scorecardresearch

ബ്ലാസ്റ്റേഴ്സിന് കരുത്തേകാന്‍ ‘ഗ്രീക്ക് ദൈവമെത്തി’; ആരാണ് അപ്പോസ്‌തൊലോസ് ജിയാനു

കഴിഞ്ഞ രണ്ട് വര്‍ഷമായി ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിട്ടിരുന്ന താരമാണ് ജിയാനു

Kerala Blasters, Apostolos Giannou

കൊച്ചി: മുന്നേറ്റ നിരയ്ക്ക് മൂര്‍ച്ച കൂട്ടാന്‍ വിദേശതാരത്തെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഗ്രീക്ക്/ഓസ്‌ട്രേലിയന്‍ അന്താരാഷ്ട്ര സ്ട്രൈക്കറായ അപ്പോസ്‌തൊലോസ് ജിയാനു ബ്ലാസ്റ്റേഴ്സിനായി അടുത്ത സീസണില്‍ പന്തു തട്ടും. താരവുമായുള്ള കരാര്‍ ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എ ലീഗ് ക്ലബ്ബായ മക്കാര്‍ത്തര്‍ എഫ്‌സിയില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സിലെത്തുന്ന താരം 2023 വരെ മഞ്ഞപ്പടയ്ക്കൊപ്പമുണ്ടാകും.

ഗ്രീസിൽ ജനിച്ച് ജിയോനു, ചെറുപ്പത്തില്‍ തന്നെ ഓസ്‌ട്രേലിയയിലേക്ക് കൂടുമാറ്റം നടത്തി. ഓക്ലെയ് കാനന്‍സിലെ പ്രൊഫഷണല്‍ അരങ്ങേറ്റത്തിന് മുമ്പ് വിക്ടോറിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോര്‍ട്ട്, സൗത്ത് മെല്‍ബണ്‍ എന്നിവയുടെ യൂത്ത് ടീമുകള്‍ക്ക് വേണ്ടി കളിച്ചു.

പതിനാല് വര്‍ഷം മുമ്പ് ഗ്രീക്ക് ഫസ്റ്റ് ഡിവിഷന്‍ ടീമായ അപ്പോലോണ്‍ കലമാരിയസിലേക്കുള്ള ട്രാന്‍സ്ഫറിനെ തുടര്‍ന്ന് വിദേശത്തേക്ക് പോയി. കവാല, പിഎഒകെ, എത്‌നിക്കോസ്, പാനിയോനിയോസ്, ആസ്റ്റെറിസ് ട്രിപ്പോളി തുടങ്ങിയ നിരവധി ഗ്രീക്ക് ഫസ്റ്റ് ഡിവിഷന്‍ ടീമുകള്‍ക്കൊപ്പം150 ലധികം മത്സരങ്ങള്‍ കളിച്ചു. 38 ഗോളുകളും 15 അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിക്കാനും താരത്തിനായി.

2016 ല്‍ റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്ക് ചൈനീസ് ക്ലബ്ബായ ഗ്വാങ്‌ഷോ സിറ്റി എഫ്‌സിയില്‍ ചേര്‍ന്നു. ഏഷ്യയിലെ രണ്ട് ഫലവത്തായ സീസണുകള്‍ക്ക് ശേഷം സൈപ്രസ് ടീമായ എഇകെ ലാര്‍നാക്കയില്‍ എത്തിയ ജിയാനു, പിന്നീട് ഗ്രീസിലെ ഒഎഫ്‌ഐ ക്രീറ്റ് എഫ്‌സിയിലേക്ക് കളം മാറി.

ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ ഒപ്പിടും മുമ്പ് എ ലീഗ് ടീമായ മക്കാര്‍ത്തര്‍ എഫ്‌സിയിലായിരുന്നു. ക്ലബ്ബിനായി 21 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകളാണ് നേടിയത്. എല്ലാ യൂത്ത് ടീം തലങ്ങളിലും ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച ജിയാനു 12 മത്സരങ്ങളില്‍ ഓസ്‌ട്രേലിയന്‍ സീനിയര്‍ ദേശീയ ടീമിനായും ബൂ ട്ടുകെട്ടി. രണ്ടു ഗോളുകളും നാല് അസിസ്റ്റുകളുമാണ് സമ്പാദ്യം. ഗ്രീക്ക് ദേശീയ ടീമിനായും ഒരു മത്സരം കളിച്ചിട്ടുണ്ട്.

അപ്പോസ്‌തൊലോസ് കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ചേര്‍ന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞങ്ങള്‍ ജിയാനുവിനെ ലക്ഷ്യമിട്ടിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ കളിശൈലിക്ക് യോജിച്ച താരമാണ്. ജിയാനുവിന് ബ്ലാസ്റ്റേഴ്സിനൊപ്പം നല്ലൊരു സീസണ്‍ ആശംസിക്കുന്നു, കരോലിസ് സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നായ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍ ചേരുന്നതില്‍ അത്യന്തം സന്തോഷമുണ്ടെന്നായിരുന്നു കരാര്‍ ഒപ്പുവച്ച ശേഷം അപ്പോസ്‌തൊലോസ് ജിയാനു പറഞ്ഞത്. ക്ലബിനായി എന്റെ പരമാവധി പ്രയത്നിക്കുമെന്നും ജിയോനു വ്യക്തമാക്കി.

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Kerala blasterss new signing who is apostolos giannou