിനിറ്റില്‍ ഷോയ നക്കാജിമ ജപ്പാനായും 35-ാം മിനിറ്റില്‍ എയ്ഞ്ചല്‍ മെന ഇക്വഡോറിനായും ഗോള്‍ കണ്ടെത്തി. നേരത്തെ തന്നെ ഇരുവരും പുറത്തേക്കുള്ള വഴി കണ്ടെത്തിയിരുന്നതിനാല്‍ മത്സരം അപ്രസക്തമായിരുന്നു. ശനിയാഴ്ച ക്വാര്‍ട്ടറില്‍ ഉറുഗ്വായ് പെറുവിനെ നേരിടും. കൊളംബിയയാണ് ചിലെയുടെ എതിരാളികള്‍.