നെക്സ്റ്റ് ജെനറേഷന്‍ കപ്പില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുമായി ഏറ്റുമുട്ടാന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബുകള്‍. കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരും എഫ് സിയുമാണ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുമായി മാറ്റുരയ്ക്കുന്നത്.
ഇന്ത്യന്‍ ഫുട്ബോളിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നതിന് പിന്തുണ നൽകുന്നതിനായി പ്രീമിയർ ലീഗും ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡും (എഫ് എസ് ഡി എൽ) തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഭാഗമാണ് ടൂർണമെന്റ്.
ബ്ലാസ്റ്റേഴ്സിന്റേയും ബെംഗളൂരു ടീമിന്റെയും യൂത്ത് സ്ക്വാഡുകളാണ് അന്താരാഷ്ട്ര ടൂര്‍ണമെന്റിന് യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടാന്‍ ഇരു ടീമുകള്‍ക്കും കഴിഞ്ഞിരുന്നു.
എട്ട് ടീമുകളാണ് നെക്സ്റ്റ് ജെനറേഷന്‍ കപ്പില്‍ മത്സരിക്കുന്നത്. ഇതില്‍ അഞ്ചെണ്ണം പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളാണ്. ഐഎസ്എല്‍ ക്ലബ്ബുകള്‍ക്ക് പുറമെ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള മറ്റൊരു ടീമും ടൂര്‍ണമെന്റില്‍ മത്സരിക്കും.
എട്ട് ടീമുകളേയും രണ്ട് ഗ്രൂപ്പുകളായി തിരിക്കും. ആദ്യ മത്സരം ജൂലൈ 27 നാണ്. ഇന്ത്യയിലെ ഫുട്ബോളിന്റെ വളര്‍ച്ചയ്ക്കായി ഐഎസ്എല്ലുമായുള്ള തുടരുന്ന ബന്ധത്തിന്റെ ഫലമായാണ് ഈ ടൂര്‍ണമെന്റെന്ന് പ്രീമിയര്‍ ലീഗ് ചീഫ് എക്സിക്യൂട്ടീവ് റിച്ചാര്‍ഡ് മാസ്റ്റേഴ്സ് വ്യക്തമാക്കി.
രണ്ട് ലീഗുകളിലെ യുവതാരങ്ങള്‍ക്ക് ഒരുങ്ങുന്ന സുവര്‍ണാവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.