മാഡ്രിഡ്: ഫുട്ബോള്‍ ലോകം ആകാംഷയോടെ കാത്തിരുന്ന ട്രാന്‍സ്ഫര്‍ വീണ്ടും നീളുന്നു. ഫ്രാന്‍സിന്റെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഇത്തവണയും റയല്‍ മാഡ്രിഡിലേക്കില്ല. പാരീസ് സെന്റ് ജെര്‍മനില്‍ (പി എസ് ജി) തുടരും. മൂന്ന് വര്‍ഷത്തെ കരാറാണ് താരം ഒപ്പുവയ്ക്കുന്നതെന്നാണ് ബിബിസി സ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ പി എസ് ജി ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ല.
താരത്തെ നിലനിര്‍ത്തുന്നതിനായി പി എസ് ജി വമ്പന്‍ ഓഫര്‍ മുന്നോട്ട് വച്ചതായി കഴിഞ്ഞമാസം റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ പിന്നീട് എംബാപ്പെ റയല്‍ മാഡ്രിഡുമായി സാമ്പത്തിക കരാറിലെത്തിയിരുന്നു. എന്നാല്‍ കാര്‍ളോസ് ആഞ്ചലോട്ടി നയിക്കുന്ന ടീമിനൊപ്പം ഈ സീസണില്‍ എംബാപ്പെയുണ്ടായേക്കില്ല.
2017 ലാണ് മൊണോക്കോയില്‍ നിന്ന് എംബാപ്പെ പി എസ് ജിയിലെത്തുന്നത്. പിന്നീട് അഞ്ച് സീസണുകളില്‍ ലീഗ് കിരീടം പി എസ് ജി ഫ്രഞ്ച് ലീഗ് കിരീടം നേടി. നടപ്പു സീസണിലും എംബാപ്പെ മികച്ച പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. 34 കളികളില്‍ നിന്ന് 25 ഗോളുകളും 17 അസിസ്റ്റുകളും നല്കി. എന്നാല്‍ മെസിയും നെയ്മറും എംബാപ്പയുമുണ്ടായിട്ടും ടീമിന് ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കാനായിട്ടില്ല.
Also Read: മുംബൈക്കായി ജയ് വിളിച്ച് ബാംഗ്ലൂര്‍; ധാരാവി ഘടകം കനിഞ്ഞാല്‍ പ്ലെ ഓഫ്