കഴിഞ്ഞ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിനെ കിരീടത്തിന്റെ തൊട്ടരികില്‍ എത്തിച്ച പരിശീലകനാണ് ഇവാന്‍ വുകുമനോവിച്ച്. പല സീസണുകളിലായി തുടര്‍ച്ചയായി തിരിച്ചടി നേരിട്ട ടീമിനെ ഇവാന്‍ കൈപിടിച്ചുയര്‍ത്തുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ആശാന്‍ എന്നാണ് വുകുമനോവിച്ചിനെ വിളിക്കുന്നത്.
പുതിയ സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി കൊച്ചിയില്‍ എത്തിയ വുകുമനോവിച്ചിന് വമ്പന്‍ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു കൂട്ടം ആരാധകരായിരുന്നു വുകുമനോവിച്ചിനെ കാത്തിരുന്നത്. പരിശീലകന്‍ പുറത്ത് വന്നതോടെ ആഘോഷങ്ങളും ആരംഭിച്ചു.
‘കെ ബി എഫ് സി മാര്‍ച്ചിങ് ഓണ്‍ ആലെ ആലെ ആലെ..’ എന്ന് ആരാധകര്‍ ആര്‍ത്തുവിളിച്ചു. വുകുമനോവിച്ചിനെ പൊന്നാട അണിയിച്ചായിരുന്നു സ്വീകരണം. പിന്നാലെ ആരാധകര്‍ക്കൊപ്പം ആശാന്‍ ചുവടുകളും വച്ചു. ആരാധകരുടെ അതേ ആവശം വുകുമനോവിച്ചിലും പ്രതിഫലിച്ചു. വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
പോയ സീസണില്‍ ഹൈദരബാദ് എഫ് സിയോടായിരുന്ന ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ പരാജയപ്പെട്ടത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെ മത്സരം പെനാലിറ്റി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. ഷൂട്ടൗട്ടില്‍ 3-1 നായിരുന്നു ഹൈദരാബാദിന്റെ വിജയം.