scorecardresearch

Latest News

വാമോസ് അര്‍ജന്റീന; ഫൈനലിസിമ കിരീടം സ്വന്തമാക്കി മെസിയും കൂട്ടരും

എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ഇറ്റലിയെ അര്‍ജന്റീന കീഴടക്കിയത്

Italy vs Argentina, Finalissima
Photo: Facebook/ UEFA EURO 2024

ലണ്ടണ്‍: യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയും കോപ്പ അമേരിക്ക ജേതാക്കളായ അര്‍ജന്റീനയും തമ്മിലുള്ള ഫൈനലിസിമ പോരാട്ടത്തില്‍ കിരീടമുയര്‍ത്തി മെസിയും കൂട്ടരും. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു അസൂറിപ്പടയെ അര്‍ജന്റീന കീഴടക്കിയത്. ലൊത്താര മാര്‍ട്ടിനസ്, ഡി മരിയ, പൗലൊ ഡിബാല എന്നിവരാണ് അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്.

ഇറ്റലിയുടെ പ്രതിരോധകോട്ട തകര്‍ത്തുള്ള മുന്നേറ്റമായിരുന്നു അര്‍ജന്റീന കളിയിലുടനീളം പുറത്തെടുത്തത്. പന്തടക്കത്തിലും ആക്രമണത്തിലും അസൂറികളേക്കാള്‍ ഒരു പടി മുന്നില്‍. 28-ാം മിനിറ്റില്‍ മെസിയുടെ ഒറ്റയാള്‍ മുന്നേറ്റമാണ് ആദ്യ ഗോളിന് വഴി വച്ചത്. ബോക്സിലേക്ക് പന്തുമായി കുതിച്ച മെസി നല്‍കിയ പാസില്‍ കാലു വയ്ക്കേണ്ട ഉത്തരവാദിത്വം മാത്രമായിരുന്നു മാര്‍ട്ടിനസിന്.

ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു രണ്ടാം ഗോള്‍. ഇത്തവണ ഗോളിന് പിന്നില്‍ മാര്‍ട്ടിനസായിരുന്നു. താരം നല്‍കിയ പാസ് ഇറ്റലി ഗോള്‍കീപ്പര്‍ ഡോണാറുമ്മയെ കബളിപ്പിച്ച് ചിപ്പ് ചെയ്താണ് ഡീ മരിയ വലയിലെത്തിച്ചത്. രണ്ടാം ഗോള്‍ പിറന്നതോടെ കളി അര്‍ജന്റീനയുടെ നിയന്ത്രണത്തിലാവുകയായിരുന്നു.

കളിയുടെ അവസാന നിമിഷത്തിലായിരുന്നു ജയം സമ്പൂര്‍ണമാക്കിക്കൊണ്ടുള്ള ‍ഡിബാലയുടെ ഗോള്‍. മെസിയായിരുന്നു അസിസ്റ്റ് നല്‍കിയത്. മെസിയുടെ ചിറകിലേറി വീണ്ടുമൊരു കിരീടം കൂടി അര്‍ജന്റനീയ്ക്ക് സ്വന്തം. കളിയിലെ താരവും മെസി തന്നെ. 32 മത്സരങ്ങളില്‍ തോല്‍വിയറിയാതെയുള്ള കുതിപ്പ് തുടരുകയാണ് അര്‍ജന്റീന.

Also Read: പുതിയ അധ്യായം തുടങ്ങുന്നു; ഊഹാപോഹങ്ങൾ ഉയർത്തി സൗരവ് ഗാംഗുലിയുടെ ട്വീറ്റ്

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Italy vs argentina finalissima messi and co win by 3 0

Best of Express