scorecardresearch

Latest News

‘സഹല്‍ കളിച്ചേക്കും, ലൂണയ്ക്ക് ആരോഗ്യ പ്രശ്നം’; ആശാന്റെ പുതിയ തന്ത്രമാണോ എന്ന് ആരാധകര്‍

ലൂണയും സഹലുമില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നതെങ്കിലും ഹൈദരാബാദിനെ മറികടക്കാനുള്ള തന്ത്രങ്ങള്‍ വുകോമനോവിച്ചിന് മെനയാനാകുമെന്നാണ് ചരിത്രം പറയുന്നത്

Ivan Vukomanovic, Kerala Blasters

ഫട്ടോര്‍ഡ. ഫൈനലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ആരാധകരുടെ ആശങ്കകള്‍ വര്‍ധിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്. ടീമിലെ സുപ്രധാന താരങ്ങളായ സഹല്‍ അബ്ദുള്‍ സമദും, അഡ്രിയാന്‍ ലൂണയും കലാശപ്പോരിന് ഇറങ്ങുമോ എന്നതില്‍ പരിശീലകന്‍ വ്യക്തത നല്‍കിയില്ല. ഇന്ന് നടന്ന പത്ര സമ്മേളനത്തിലാണ് ഇരുവരുടേയും ആരോഗ്യം സംബന്ധിച്ച് വുകോമനോവിച്ച് വിശദീകരണം നല്‍കിയത്.

“സഹല്‍ മെഡിക്കല്‍ ടീമിനൊപ്പമാണ്. അദ്ദേഹം പരിശീലനം നടത്തുന്നുണ്ട്. ഫൈനലിന് മുന്നോടിയായുള്ള തയാറെടുപ്പിലാണ് അദ്ദേഹമുള്ളത്. ഫൈനലില്‍ സഹല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം,” വുകോമനോവിച്ച് പറഞ്ഞു. സഹല്‍ പരിപൂര്‍ണ ആരോഗ്യവാനാണെങ്കില്‍ മാത്രമെ ഫൈനലില്‍ ഉണ്ടാകുകയുള്ളെന്ന് വുകോമനോവിച്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.

സാധാരണ ടീമിന്റെ ക്യാപ്റ്റന്മാരാണ് ഫൈനലിന് മുന്നോടിയായുള്ള പത്രസമ്മേളനങ്ങളില്‍ എത്താറ്. എന്നാല്‍ ലൂണയ്ക്ക് പകരം എന്തുകൊണ്ടാണ് പരിശീലകന്‍ എത്തിയതെന്ന ചോദ്യം വുകുമനോവിച്ചിന് നേരെ ഉയര്‍ന്നു. “ലൂണയും മെഡിക്കല്‍ ടീമിനൊപ്പമാണ്, അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങളുണ്ട്. അതിനാല്‍ നാളെ ടീമിനെ ആര് നയിക്കുമെന്നതില്‍ തീരുമാനമായിട്ടില്ല,” വുകോമനോവിച്ച് പറഞ്ഞു.

ടീമിന്റെ ഇതുവരെയുള്ള പ്രകടനത്തിലുള്ള സംതൃപ്തിയും പരിശീലകന്‍ പങ്കുവച്ചു. “പോയ സീസണുകളില്‍ തിരിച്ചടികള്‍ നേരിടേണ്ട സാഹചര്യമുണ്ടായി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പരിശീലനം ആരംഭിച്ചതു മുതല്‍ കളിക്കാരെല്ലാം ഒരുപോലെ കഠിനാധ്വാനം ചെയ്യുന്നുണ്ട്. അതിന്റെ ഫലമായാണ് ടീം ഇവിടെ വരെ എത്തിയത്. ക്ലബ്ബിനെ സംബന്ധിച്ചടത്തോളം ഇത് വലിയ നേട്ടമാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തന്ത്രശാലിയായ വുകോമനോവിച്ചിന്റെ വാക്കുകളെ വിശ്വാസത്തിലെടുക്കാന്‍ ആരാധകര്‍ തയാറായിട്ടില്ല. ഹൈദരാബാദിനെ കബളിപ്പിക്കാനുള്ള ആശാന്റെ തന്ത്രമാണൊ ഇതെന്നാണ് പലരുടേയും ചൊദ്യം. പക്ഷെ ലൂണയും സഹലുമില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നതെങ്കിലും ഹൈദരാബാദിനെ മറികടക്കാനുള്ള തന്ത്രങ്ങള്‍ വുകോമനോവിച്ചിന് മെനയാനാകുമെന്നാണ് ചരിത്രം പറയുന്നത്.

ജംഷധ്പൂര്‍ എഫ് സിയെ ഇരു പാദങ്ങളിലുമായി 2-1 ന് പരാജയപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ എത്തിയത്. മറുവശത്ത് ഹൈദരാബാദും ഒട്ടും മോശമല്ല. കരുത്തരായ എടികെ മോഹന്‍ ബഗാനെ ഇരു പാദങ്ങളിലുമായി 3-2 നാണ് കീഴടക്കിയത്. എന്തായാലും കന്നിക്കിരീടം തേടിയിറങ്ങുന്ന ഇരുടീമുകളും ഫുട്ബോള്‍ പ്രേമികള്‍ക്ക് വിരുന്നൊരുക്കിയേക്കും.

Also Read: Kerala Blasters vs Hyderabad FC: പട്ടാഭിഷേകം കാത്ത് കൊമ്പന്മാര്‍; കലാശപ്പോരാട്ടം നാളെ

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Kerala blasters vs hyderabad fc ivan vukomanovic on availability of luna and sahal in final