scorecardresearch
Latest News

Kerala Blasters vs Hyderabad FC: ബ്ലാസ്റ്റേഴ്സിന്റെ കൊമ്പൊടിച്ച് കട്ടിമണി; ഹൈദരാബാദിന് കന്നിക്കിരീടം

ISL Final 2022, Kerala Blasters vs Hyderabad FC: പെനാലിറ്റി ഷൂട്ടൗട്ടില്‍ 3-1 നായിരുന്ന ഹൈദരാബാദിന്റെ വിജയം

Kerala Blasters vs Hyderabad FC
Photo: Indian Super League

ISL Final 2022, Kerala Blasters vs Hyderabad FC: ഐഎസ്എല്‍ 2022 സീസണിലെ കിരീട ജേതാക്കളായി ഹൈദരാബാദ് എഫ് സി. പെനാലിറ്റി ഷൂട്ടൗട്ടില്‍ 3-1 നായിരുന്നു ജയം. ബ്ലാസ്റ്റേഴ്സിനായി കിക്കെടുത്ത ആയുഷ് അധികാരി മാത്രമാണ് ലക്ഷ്യം കണ്ടത്. മാര്‍ക്കൊ ലെസ്കോവിച്ച്, നിഷു കുമാര്‍, ജീക്സണ്‍ സിങ്ങ് എന്നിവര്‍ക്കാണ് പിഴച്ചത്. എന്നാല്‍ ജാവൊ വിക്ടര്‍, ഹാസ കമാര, ഹാലിചരണ്‍ നര്‍സാരി എന്നിവര്‍ ഹൈദരാബാദിനായി ലക്ഷ്യം കണ്ടു. ഹാവിയര്‍ സിവേറിയോയ്ക്ക് മാത്രമാണ് ലക്ഷ്യം പിഴച്ചത്. ഗോളി ലക്ഷ്മികാന്ത് കട്ടിമണിയാണ് മൂന്ന് സേവുകളുമായി ഹൈദരാബാദിന് കിരീടം നേടിക്കൊടുത്തത്.

നിശ്ചിത സമയത്ത് ഹൈദരാബാദും കേരള ബ്ലാസ്റ്റേഴ്സും ഒപ്പത്തിനൊപ്പമായിരുന്നു. 68-ാം മിനിറ്റില്‍ രാഹുല്‍ കെപിയാണ് ബ്ലാസ്റ്റേഴ്സിന് ലീഡ് നേടിക്കൊടുത്തു. പോസ്റ്റിന് പുറത്ത് നിന്ന് രാഹുല്‍ തൊടുത്ത ഷോട്ട് ഹൈദരാബാദിന്റെ ഗോളി ലക്ഷ്മികാന്ത് കട്ടിമണിയുടെ കൈയ്യില്‍ തട്ടി പോസ്റ്റിലേക്ക് വീഴുകയായിരുന്നു. എന്നാല്‍ 88-ാം മിനിറ്റില്‍ സാഹില്‍ ടവോരയിലൂടെ ഹൈദരാബാദ് സമനില പിടിച്ചു. ബോക്സിന് പുറത്ത് നിന്ന് ടവോര തൊടുത്ത ഷോട്ടാണ് ഗോളില്‍ കലാശിച്ചത്. അധികസമയത്തും ഇരുടീമുകളും സമനില പാലിച്ചതോടെയായിരുന്നു കളി പെനാലിറ്റിയിലേക്ക് നീങ്ങിയത്.

ഗോള്‍ രഹിതം ആദ്യ പകുതി

തുടക്കം മുതല്‍ ഇരുടീമുകളും ആക്രമണ ഫുട്ബോളാണ് ഇരുടീമുകളും സ്വീകരിച്ചത്. രണ്ട് തവണ ഹൈദരാബാദിന്റെ ബോക്സിലേക്ക് മുന്നേറാന്‍ ബ്ലാസ്റ്റേഴ്സിന് സാധിച്ചെങ്കിലും ലക്ഷ്യത്തിലേക്ക് കുതിക്കാനായില്ല. ഹൈദരാബാദിന്റെ യാസിറിനെ ഫൗള്‍ ചെയ്തതിന് ബ്ലാസ്റ്റേഴ്സിന്റെ സന്ദീപിന് മഞ്ഞക്കാര്‍ഡ് ലഭിക്കുകയും ചെയ്തു.

15-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിന്റെ കാത്തിരുന്ന ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം വന്നത്. എതിര്‍ ബോക്സിന്റെ ഇടതു വശത്ത് നിന്ന് ലഭിച്ച ത്രോയില്‍ നിന്നായിരുന്നു തുടക്കം. ബോക്സിലുള്ള പെരേര ഡയാസിനെ ലക്ഷ്യമാക്കിക്കൊണ്ട് ഖബ്രയുടെ അളന്നു മുറിച്ചുള്ള ക്രോസ്. ഉയര്‍ന്ന് വന്ന പന്ത് ഹെഡ് ചെയ്യാന്‍ ഡയാസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

തുടക്കത്തിലെ ആക്രമണങ്ങള്‍ക്ക് ശേഷം തണുപ്പിക്കുന്ന പതിവ് രീതി ആയിരുന്നില്ല ബ്ലാസ്റ്റേഴ്സിന്റെത്. മികച്ച ബില്‍ഡപ്പുകളോടെ ശ്രമങ്ങള്‍ തുടര്‍ന്നു. രാഹുല്‍ കെപിയുടേയും അഡ്രിയാന്‍ ലൂണയുടേയും ഷോട്ടുകള്‍ വന്നെങ്കിലും ഗോള്‍ അകന്നു നിന്നു. സീസണിലെ ടോപ് സ്കോററായ ഒഗ്ബച്ചയെ നിശബ്ദനാക്കി നിര്‍ത്താനും ബ്ലാസ്റ്റേഴ്സിനായി.

38-ാം മിനിറ്റില്‍ ആല്‍വാരൊ വാസ്ക്വസിന്റെ തീപാറുന്ന ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയത് ആരാധകരെ നിരാശരാക്കി. എന്നാല്‍ ആദ്യ പകുതിയുടെ അവസാന നിമിഷം ഗോളിന്റെ തൊട്ടരികില്‍ ഹൈദരാബാദ് എത്തി. പകരക്കാരനായി എത്തിയ സിവയേറോയുടെ ഹെ‍ഡര്‍. എന്നാല്‍ ഗില്ലിന്റെ മികച്ച സേവ് ഗോള്‍ നിഷേധിച്ചു.

അടി, തിരിച്ചടി

വളരെ പോസിറ്റീവായാണ് ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതി തുടങ്ങിയത്. മൂന്ന് മിനിറ്റുകളോളം പന്ത് കൈവശം വച്ച്. എന്നാല്‍ പിന്നീട് ഹൈദരാബാദ് പതിയെ താളം കണ്ടെത്തി. 49-ാം മിനിറ്റില്‍ ജാവോ വിക്ടറിന്റെ ഷോട്ട്. വലതു വശത്തേക്ക് ഡൈവ് ചെയ്ത് ഗില്ലിന്റെ മറ്റൊരു സേവ് കൂടി. പിന്നാലെ ഒഗ്ബച്ചേയ്ക്ക് ആദ്യ അവസരം ലഭിച്ചു. പക്ഷെ താരത്തിന്റെ ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോയി.

60-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം. പന്തുമായി ഹൈദരാബാദ് പോസ്റ്റിലേക്ക് പൂട്ടിയ കുതിച്ചു. എന്നാല്‍ ഫ്രീയായി നിന്ന വാസ്ക്വസിന് പാസ് നല്‍കാതെ ലോങ് റേഞ്ച് ശ്രമം പൂട്ടിയ നടത്തി. ഹൈദരാബാദ് ഗോളി ലക്ഷ്മികാന്ത് കട്ടിമണിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പോലും സാധിച്ചില്ല.

പിന്നീട് പതിഞ്ഞ് നീങ്ങിയ മത്സരത്തില്‍ അപ്രതീക്ഷതമായായിരുന്നു രാഹുലിന്റെ ഗോള്‍ നേടിയത്. ജീക്സണ്‍ സിങ് നല്‍കിയ പാസുമായി രാഹുല്‍ മുന്നോട്ട്. മുന്നില്‍ സ്പേസ് കിട്ടിയതോടെ രാഹുല്‍ അവസരം ഉപയോഗിച്ചു. രാഹുലിന്റെ വലം കാല്‍ ഷോട്ട് തടയാന്‍ കട്ടിമണിയുടെ കൈകള്‍ക്കായില്ല. പന്ത് വലയിലേക്ക്, ബ്ലാസ്റ്റേഴ്സ് മുന്നിലും.

ബ്ലാസ്റ്റേഴ്സ് ഗോള്‍ നേടിയതോടെ ഹൈദരാബാദ് ഉണര്‍ന്ന് കളിച്ചു. ബ്ലാസ്റ്റേഴ്സിന്റെ ബോക്സിന് അരികില്‍ ഒഗ്ബച്ചയെ രാഹുല്‍ ഫൗള്‍ ചെയ്തു. റഫറി ഫ്രീക്കിക്ക് വിധിച്ചതോടെ ബ്ലാസ്റ്റേഴ്സ് ക്യാമ്പില്‍ ആശങ്ക. ബ്ലാസ്റ്റേഴ്സിന്റി പ്രതിരോധക്കോട്ട ഭേദിച്ച് ഒഗ്ബച്ചെയുടെ ഷോട്ട്. പക്ഷെ ഒരിക്കല്‍കൂടി ഗില്ലിന്റെ മികവ്. അനായാസം പന്ത് തട്ടിയകറ്റി.

അധികം വൈകിയില്ല ഹൈദരാബാദിന്റെ സമനില ഗോള്‍ പിറക്കാന്‍. സെറ്റ് പീസില്‍ നിന്ന് ഒരിക്കല്‍കൂടി ബ്ലാസ്റ്റേഴ്സ് ഗോള്‍ വഴങ്ങി. സെറ്റ് പീസ് തട്ടിയകറ്റാന്‍ ലെസ്കോവിച്ചിന് സാധിച്ചെങ്കിലും പന്ത് എത്തിയത് സാഹില്‍ ടവോരയുടെ കാലുകളിലേക്കായിരുന്നു. സീസണിലെ മികച്ച ഗോളുകള്‍ പിറന്ന നിമിഷം. ബോക്സിന് പുറത്ത് നിന്ന് തൊടുത്ത ഷോട്ട് ഗില്ലിനെ മറികടന്ന് വലയിലെത്തി.

കൂടുതല്‍ വായിക്കാം

ബ്ലാസ്റ്റേഴ്സ് ഇതുവരെ

എടികെ മോഹന്‍ ബഗാനോട് 4-2 ന്റെ തോല്‍വി വഴങ്ങിയായിരുന്നു ബ്ലാസ്റ്റേഴ്സ് സീസണിന് തുടക്കമിട്ടത്. പിന്നീട് ബെംഗളൂരു എഫ് സിയോടും നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനോടും സമനില. നാലാം മത്സരത്തില്‍ ഒഡീഷയോട് ജയം. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ ഗിയര്‍ മാറി. സീസണ്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ പോയിന്റ് പട്ടികയുടെ തലപ്പത്തേക്ക് എത്തി.

എന്നാല്‍ ടീമിലെ കോവി‍ഡ് വ്യാപനം ടീമിനെ തല്ലൊന്ന് തളര്‍ത്തി. ജയവും തോല്‍വി മിന്നിമറിഞ്ഞ രണ്ടാം പകുതി. അവസാനം അവേശപ്പോരാട്ടത്തില്‍ സെമി ഫൈനല്‍ ഉറപ്പിച്ചു. ജംഷധ്പൂരിനെതിരായ ആദ്യ പാദത്തില്‍ സഹല്‍ അബ്ദുള്‍ സമദിന്റെ ഏകെ ഗോളില്‍ ജയം. രണ്ടാം പാദത്തില്‍ സമനിലയും പിടിച്ച് ഫൈനലിലേക്ക് കുതിച്ചു.

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Isl final 2022 kerala blasters vs hyderabad fc live score updates