Kerala Blasters vs Hyderabad FC: മഡ്ഗാവ്: കെ. പി. രാഹുല്‍, ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍ താരം സഹല്‍ അബ്ദുള്‍ സമദിന്റെ പരിക്കിന് പിന്നാലെ ആദ്യ ഇലവനില്‍ ഇടം പിടിച്ച താരം. ഹൈദരാബാദിനെതിരായ കലാശപ്പോരില്‍ ഗോള്‍ പിറക്കുന്ന നിമിഷത്തിനായി ആര്‍ത്തിയോടെ മൈതാനത്തിലേക്ക് നോക്കിയിരുന്ന മഞ്ഞക്കടലിനെ ആനന്ദനൃത്തമാടിച്ച തൃശൂര്ക്കാരന്.
പതിഞ്ഞ് നീങ്ങിയ മത്സരത്തില്‍ അപ്രതീക്ഷതമായായിരുന്നു രാഹുലിന്റെ ഗോള്‍ പിറന്നത്. ജീക്സണ് സിങ് നല്കിയ പാസുമായി രാഹുല്‍ മുന്നോട്ട്. ഷോട്ടുതിര്ക്കുമെന്ന് ഹൈദരാബാദ് പ്രതിരോധമൊ എന്തിന് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പോലും കരുതിയിട്ടുണ്ടാകില്ല.
ഹൈദരാബാദ് പ്രതിരോധ താരങ്ങള്‍ക്കിടയില്‍ വിടവ് കണ്ട രാഹുല്‍ പന്ത് ഒന്ന് കൂടി തട്ടി മുന്നോട്ടേക്കാഞ്ഞു. ബോക്സിന് പുറത്ത് നിന്ന് വലം കാല് ഷോട്ട് തൊടുത്തു രാഹുല്‍. പന്ത് കൈപ്പിടിയിലൊതുക്കാമെന്ന് കരുതിയ ഹൈദരാബാദ് ഗോളി ലക്ഷ്മികാന്ത് കട്ടിമണിക്ക് പിഴച്ചു.
കട്ടിമണിയുടെ കൈകള്‍ ചോര്‍ന്നു. പന്ത് അനായാസം വലയിലേക്ക് എത്തി. ഫൈനലില്‍ ഗോളടിച്ചതിന്റെ ആവേശം കാണിക്കാതെ ഒരൊറ്റ നിപ്പായിരുന്നു രാഹുല്‍. ഗ്യാലറിയിലണിനിരന്ന ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ആര്‍ത്തിരമ്പി. ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഓടിയെത്തി രാഹുലിന്റെ ആസ്ലേഷിച്ചു. മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന നിമിഷം.