കൊച്ചി. കേരള ബ്ലാസ്റ്റേഴ്സ്, ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ (ഐഎസ്എല്‍) ഏറ്റവും സ്പെഷ്യലായ ക്ലബ്ബുകളില്‍ ഒന്നാണ്. മഞ്ഞപ്പടയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നതില്‍ സുപ്രധാന പങ്ക് ആരാധകര്‍ക്കാണ്. ലോകഫുട്ബോളില്‍ തന്നെ അറിയപ്പെടുന്ന ആരാധകവൃന്ദമാണ് ബ്ലാസ്റ്റേഴ്സിന്റേത്. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ പന്തുരുളുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ ആരാധകര്‍ തീര്‍ക്കുന്ന മഞ്ഞക്കടല്‍ ഇരമ്പും.
ഒഴിഞ്ഞ സ്റ്റേഡിയം പല ടീമുകളുടേയും ആത്മവിശ്വാസം തകര്‍ക്കുന്നതാണ്. എന്നാല്‍ ബ്ലാസ്റ്റേഴ്സിന്റെ താരങ്ങള്‍ക്ക് അത്തരമൊരു സാഹചര്യം ഒരിക്കലുമുണ്ടായിട്ടില്ല. കോവിഡ് കാലം മാറ്റി നിര്‍ത്തിയാല്‍ മഞ്ഞപ്പട എന്നും പന്തുതട്ടിയിട്ടുള്ളത് നിറഞ്ഞ സ്റ്റേഡിയത്തിലാണ്. എന്നാല്‍ ആരാധകര്‍ അര്‍ഹിക്കുന്ന പ്രകടനം പുറത്തെടുക്കാന്‍ സ്വന്തം മൈതാനത്ത് ബ്ലാസ്റ്റേഴ്സിനായിട്ടുണ്ടോ എന്നത് ചോദ്യമാണ്. കണക്കുകള്‍ പറയുന്നതും അങ്ങനെ തന്നെയാണ്.
ബ്ലാസ്റ്റേഴ്സിന്റെ മിന്നും പ്രകടനം ആഗ്രഹിച്ച് കൊച്ചിയിലേക്ക് ഒഴുകുന്ന ആരാധകര്‍ക്ക് കൂടുതലും നിരാശയായിരുന്നു വിധിച്ചിരുന്നത്. ഇതുവരെ കൊച്ചിയില്‍ കളിച്ച 54 മത്സരങ്ങളില്‍ വിജയിച്ചത് കേവലം 19 മത്സരങ്ങളില്‍ മാത്രമാണ്. വിജയശതമാനം 35.18. 15 മത്സരങ്ങളില്‍ കൂടുതല്‍ സ്വന്തം മൈതാനത്ത് കളിച്ച ടീമുകളുടെ വിജയശതമാനം നോക്കിയാല്‍ പിന്നില്‍ നിന്ന് രണ്ടാമതാണ് ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം.
ഹോം മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ളത് ബെംഗളൂരു എഫ് സിക്കാണ്, 66.67. എഫ് സി ഗോവ (54.54), മുംബൈ സിറ്റി എഫ് സി (45.28), ജംഷദ്പൂര്‍ എഫ് സി (41.37), ചെന്നൈയിന്‍ എഫ് സി (39.62) എന്നിവരാണ് ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ള ടീമുകള്‍. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മാത്രമാണ് മഞ്ഞപ്പടയ്ക്ക് പിന്നിലായുള്ളത്.
ഗോളടിയുടെ കാര്യത്തിലും വ്യത്യാസമില്ലെന്ന് തന്നെ പറയാം. ഐഎസ്എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീമുകളുടെ പട്ടികയില്‍ നാലാം സ്ഥാനത്തുണ്ട് ബ്ലാസ്റ്റേഴ്സ്. എന്നാല്‍ സ്വന്തം മൈതാനത്ത് ഗോളടി മികവില്‍ അത്ര മുന്നിലല്ല മഞ്ഞപ്പട. ഹോം മത്സരങ്ങളിലെ ബ്ലാസ്റ്റേഴ്സിന്രെ ഗോള്‍ പെര്‍ ഗെയിം റേഷ്യൊ 1.2 മാത്രമാണ്. 54 മത്സരങ്ങളില്‍ 14 തവണയും സ്കോര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
സീസണുകള്‍ പിന്നിടും തോറും ഹോം റെക്കോര്‍ഡും മോശമായിക്കൊണ്ടിരിക്കുകയാണ്. അവസാനം കളിച്ച 30 മത്സരങ്ങളില്‍ ജയം സ്വന്തമാക്കാനായത് കേവലം ഏഴെണ്ണത്തില്‍ മാത്രമാണ്. വിജയത്തിനേക്കാലും സമനിലകള്‍ വഴങ്ങിയ ടീമെന്ന നാണക്കേടും മഞ്ഞപ്പടയ്ക്കാണ് സ്വന്തം. ഈ സീസണിലും കാര്യങ്ങള്‍ പതിവ് പോലെയാണ്. കൊച്ചിയില്‍ കളിച്ച മൂന്ന് മത്സരങ്ങിളില്‍ രണ്ടിലും പരാജയം.