scorecardresearch
Latest News

ഐഎസ്എല്‍: മൂന്നാം ജയം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ്, നാളെ ഗോവയെ നേരിടും

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ അവരുടെ തട്ടകത്തില്‍ 3-0 ന്റെ നിര്‍ണായക വിജയം നേടിയതിന്റെ ആത്മവിശ്വാസം ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടാകും

ഐഎസ്എല്‍: മൂന്നാം ജയം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ്, നാളെ ഗോവയെ നേരിടും
Photo: Twitter/ Kerala Blasters

കൊച്ചി. ഐഎസ്എല്ലില്‍ മൂന്നാം ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് നാളെ ഇറങ്ങും. സീസണില്‍ ഉജ്വല ഫോമിലുള്ള എഫ് സി ഗോവയാണ് മഞ്ഞപ്പടയുടെ എതിരാളികള്‍. കൊച്ചയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ വച്ച് രാത്രി ഏഴരയ്ക്കാണ് മത്സരം.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ അവരുടെ തട്ടകത്തില്‍ 3-0 ന്റെ നിര്‍ണായക വിജയം നേടിയതിന്റെ ആത്മവിശ്വാസം ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടാകും. മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന്റെ ഇരട്ടഗോളായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം ആധികാരികമാക്കിയത്.

മങ്ങിയ പ്രകടനത്താല്‍ അന്തിമ ഇലവനില്‍ നിന്ന് പുറത്താക്കപ്പെട്ട സഹലിന് ആശ്വാസം നല്‍കുന്നതായിരുന്നു നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരം. പകരക്കാരാനായി ഇറങ്ങിയായിരുന്നു രണ്ട് ഗോളുകളും സഹല്‍ നേടിയത്. 85-ാം മിനിറ്റിലും അധിക സമയത്തുമായിരുന്നു ഗോളുകള്‍.

സഹലിന് പുറമെ ടീമിന്റെ സുപ്രധാന ആയുധമായിരിക്കുകയാണ് രാഹുല്‍ കെപി. അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു ഗോളും രണ്ട് അസിസ്റ്റുമാണ് മലയാളി താരത്തിന്റെ സമ്പാദ്യം. മധ്യനിരയില്‍ ലൂണയുടെ സാന്നിധ്യവും മഞ്ഞപ്പടയ്ക്ക് കരുത്താകും.

ജയങ്ങളിലും ബ്ലാസ്റ്റേഴ്സിന് തലവേദനയാകുന്നത് പ്രതിരോധത്തിലെ വീഴ്ചകളാണ്. അഞ്ച് മത്സരങ്ങളില്‍ നിന്ന് പത്ത് ഗോളുകളാണ് ഇതുവരെ വഴങ്ങിയത്. കൂടുതല്‍ ഗോളുകള്‍ വഴങ്ങിയ ടീമുകളുടെ പട്ടികയില്‍ രണ്ടാമതാണ് ബ്ലാസ്റ്റേഴ്സ്. പ്രതിരോധത്തില്‍ കൃത്യമായൊരു കോമ്പിനേഷന്‍ കണ്ടെത്തിയില്ലെങ്കില്‍ വരാനിരിക്കുന്ന മത്സരത്തിലും തിരിച്ചടികളുണ്ടാകും.

മറുവശത്ത് ഗോവ കളിച്ച നാല് മത്സരങ്ങളില്‍ മൂന്നിലും ജയം സ്വന്തമാക്കി. ഈസ്റ്റ് ബംഗാള്‍, ചെന്നൈയിന്‍, ജംഷധ്പൂര്‍ എന്നീ ടീമുകളെ കീഴടക്കിയപ്പോള്‍ തോല്‍വി നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദിനോടായിരുന്നു.

ഒന്‍പത് പോയിന്റുമായി ഗോവ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ആറ് പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തും.

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Isl kerala blasters to take fc goa at kochi