/indian-express-malayalam/media/media_files/uploads/2022/03/isl-final-kerala-blasters-vs-hyderabad-fc-blasters-fans-reaction-630686-FI.jpg)
Kerala Blasters vs Hyderabad FC: മഡ്ഗാവ്: 2016 ഡിസംബര്‍ 18 നാണ് കൊച്ചിയിലെ പതിനായിരക്കണക്കിന് ആരാധകരുടെ മുന്നില്‍ വച്ച് കേരള ബ്ലാസ്റ്റേഴ്സിന് കിരീടം നഷ്ടമായത്. ആറ് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം വീണ്ടുമൊരു കലാശപ്പോരിന് ബ്ലാസ്റ്റേഴ്സ് ഇറങ്ങുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷകളേറെയാണ്. ഇവാന്‍ വുകോമനോവിച്ചിന് കീഴിലുള്ള ടീം കിരീടം ഉയര്‍ത്തുമെന്ന് ഓരോ ഫുട്ബോള്‍ പ്രേമിയും വിശ്വസിക്കുന്നു. കിലോമീറ്ററുകള്‍ താണ്ടി ഗോവയിലെത്തിയ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിനോട് പ്രതികരിക്കുന്നു.
ആന്റോയും കൂട്ടുകാരും കാലങ്ങള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ ഒരു കളി നേരിട്ട് കാണാന്‍ ഒരുങ്ങുന്നത്. ഓരോ വാക്കിലും ആവേശം, രണ്ട് വര്‍ഷം കൈവിട്ട് പോയ കീരിടം തിരിച്ചു പിടിക്കുമെന്ന പ്രതീക്ഷയാണ് ആന്റോയ്ക്കുള്ളത്. "എടികെയ്ക്കെതിരായ ഫൈനലില്‍ കണ്ണ് നനഞ്ഞാണ് ഞാന്‍ സ്റ്റേഡിയത്തില്‍ നിന്നിറങ്ങിയത്, കുറച്ച് ദിവസത്തേക്ക് വല്ലാത്തൊരു വിഷമമായിരുന്നു. എന്നാല്‍ ഇത്തവണ നമ്മള്‍ കിരീടമണിയും, ബ്ലാസ്റ്റേഴ്സിനായി ഞാന്‍ ആര്‍ത്ത് വിളിക്കും," ആന്റോ പറഞ്ഞു.
ഫുട്ബോളിന്റെ കളിത്തട്ടായ മലപ്പുറത്ത് നിന്നുള്ള ഇര്‍ഷാദ് ആല്‍പ്പം വിലയിരുത്തി തന്നെയാണ് ബ്ലാസ്റ്റേഴ്സ് വിജയിക്കുമെന്ന് പറഞ്ഞത്. "ഇത്തവണ പരിശീലകന്റെ തന്ത്രമൊക്കെ ഉഗ്രന്‍ തന്നെ, ഒരു താരത്തെ ആശ്രയിച്ചല്ല നമ്മള്‍ കളിക്കുന്നത്. ടീം വര്‍ക്കിനാണ് മുന്‍ഗണന. ഹൈദരാബാദിനെക്കാള്‍ മികച്ച ടീം നമ്മുടേത് തന്നെയാണ്. നമ്മുടെ പിള്ളേരുടെ ശരീരഭാഷ തന്നെ അതിന് ഉദാഹരണമാണല്ലോ, 2-1 ന് നമ്മള്‍ ജയിക്കും," ഇര്‍ഷാദ് വിശദീകരിച്ചു.
ക്രിക്കറ്റിനെ നെഞ്ചിലേറ്റുന്നവരും കേരള ബ്ലാസ്റ്റേഴ്സിന് ആര്‍പ്പു വിളിക്കാന്‍ ഗോവയിലുണ്ട്. കൊട്ടയത്ത് നിന്നുള്ള അമലും കൂട്ടരുമാണത്. ഗോവയില്‍ ചുറ്റിയടിക്കാനായി വന്നവര്‍ ഫൈനല്‍ കണ്ട് കളയാമെന്ന് വിചാരിച്ചു. "എനിക്ക് ക്രിക്കറ്റാണിഷ്ടം, പക്ഷെ നമ്മുടെ ടീം കളിക്കുമ്പോള്‍ എങ്ങനെ കാണാതിരിക്കും. കൂട്ടുകാരുടെ കൂടെ അടിച്ച് പൊളിക്കാന്‍ വന്നതാണ്, പക്ഷെ ഇനി കപ്പും കൊണ്ടോ നാട്ടിലേക്കുള്ളു," അമല്‍ പറഞ്ഞു.
ഹൈദരാബാദും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള ഫൈനലിന് വിസില്‍ മുഴങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. കരുത്താരായ ജംഷധ്പൂരിനെ തകര്‍ത്താണ് ബ്ലാസ്റ്റേഴ്സ് മൂന്നാം ഫൈനലിലേക്ക് എത്തിയത്. ഹൈദരാബാദാകട്ടെ എടികെ മോഹന്‍ ബഗാനെയും പരാജയപ്പെടുത്തി. കന്നിക്കീരിടം ലക്ഷ്യമാക്കിയാണ് ഇരുടീമുകളും ഫട്ടോര്‍ഡയില്‍ പന്ത് തട്ടുന്നത്.
Also Read: Kerala Blasters vs Hyderabad FC: പട്ടാഭിഷേകം കാത്ത് കൊമ്പന്മാര്‍; കലാശപ്പോരാട്ടം ഇന്ന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us