അടുത്ത മാസം തായിലൻഡിൽ നടക്കാനിരിക്കുന്ന കിങ്സ് കപ്പിനുള്ള ഇന്ത്യൻ ഫുട്ബോൾ സാധ്യത ടീമിനെ പ്രഖ്യാപിച്ചു. 37 അംഗ സാധ്യത ടീമിനെ പുതിയ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് പ്രഖ്യാപിച്ചത്. രണ്ട് മലയാളി താരങ്ങളാണ് ടീമിൽ ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ ഐ ലീഗിൽ ഈസ്റ്റ് ബംഗാളിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവച്ച ജോബി ജസ്റ്റിനും ഇന്ത്യൻ സൂപ്പർ ലീഗിൽ എമേർജിങ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ട സഹൽ അബ്ദുൾ സമദുമാണ് ഇന്ത്യൻ സാധ്യത ടീമിൽ ഇടം പിടിച്ച മലയാളി താരങ്ങൾ.

ജൂൺ അഞ്ച് മുതലാണ് കിങ്സ് കപ്പ് ആരംഭിക്കുന്നത്. മേയ് 20ന് ന്യൂഡൽഹിയിൽ ആരംഭിക്കുന്ന പരിശീലന ക്യാമ്പിന് ശേഷമാകും അന്തിമ ടീമിനെ പ്രഖ്യാപിക്കുക. ജൂൺ അഞ്ചിന് കുറക്കാവോയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഏഷ്യൻ കപ്പിൽ ഇന്ത്യൻ ടീമിന് വേണ്ടി കളിച്ച താരങ്ങൾക്ക് പുറമെ ഐ ലീഗ്, ഐഎസ്എൽ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളെയുമാണ് താൻ പരിശീലന ക്യാമ്പിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് പുതിയ പരിശീലകൻ വ്യക്തമാക്കി. അതേസമയം പ്രമുഖരായ പല താരങ്ങളെയും ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മലയാളി താരം ആഷിഖ് കുരുണിയൻ, ജെജെ, ഹോളിചരൻ നർസാരി എന്നിവരെയാണ് മാറ്റി നിർത്തിയിരിക്കുന്നത്. പരിക്കാണ് താരങ്ങൾക്ക് തിരിച്ചടിയായതെന്നാണ് ലഭിക്കുന്ന സൂചന.

ഗോൾകീപ്പർ: ഗുർപ്രീത് സിങ് സന്ധു, വിശാൽ കെയ്ത്ത്, അമരീന്ദർ സിംങ്, കമൽജിത്ത് സിങ്

മുന്നേറ്റനിര: ബൽവന്ത് സിങ്, സുനിൽ ഛേത്രി, ജോബി‌ ജസ്റ്റിൻ, സുമിത് പാസി, ഫാറൂഖ് ചൗദരി, മൻവീർ സിങ്

പ്രതിരോധനിര: പ്രിതം കൊട്ടാൾ, നിഷു കുമാർ, രാഹുൽ ഭേക്കെ, സന്ദേശ് ജിങ്കൻ, ആദിൽ ഖാൻ, അൻവർ അലി, സുഭാഷിഷ് ബോസ്, നാരായൻ ദാസ്

മധ്യനിര : ഉദാന്ത സിങ്, ജാക്കിചന്ദ് സിംങ്, ബ്രണ്ടൻ ഫെർണാണ്ടസ്, അനിരുദ്ധ് ഥാപ, റയ്നിയർ ഫെർണാണ്ടസ്, ബിക്രംജിത് സിങ്, ദൻപാൽ ഗണേഷ്, പ്രണോയ് ഹാൾഡർ, റൗളിൻ ബോർഗസ്, ജർമ്മൻപ്രീത് സിങ്, വിനീത് റായ്, സഹൽ അബ്ദുൾ സമദ്, അമർജിത് സിങ്, റെഡീം ത്ലാങ്, ലാലിൻസ്വൂല ചാന്ദെ, നന്ദ കുമാർ, മൈക്കൽ സൂസൈരാജ്, കോമൾ തട്ടാൽ.

കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായി ഇഗോർ സ്റ്റിമാച്ചിനെ നിയമിച്ചത്. ആരാധകർ ഏറെ പ്രതീക്ഷവച്ചിരുന്ന ആൽബർട്ട് റോക്കെയെ മറികടന്നാണ് സ്റ്റിമാച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ പിൻ​ഗാമിയായത്. ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ച് നടത്തിയ ആഴത്തിലുള്ള പഠനത്തിന് ശേഷമാണ് പരിശീലക സ്ഥാനത്തേക്ക് ഇഗോർ എത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook