ടോട്ടനത്തെ മലര്‍ത്തിയടിച്ച് ചാമ്പ്യൻസ് ലീഗ് ജേതാക്കളായി ലിവർപൂൾ. ടോട്ടനം ഹോട്ട്സപറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ലിവർപൂൾ തങ്ങളുടെ ആറാം ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടത്.
മത്സരത്തിന്റെ തുടക്കത്തിൽതന്നെ ഏറെ നാടകീയത നിറഞ്ഞ നിമിഷങ്ങളായിരുന്നു.
രണ്ടാം മിനിറ്റിൽ സാദിയോ മാനേയെടുത്ത കിക്ക് ടോട്ടനത്തിന്റെ സിസോക്കോയുടെ കൈയിൽ തട്ടി. ഇതോടെ റഫറി പെനാൽറ്റി വിധിച്ചു. വാറിലും വിധി ലിവർപൂളിന് അനുകൂലമായിരുന്നു. പെനാൽറ്റിയെടുക്കാൻ എത്തിയ മുഹമ്മദ് സലയ്ക്ക് ലക്ഷ്യം പിഴച്ചില്ല. ഇതോടെ രണ്ടാം മിനിറ്റിൽ തന്നെ ലിവർപൂളിന്റെ ആദ്യ ഗോൾ വീണു.
തുടക്കത്തിൽ അപ്രതീക്ഷിതമായി ലഭിച്ച അടിയെ തുടർന്ന് ഉണർന്ന് കളിച്ച ടോട്ടനം, നിരവധി തവണയാണ് ലിവർപൂൾ ഗോൾ മുഖത്തേക്ക് ഇരച്ച് കയറിയത്. എന്നാൽ ഗോൾ പോസ്റ്റിന് കീഴിലെ അലിസണിന്റെ മിന്നും പ്രകടനം ലിവർപൂളിനെ വിജയതീരത്തെത്തിക്കുകയായിരുന്നു.
എഴുപത്തൊമ്പതാം മിനുട്ടില്‍ ലുക്കാസ് മൌറയും സോണും മാറി മാറി ഗോള്‍ മുഖത്തേക്ക് നിറയൊഴിച്ചെങ്കിലും അലിസണെ മറികടന്ന് ലക്ഷ്യം കാണാൻ ടോട്ടനത്തിനായില്ല. മത്സരത്തിന്റെ അവസാന നിമിഷമായിരുന്നു ലിവർപൂളിന്റെ രണ്ടാം ഗോൾ പിറന്നത്. ഡിവോക്ക് ഒറിഗിയാണ് ടോട്ടനത്തിന്റെ പോസ്റ്റിലേക്ക് 87-ാം മിനിറ്റിൽ നിറയൊഴിച്ചത്.