മെസിയുടെ കൂടുമാറ്റമാണ് ഫുട്ബോള്‍ ഇപ്പോള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്ന്. ഫ്രഞ്ച് സൂപ്പര്‍ ക്ലബ്ബായ പാരീസ് സെന്റ് ജര്‍മനില്‍ (പി എസ് ജി) താരം സന്തുഷ്ടനല്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതോടെയാണ് പുതിയ നീക്കള്‍ വിവിധ ലീഗുകളില്‍ നടക്കുന്നത്.
അമേരിക്കയില്‍ മേജര്‍ ലീഗ് സോക്കറിലേക്ക് (എംഎല്‍എസ്) മെസിയെ എത്തിക്കാനാണ് ലീഗ് അധികൃതരുടെ ശ്രമങ്ങള്‍. ഇതിനായി പ്രത്യേക സംവിധാനം ഒരുക്കാനുള്ള തയാറെടുപ്പിലാണ് എംഎല്‍എസ്. ലീഗിലെ 29 ടീമുകളും ചേര്‍ന്ന് പണം മുടക്കുന്നതുമായി ബന്ധപ്പെട്ടാണ് നിലവിലെ ചര്‍ച്ചകള്‍.
മെസി എംഎല്‍എസിലെത്തിയാല്‍ 2026 ലോകകപ്പിന് മുന്‍ കളിയുടെ സ്വീകാര്യത വര്‍ധിക്കുമെന്നാണ് ലീഗ് ചീഫ് അഭിപ്രായപ്പെടുന്നത്. ലോകകപ്പ് അമേരിക്ക, കാനാഡ, മെക്സിക്കൊ എന്നീ രാജ്യങ്ങളിലായാണ് നടക്കുന്നത്. സ്പാനിഷ് മാധ്യമമായ സ്പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എല്ലാ ടീമുകളും ഒരുമിച്ച് പണം മുടക്കുമ്പോള്‍ ഏത് ജേഴ്സി അണിയണമെന്നതില്‍ തീരുമാനം മെസിക്ക് വിട്ടുകൊടുക്കും. മെസിയെത്തുമ്പോള്‍ ആഗോള മാര്‍ക്കെറ്റില്‍ എംഎല്‍എസിന്റെ സ്വീകാര്യത വര്‍ധിക്കുമെന്നതിനാല്‍ തന്നെ ടീമുകള്‍ അതിന് തയാറാണ്.
മെസി തന്റെ ആദ്യ ക്ലബ്ബായ ബാഴ്സലോണയിലേക്ക് തിരിച്ചെത്തുമെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ ബാഴ്സലോണയ്ക്ക് വിലങ്ങുതടിയാണ്. ഇന്റര്‍മിലാന്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ തുടങ്ങിയ ടീമുകളും മെസിക്കായി പണം എറിയാന്‍ തയാറാണ്.