സ്പാനിഷ് ക്ലബ്ബായ എഫ് സി ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ലയണല്‍ മെസി ടീമിലേക്ക് മടങ്ങിയെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന പ്രതികരണവുമായി എത്തിയിരിക്കുകയാണ് ക്ലബ്ബ് പ്രസിഡന്റ് കൂടിയായ ജോന്‍ ലപോര്‍ട്ട.
കഴിഞ്ഞ വര്‍ഷമാണ് പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന ബന്ധം അവസാനിപ്പിച്ച് മെസി ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജര്‍മനിലേക്ക് ചേക്കേറിയത്.
ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ ക്യാംപ് നൗവില്‍ കളിക്കുന്നതിന്റെ സന്തോഷം പൂര്‍ണമായി ഉപേക്ഷിക്കാന്‍ തയാറല്ലെന്ന് മെസി കഴിഞ്ഞ മേയില്‍ പറഞ്ഞിരുന്നു. താരത്തെ ടീമിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ പരിശീലകനും മുന്‍താരവുമായ സാവിയും നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബാഴ്സലോണയ്ക്കായി 778 കളികളില്‍ നിന്ന് 672 ഗോളുകളാണ് മെസി നേടിയിട്ടുള്ളത്. ക്ലബ്ബിനൊപ്പം 35 കിരീടങ്ങളും നേടി. 17 വര്‍ഷത്തെ കരിയറിനിടയില്‍ ആറ് ബാലണ്‍ ദി ഓര്‍ പുരസ്കാരങ്ങളും അര്‍ജന്റീനന്‍ താരത്തെ തേടിയെത്തി.
മെസിയും ബാഴ്സലോണയുമായുള്ള ബന്ധം അവസാനിച്ചിട്ടില്ലെന്നായിരുന്നു ലപോര്‍ട്ടയുടെ വാക്കുകള്‍. ക്യാംപ് നൗവില്‍ മെസിക്ക് മനോഹരമായ അവസാനം ഉണ്ടാകാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെസി ക്ലബ്ബിന്റെ എല്ലാമായിരുന്നെന്നും ലപോര്‍ട്ട പറഞ്ഞു.
“ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച താരമാണ് അദ്ദേഹം. ഒരു ദിവസം അത് സംഭവിക്കേണ്ടതായി വന്നു. മെസിയുമായി സംഭവിച്ചത് തിരുത്തേണ്ട സമയം കണ്ടെത്തേണ്ടിയിരിക്കുന്നു. ബാഴ്സയുടെ പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ ചെയ്യേണ്ടത് ചെയ്തു. അതേസമയം തന്നെ ഞാന്‍ അദ്ദേഹത്തോട് കടപ്പിട്ടിരിക്കുന്നു,” ലപോര്‍ട്ട വ്യക്തമാക്കി.