കൊച്ചി: ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കേരളാ ബ്ലാസ്റ്റേഴ്സ്. മലയാളി യുവതാരം രാഹുല്‍ കെപിയെ അടുത്ത സീസണ് ലക്ഷ്യം വച്ചു കൊണ്ട് ബ്ലാസ്റ്റേഴ്സ് നിരയിലെത്തിച്ചിരിക്കുകയാണ്. ഐ ലീഗില്‍ ഇന്ത്യന്‍ ആരോസിന്റെ താരമായിരുന്ന രാഹുല്‍ തന്റെ പ്രകടനം കൊണ്ട് ആരാധകരുടെ കൈയ്യടി നേടിയിരുന്നു.
രണ്ട് വര്‍ഷം മുമ്പ് ഇന്ത്യയില്‍ നടന്ന അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലെ താരമായിരുന്നു രാഹുല്‍. പിന്നാലെ എഐഎഫ്എഫിന്റെ കീഴിലുള്ള ഇന്ത്യന്‍ ആരോസിലെത്തി. 2017 ല്‍ ആരോസിനൊപ്പം ഐ ലീഗില്‍ അരങ്ങേറി. ഇന്ത്യയുടെ അണ്ടര്‍ 17,അണ്ടര്‍ 20, അണ്ടര്‍ 23 ടീമുകളില്‍ കളിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ആരോസിനായി കാഴ്ചവച്ച പ്രകടനമാണ് താരത്തെ ബ്ലാസ്റ്റേഴ്സിന്റെ കണ്ണിലെത്തിച്ചത്. സൂപ്പര്‍ താരങ്ങള്‍ കളിക്കുന്ന ബ്ലാസ്റ്റേഴ്സില്‍ കളിക്കുക എന്നത് രാഹുല്‍ കെപിയെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞാതാകും. ആരോസില്‍ പ്ലെയിങ് ഇലവനില്‍ സ്ഥിരമായിരുന്ന രാഹുല്‍ ബ്ലാസ്റ്റേഴ്സില്‍ തുടക്കത്തില്‍ തന്നെ ഇറങ്ങുമോ എന്നത് കണ്ടറിയണം.
Swagatham #MmudeGadiRahul #KeralaBlasters pic.twitter.com/6VtXzJqFtQ
— Kerala Blasters FC (@KeralaBlasters) June 20, 2019
കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തില്‍ നിന്നും തിരിച്ചു വരവ് ലക്ഷ്യമിടുന്ന ബ്ലാസ്റ്റേഴ്സ് പ്രതീക്ഷ നല്കുന്ന സൈനിങ്ങുകളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഡച്ചുകാരന് എല്സോ ഷറ്റോറിയാണ് ടീമിന്റെ പരിശീലകന്. മരിയോ ആര്‍ക്വസ്, സെര്‍ജിയോ സിഡോന്ച, ഓഗ്ബച്ചെ, ഗിയാനി സുവര്ലൂണ് തുടങ്ങിയ താരങ്ങളേയും ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പാളയത്തിലെത്തിച്ചിട്ടുണ്ട്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook