വെംബ്ലി: എഫ്എ കപ്പ് കിരീടമുയര്‍ത്തി ലിവര്‍പൂള്‍. വെംബ്ലിയില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ കരുത്തരായ ചെല്‍സിയെ പെനാലിറ്റി ഷൂട്ടൗട്ടിലാണ് (6-5) പരാജയപ്പെടുത്തിയത്. നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് എഫ്എകപ്പില് ലിവര്‍പൂള്‍ മുത്തമിടുന്നത്. ചെമ്പടയുടെ ഷെല്‍ഫിലെത്തുന്ന എട്ടാം എഫ്എ കപ്പാണിത്.
മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുക എന്ന ലക്ഷ്യമായിരുന്നു ലിവര്‍പൂളിന്. ആദ്യ 20 മിനിറ്റുകളില്‍ ലിവര്‍പൂളിന്റെ സമ്പൂര്‍ണ അധിപത്യമായിരുന്നു. മികച്ച മുന്നേറ്റങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ മാത്രം വീണില്ല. ചെല്‍സിയുടെ പ്രതിരോധക്കോട്ട തകര്‍ക്കാന്‍ മുഹമ്മദ് സലയ്ക്കും കൂട്ടര്‍ക്കുമായില്ല.
രണ്ടാം പകുതിയില്‍ മറിച്ചായിരുന്നു കാര്യങ്ങള്‍. ചെല്‍സി ആക്രമണ ഫുട്ബോള്‍ സ്വീകരിച്ചു. പലപ്പോഴും ലിവര്‍പൂളിന്റെ പേരുകേട്ട പ്രതിരോധം വിറച്ചു എന്ന് തന്നെ പറയാം. ഗോളി ആലസണ് ബെക്കറിന്റെ മികവാണ് ലിവര്‍പൂളിനെ ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷിച്ചത്. നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍ മാത്രം പിറന്നില്ല.
പെനാലിറ്റി ഷൂട്ടൗട്ടില്‍ ആദ്യത്തെ അഞ്ച് കിക്കുകള്‍ പൂര്‍ത്തിയായപ്പോഴും 4-4 എന്ന നിലയില്‍ ഒപ്പത്തിനൊപ്പമായിരുന്നു. പിന്നീട് സഡണ്‍ ഡെത്തിലേക്ക് കടന്നു. ഇരുടീമുകളും ആദ്യ കിക്ക് വലയിലെത്തിച്ചു. ചെല്‍സിക്കായി രണ്ടാം കിക്കെടുത്ത മാസന് മൗണ്ടിന് പിഴച്ചു. ഗോള്‍ വലയിലെത്തിച്ച് കോണ്‍സ്റ്റാന്റിനോസ് ലിവര്‍പൂളിന് കിരീടം സമ്മാനിച്ചു.
Also Read: മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രു സൈമണ്ട്സ് കാറപകടത്തില്‍ മരിച്ചു