കൊല്‍ക്കത്ത: ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോള്‍ ലീഗ് ഐ ലീഗാണെന്ന് ഇന്ത്യയുടെ മലയാളി താരം ജോബി ജസ്റ്റിന്. ഐ ലീഗ് ക്ലബ്ബായ ഈസ്റ്റ് ബംഗാളില്‍ നിന്നും ഐഎസ്എല്‍ ടീമായ എടികെയിലെത്തിയ താരമാണ് ജോബി
”എന്റെ അനുഭവത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ലീഗ് ഐ ലീഗാണ്. ഞങ്ങളുടെ കഴിഞ്ഞ സീസണ് ഗംഭീരമായിരുന്നു. ചെന്നൈ എഫ്സി, ഈസ്റ്റ് ബംഗാള്‍, റിയല്‍ കശ്മീര്‍ ടീമുകള്‍ അവസാന നിമിഷം വരെ കിരീടത്തിനായി പോരാടുകയായിരുന്നു. എന്തിരുന്നാലും ഒരു പ്രൊഫഷണല്‍ എന്ന നിലയില്‍ ഐഎസ്എല്ലിലേക്ക് മാറുക എന്നത് ലോജിക്കലായി നീക്കമാണ്” ജോബി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
ഇന്ത്യയുടേയും എടികെയുടേയും സ്ട്രൈക്കറായ ജോബി ഇന്ത്യയുടെ മാറുന്ന ഫുട്ബോള്‍ മുഖത്തിന്റെ ഉത്തമഉദാഹരണമാണ്. കഴിഞ്ഞ സീസണില്‍ ഐ ലീഗില്‍ ജോബി ആവേശമുയര്‍ത്തിയിരുന്നു. ഇന്ത്യയുടെ രണ്ട് പ്രധാനപ്പെട്ട ലീഗുകളിലേയും ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഇന്ത്യന്‍ താരമാണ് ജോബി. ഈ നേട്ടം ജോബി പങ്കിടുന്നത് സാക്ഷാല്‍ സുനില്‍ ഛേത്രിയ്ക്കൊപ്പമാണ്.
ജോബിയുടെ എടികെയിലേക്കുള്ള കൂടുമാറ്റം ഇന്ത്യന്‍ ഫുട്ബോളില്‍ വിവാദമായിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ജോബി എടികെയുമായി കരാറിലെത്തുന്നത്. എന്നാല്‍ തങ്ങളുമായി കരാറിലൊപ്പിട്ടുണ്ടെന്ന് ഈസ്റ്റ് ബംഗാള്‍ അവകാശപ്പെട്ടു. ഒടുവില്‍ എഐഎഫ്എഫ് ഇടപ്പെട്ടു. ഈസ്റ്റ് ബംഗാളിന്റെ വാദം തെളിവുകളില്ലാത്തതിനാല്‍ തള്ളുകയായിരുന്നു. ഇതോടെ ജോബി എടികെയുടെ താരമായി മാറി. എന്നാല്‍ ഈസ്റ്റ് ബാംഗാളിനെ നന്ദിയോടെയാണ് ജോബി ഓര്‍ക്കുന്നത്.
”എനിക്കൊരു പ്ലാറ്റ്ഫോം നല്‍കിയതിന് ഈസ്റ്റ് ബംഗാളിനോട് നന്ദിയുണ്ട്. ടീം ഒരുമിച്ച് നിന്നതുകൊണ്ടും നല്ലൊരു കോച്ചുള്ളത് കൊണ്ടുമാണ് എനിക്ക് അത്രയും ഗോളുകള്‍ നേടാനായത്. കൊല്‍ക്കത്ത ഫുട്ബോളിനെ കുറിച്ച് എനിക്കൊരുപാട് മു്ന്നറിയിപ്പുകള് ലഭിച്ചിരുന്നു. എല്ലാം ശരിയായി. പക്ഷെ നല്ല ആരാധകരുമുണ്ട്. അവര്‍ എനിക്ക് ഡര്ബികളെ കുറിച്ച് മെസേജ് അയക്കാറുണ്ട്” താരം പറയുന്നു.