scorecardresearch

മകളുടെ വിയോഗത്തിന്റെ വേദനയില്‍ ലൂണ, യുദ്ധഭൂമിയില്‍ നിന്ന് ഇവാനും; കൊച്ചിയില്‍ വൈകാരിക രാവ്

“ഇതെനിക്ക് വളരെ സ്പെഷ്യലായ ഗോളാണ്. എല്ലാവര്‍ക്കമറിയാം ഞാന്‍ ഏത് സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്…ഞാന്‍, എന്റെ ഭാര്യ, കുടുംബം മകന്‍. ഈ ഗോള്‍ എന്റെ കുഞ്ഞുമകള്‍ക്കുള്ളതാണ്,” മത്സരശേഷം ലൂണ പറഞ്ഞു

മകളുടെ വിയോഗത്തിന്റെ വേദനയില്‍ ലൂണ, യുദ്ധഭൂമിയില്‍ നിന്ന് ഇവാനും; കൊച്ചിയില്‍ വൈകാരിക രാവ്

കൊച്ചി: ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോളിനായി മുപ്പതിനാലായിരത്തില്‍ അധികം വരുന്ന ആരാധകര്‍ കാത്തിരുന്ന 70 മിനിറ്റുകളാണ്. എന്നാല്‍ അടുത്ത 20 മിനിറ്റില്‍ മൂന്ന് തവണ ഈസ്റ്റ് ബംഗാളിന്റെ വല കുലുക്കി കൊമ്പന്മാര്‍. പിന്നീട് കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ കണ്ടത് മഞ്ഞക്കടലിരമ്പുന്നതായിരുന്നു.

ആരാധകര്‍ക്ക് വെളരെ വൈകാരികമായ ഒരു രാവായിരുന്നു ഇന്നലത്തേത്. മഹാമാരി തീര്‍ത്ത നീണ്ട രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു കൊച്ചി ഒരു ഐഎസ്എല്‍ മത്സരത്തിന് വേദിയായത്. എന്നാല്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്ക് വ്യക്തിപരമായ പ്രശ്നങ്ങളേയും അതിജീവിക്കേണ്ടി വന്നും കളത്തില്‍ പന്തു തട്ടാന്‍.

ഇന്നലെ ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോള്‍ നേടിയ അഡ്രിയാന്‍ ലൂണ വലിയൊരു ആഘാതത്തില്‍ നിന്ന് കരകയറാനുള്ള യാത്രയിലാണ്. കഴിഞ്ഞ ഏപ്രിലിലാണ് ലൂണയുടെ ആറ് വയസ് മാത്രം പ്രായമുള്ള മകള്‍ ജൂലിയേറ്റ സിസ്റ്റിക് ഫൈബ്രോസിസ് ബാധിച്ചത് മരണപ്പെട്ടത്. ഗോള്‍ നേട്ടത്തിന് ശേഷം ആരാധകവ്യൂഹത്തെ സാക്ഷിയാക്കി വിതുമ്പുകയായിരുന്നു ലൂണ.

“ഇതെനിക്ക് വളരെ സ്പെഷ്യലായ ഗോളാണ്. എല്ലാവര്‍ക്കമറിയാം ഞാന്‍ ഏത് സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്…ഞാന്‍, എന്റെ ഭാര്യ, കുടുംബം മകന്‍. ഈ ഗോള്‍ എന്റെ കുഞ്ഞുമകള്‍ക്കുള്ളതാണ്,” മത്സരശേഷം ലൂണ പറഞ്ഞു.

ലൂണയുടെ ഗോള്‍ പിറന്നിട്ട് പത്ത് നിമിഷം പിന്നിട്ടപ്പോഴേക്കും രണ്ടാം ഗോളും വീണും. ഇത്തവണ ഒറ്റയാള്‍ മുന്നേറ്റത്തിലൂടെ യുക്രൈനിയന്‍ താരം ഇവാന്‍ കലിയുസ്നിയാണ് ബ്ലാസ്റ്റേഴ്സിന്റെ ലീഡ് ഉയര്‍ത്തിയത്. തന്റെ രാജ്യം മാസങ്ങളോളമായി യുദ്ധ സാഹചര്യത്തിലൂടെ കടന്നു പോകുന്നതിനിടെയാണ് ഖാര്‍കീവിലെ ക്ലബ്ബായ ഒലക്സാന്‍ഡ്രിയയില്‍ നിന്നും ലോണില്‍ ഇവാന്‍ ബ്ലാസ്റ്റേഴ്സിലെത്തിയത്.

ഈസ്റ്റ് ബംഗാള്‍ 87-ാം മിനിറ്റില്‍ അലക്സ് ലിമയിലൂടെ ഒരു ഗോള്‍ മടക്കി. എന്നാല്‍ രണ്ട് മിനിറ്റിന് ശേഷം വീണ്ടും ഇവാന്‍ സ്കോര്‍ ചെയ്തു. ബോക്സിന് പുറത്ത് നിന്ന് ഇടം കാല്‍ കൊണ്ട് തൊടുത്ത ഷോട്ടായിരുന്നു വലയില്‍ വീണത്.

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Kerala blasters duo luna kalyuzhnyi overcome personal struggles to shine