കേരള ബ്ലാസ്റ്റേഴ്സിനും ഐഎസ്എല്‍ കിരീടത്തിനുമിടയില്‍ ഒരിക്കല്‍ കൂടി വില്ലനായി പെനാലിറ്റി ഷൂട്ടൗട്ട് എത്തി. 2016 ല്‍ എടികെയ്ക്കെതിരെ നഷ്ടമായ ആ നിമിഷം തിരിച്ചു പിടിക്കുന്നത് കാണാന്‍ ഗോവയിലേക്ക് ഒഴുകിയ ആരാധകര്‍ക്ക് ഒരിക്കല്‍കൂടി നിരാശയായിരുന്നു ലഭിച്ചത്. ഒന്നുമല്ല എന്ന് വിധിയെഴുതിയവര്‍ക്ക് മുന്നിലൂടെ തലയുയര്‍ത്തി ഫൈനല്‍ വരെ എത്തിയിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ മടക്കം.
ഹൈദരാബാദിനെതിരായ കലാശപ്പോരാട്ടത്തില്‍ തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്സ്. ആദ്യ പകുതിയില്‍ പന്ത് കൈവശം വച്ച് സമ്പൂര്‍ണ ആധിപത്യവും ഒപ്പം മുന്നേറ്റങ്ങളും. രണ്ടാം പകുതിയില്‍ രാഹുല്‍ കെപിയുടെ ഉജ്വല ഗോള്‍. എന്നാല്‍ സാഹില്‍ ടവോരയിലൂടെ ഹൈദരാബാദ് ഒപ്പമെത്തി. പ്രബ്സുഖന്‍ ഗില്ലിന്റെ മികച്ച് സേവുകള്‍ ബ്ലാസ്റ്റേഴ്സിനെ തോല്‍വിയില്‍ നിന്ന് രക്ഷപ്പെടുത്തി.
ശീലമില്ലാത്ത പെനാലിറ്റി ഷൂട്ടൗട്ടില്‍ ബ്ലാസ്റ്റേഴ്സിന് അടിമുടി പിഴച്ചു. മാര്‍ക്കൊ ലെസ്കോവിച്ച്, നിഷു കുമാര്‍, ജീക്സണ്‍ സിങ്ങ് എന്നിവര്‍ക്ക് പിഴച്ചു. നിഷുവിന് രണ്ടാം അവസരത്തിലും ഗോളാക്കാന്‍ സാധിച്ചില്ല എന്നതും സമ്മര്‍ദത്തിന്റെ ഉദാഹരണമാണ്. ജാവൊ വിക്ടര്‍, ഹാസ കമാര, ഹാലിചരണ്‍ നര്‍സാരി എന്നിവര്‍ അനായാസം ഹൈദരാബാദിനെ വിജയിപ്പിച്ചു.
120 മിനിറ്റുകളിലും കേരളത്തിന്റെ ഹീറോയായിരുന്ന ഗില്ലിന് ഷൂട്ടൗട്ടില്‍ തന്റെ മികവിനൊപ്പം ഉയരാനായില്ല. ഹാവിയര്‍ സിവേറിയോ പന്ത് പുറത്തേക്കടിച്ച് കളഞ്ഞത് മാറ്റി നിര്‍ത്തിയാല്‍ സമ്പൂര്‍ണമായിരുന്നു ഹൈദരാബാദിന്റെ ഷൂട്ടൗട്ടിലെ ആധിപത്യം.
2016 ലെ ഓര്‍മയിലേക്ക്
ഫൈനലില്‍ എടികെയായിരുന്നു എതിരാളികള്‍, മത്സരം കൊച്ചിയിലും. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. ബ്ലാസ്റ്റേഴ്സിനായി മലയാളി താരം മുഹമ്മദ് റാഫിയായിരുന്നു ഗോള്‍ സ്കോര്‍ ചെയ്തത്. എടികെയ്ക്കായി ഹെന്‍റിക്യു സെറേനൊയും. നിശ്ചിത സമയത്തു അധികസമയത്തുമൊന്നും വിജയിയെ കണ്ടെത്താനായില്ല.
പെനാലിറ്റി ഷൂട്ടൗട്ടില്‍ ബ്ലാസ്റ്റേഴ്സിനായി ജര്‍മന്‍, ബെല്‍ഫോര്‍ട്ട്, റഫീഖ് എന്നിവര്‍ ലക്ഷ്യം കണ്ടു. എന്‍ഡോയക്കും ഹെങ്ബേര്‍ട്ടിനുമായിരുന്നു പിഴച്ചത്. മറുവശത്താവട്ടെ ആദ്യ കിക്കെടുത്ത ഇയാന്‍ ഹ്യൂമിന് ലക്ഷ്യം തെറ്റി. പക്ഷെ പിന്നീടുള്ള നാല് കിക്കുകളും എടികെ കൈവിട്ടില്ല. ഡൂട്ടി, ഫെര്‍ണാണ്ടസ്, ലാറ, രാജ എന്നിവരായിരുന്നു സ്കോറര്‍മാര്‍.
Also Read: Kerala Blasters vs Hyderabad FC: ബ്ലാസ്റ്റേഴ്സിന്റെ കൊമ്പൊടിച്ച് കട്ടിമണി; ഹൈദരാബാദിന് കന്നിക്കിരീടം