ലയണല്‍ മെസി – കിലിയന്‍ എംബാപെ മാജിക്ക് ഒന്നിച്ചപ്പോള്‍ ഫ്രഞ്ച് ലീഗില്‍ ഇന്നലെ പിറന്നത് 30 വര്‍ഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ ഗോള്‍. മൈതാനത്തിന്റെ പാതിയില്‍ മെസി ഉയര്‍ത്തി നല്‍കിയ പാസില്‍ നിന്ന് വെറും എട്ട് സെക്കന്‍ഡിലായിരുന്നു എംബാപെ ഗോള്‍ നേടിയത്.
കിക്കോഫില്‍ നിന്ന് വെറും നാല് പാസുകള്‍ക്കുള്ളില്‍ പി എസ് ജി ലില്ലെയ്ക്കെതിരെ മുന്നിലെത്തി. എംബാപെയുടെ ഗോള്‍ ഫുട്ബോള്‍ ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്. ലില്ലെ ഗോളി ലിയൊ ജാര്‍ഡിമിന്റെ തലയ്ക്ക് മുകളിലൂടെയായിരുന്നു പന്ത് ഉയര്‍ത്തിയായിരുന്നു ഗോള്‍.
ലില്ലെ 7-1 നാണ് പി എസ് ജി പരാജയപ്പെടുത്തിയത്. എംബാപെ ഹാട്രിക്ക് നേടിയപ്പോള്‍ നെയ്മര്‍ ഇരട്ടഗോള്‍ നേടി. അഷ്റഫ് ഹക്കിമി, ലയണല്‍ മെസി എന്നിവര്‍ ഓരോ ഗോളും സ്വന്തമാക്കി. ലീഗിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് 17 ഗോളാണ് ഇതുവരെ പി എസ് ജി അടിച്ചുകൂട്ടിയത്.
മൂന്ന് കളികളിലും വിജയം നേടിയ പി എസ് ജിയാണ് ലീഗില്‍ ഒന്നാമത്. മൂന്ന് കളികളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയുമായി ലെന്‍സും, മാര്‍സെയിലയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ലിയോണാണ് നാലാം സ്ഥാനത്ത്.