കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി ഇവാന് വുകോമനോവിച്ച് തുടരും. പുതിയ കരാര്‍ പ്രകാരം 2025 വരെ ഇവാന് ടീമിനൊപ്പം ഉണ്ടാകുമെന്നാണ് കേരള ബ്ലാസ്റ്റേഴ്സ് നല്കുന്ന ഔദ്യോഗിക വിവരം. ടീമിനൊപ്പമുള്ള ഓരോരുത്തരുടേയും പോസിറ്റീവ് മനോഭാവവും, ആരാധകരുടെ നല്കുന്ന ഊര്‍ജവും കണ്ടപ്പോള്‍ തന്നെ ടീമിനൊപ്പം തുടരണമെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു, ഇവാന് വുകോമനോവിച്ച് പറഞ്ഞു.
കഴിഞ്ഞ സീസണില്‍ ഇവാന്റെ കീഴില്‍ ബ്ലാസ്റ്റേഴ്സ് ഉജ്വല പ്രകടനമായിരുന്നു ഐഎസ്എല്ലില്‍ പുറത്തെടുത്തത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്‍പത് ജയത്തോടെ നാലം സ്ഥാനത്ത്. കേവലം നാല് മത്സരങ്ങളില്‍ മാത്രമായിരുന്നു തോല്‍വിയറിഞ്ഞത്. സെമി ഫൈനലില്‍ ജംഷധ്പൂരിനെ തകര്‍ത്തായിരുന്നു ഫൈനല്‍ പ്രവേശനം. ഇരുപാദങ്ങളിലുമായി 2-1 ന്റെ ജയം.
എന്നാല്‍ ഫൈനലില്‍ ഹൈദരാബാദ് എഫ് സിയോട് ബ്ലാസ്റ്റേഴ്സിന് പെനാലിറ്റി ഷൂട്ടൗട്ടില്‍ കിരീടം നഷ്ടമാവുകയായിരുന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു. ബ്ലാസ്റ്റേഴ്സിനായി കെപി രാഹുലും ഹൈദരാബാദിനായി ടവോരയുമായിരുന്നു സ്കോര്‍ ചെയ്തത്. പെനാലിറ്റി ഷൂട്ടൗട്ടില്‍ 3-1 നാണ് ഹൈദരാബാദ് വിജയം നേടിയത്.
മികച്ച ടീമിനെ സൃഷ്ടിച്ചെടുത്ത വുകോമനോവിച്ചിന്റെ മികവിനെ ഫുട്ബോള്‍ ലോകം വാഴ്ത്തിയിരുന്നു. ഇവാന് പരിശീലകനായി തുടരണമെന്ന ആവശ്യം ആരാധകര്‍ക്കിടയിലും ശക്തമായിരുന്നു. ഇവാന് തുടരുമെന്ന സൂചനകള്‍ ടീം അധികൃതര്‍ നല്‍കിയെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിരുന്നില്ല.
Also Read: IPL 2022: ആദ്യ തോൽവിയുടെ ക്ഷീണം മാറ്റാൻ ഹൈദരാബാദ് ഇറങ്ങുന്നു; ജയം തുടരാൻ ലക്നൗ