കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ എടികെ മോഹന്‍ ബഗാന് ജയം. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു എടികെ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. ദിമിത്രി പെട്രാറ്റോസ് (26, 62, 89), ജോണി കോക്കോ (38) ലെനി റോഡ്രിഗസ് (89) എന്നിവരാണ് എടികെയ്ക്കായി സ്കോര്‍ ചെയ്തത്. ഇവാന്‍ കാലിയുസ്നി (6), കെ പി രാഹുല്‍ (82) എന്നിവരാണ് ആതിഥേയര്‍ക്കായി ഗോള്‍ നേടിയത്.
അടിയും തിരിച്ചടിയുമായി ആദ്യ പകുതി
തുടക്കം മുതല്‍ ആക്രമണ ഫുട്ബോളാണ് ബ്ലാസ്റ്റേഴ്സ് സ്വീകരിച്ചത്. ആദ്യ അവസരം ലഭിച്ചത് സഹലിന് തന്നെയായിരുന്നു. ബോക്സിനുള്ള എടികെയുടെ പ്രതിരോധ നിരയെ അതിമനോഹരമായി ഡ്രിബിള്‍ ചെയ്ത് മുന്നേറാന്‍ സഹലിനായി. എന്നാല്‍ എടികെ ഗോളി വിശാല്‍ കെയ്ത്തിന്റെ അവസരോചിത ഇടപെടല്‍ അപകടം ഒഴിവാക്കി.
നഷ്ടപ്പെടുത്തിയ അവസരത്തിന് അടുത്ത സെക്കന്‍ഡില്‍ തന്നെ സഹല്‍ പകരം വീട്ടി. ബോക്സിനുള്ളിലൂടെ വീണ്ടുമൊരു നീക്കം. എടികെയുടെ പ്രതിരോധ നിരയെ മറികടന്ന് കലിയുസ്നിക്ക് പാസ്. എന്നാല്‍ പ്രതിരോധ താരങ്ങളാല്‍ വളയപ്പെട്ട കലിയുസ്നിക്ക് ഷോട്ടുതിര്‍ക്കാനായില്ല. മൂന്നേറ്റ തുടര്‍ന്നെങ്കിലും പൂട്ടിയയുടെ ഷോട്ട് ലക്ഷ്യം തെറ്റി.
ആറാം മിനിറ്റില്‍ ഇവാന്‍ കലിയുസ്നിയാണ് മഞ്ഞപ്പടയെ മുന്നിലെത്തിച്ചത്. സഹല്‍ അബ്ദുള്‍ സമദിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. രണ്ട് മത്സരത്തില്‍ നിന്ന് കലിയുസ്നിയുടെ മൂന്നാം ഗോളാണിത്. പിന്നീട് പതിഞ്ഞ താളത്തിലായിരുന്നു കളി. ഇരുടീമുകളും പന്ത് കൈവശം വച്ച് നീക്കങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ അവസരങ്ങള്‍ പിറന്നില്ല.
എന്നാല്‍ 26-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ പിഴവില്‍ നിന്ന് എടികെ ഗോള്‍ കണ്ടെത്തി. ഹ്യൂഗൊ ബോമസ് ബോക്സിനുള്ളിലേക്ക് പന്തുമായി എത്തിയപ്പോള്‍ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിര കാണിയായി മാറി. പന്ത് സ്വീകരിച്ച പെട്രാറ്റോസിന് ഫിനിഷ് ചെയ്യേണ്ട ചുമതല മാത്രമായിരുന്നു ഉണ്ടായിരുന്നത്.
38-ാം മിനിറ്റിലാണ് എടികെയുടെ രണ്ടാം ഗോള്‍ വീണത്. മന്‍വീര്‍ സിങ് ബോക്സിനുള്ളിലേക്ക് നല്‍കിയ പാസ് ക്ലിയര്‍ ചെയ്യാന്‍ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിര മറന്നു. അവസരം കണ്ട കോക്കോ ഓടിയെത്തി വലയിലേക്ക് ഷോട്ട് പായിച്ചു. മഞ്ഞപ്പടയുടെ കാവല്‍ക്കാരന് നോക്കി നില്‍ക്കാന്‍ മാത്രമായിരുന്നു കഴിഞ്‍ഞത്. എടിക 2-1 ന് മുന്നില്‍.
പ്രതിരോധിക്കാന്‍ മറന്ന മഞ്ഞപ്പട
ഒപ്പെത്തുക അല്ലെങ്കില്‍ ലീഡ് എടുക്കുക എന്ന ലക്ഷ്യമായിരുന്നു ബ്ലാസ്റ്റേഴ്സിനുണ്ടായിരുന്നത്. എന്നാല്‍ ആക്രമണ ഫുട്ബോള്‍ മാറ്റിവച്ച് പന്ത് കൈവശം വച്ചുള്ള നീക്കങ്ങളായിരുന്ന കളത്തില്‍ മഞ്ഞപ്പട നടത്തിയത്. 60-ാം മിനിറ്റില്‍ എടികെ പ്രതിരോധ താരം ഹാമിലിന്റെ ഹെഡര്‍ ഓണ്‍ഗോളായി മാറുമെന്ന് തോന്നിപ്പിച്ചെങ്കിലും വിശാലിന്റെ ഉഗ്രന്‍ സേവ് രക്ഷയായി.
62-ാം മിനിറ്റില്‍ വീണ്ടും ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഉലഞ്ഞു. ലിസ്റ്റിന്‍ കൊളാസോയുടെ പാസില്‍ നിന്ന് പെട്രാറ്റോസിന്റെ അനായാസ ഗോള്‍. മൂന്നാം ഗോള്‍ വഴങ്ങിയതിന് പിന്നാലെ സഹലിനേയും ഹര്‍മന്‍ജോസ് ഖബ്രയേയും ബ്ലാസ്റ്റേഴ്സ് വലിച്ചു. കെ പി രാഹുലും നിഷു കുമാറു കളത്തിലെത്തി. വൈകാതെ കലിയുസ്നിക്ക് പകം അപോസ്തലോസ് ജിയാനുവും ഇറങ്ങി.
പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ചിന്റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു രാഹുലിന്റെ പ്രകടനം. വലതു മൂലയില്‍ നിന്ന് താരം തൊടുത്ത ഷോട്ട് എടികെ ഗോളി വിശാലിന് കൈപ്പിടിയിലൊതുക്കാന്‍ സാധിച്ചില്ല. പന്ത് ഗോള്‍ ലൈന്‍ കടന്നു.
സമനിലയ്ക്കായുള്ള മഞ്ഞപ്പടയുടെ പോരാട്ടത്തിനിടെ എടികെ നാലാം ഗോള്‍ നേടി. വീണ്ടും പ്രതിരോധ പിഴവ് തന്നെ കാരണം. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ഹാട്രിക് തികയ്ക്കാനുള്ള അവസരം പെട്രാറ്റോസിനുണ്ടായിരുന്നിട്ടും ലെനിക്ക് പാസ് നല്‍കി. ബ്ലാസ്റ്റേഴ്സ് ഗോളി ഗില്‍ വീണ്ടും കാണിയായി മാറി.
നാലാം ഗോളിന്റെ ആഘാതത്തില്‍ നിന്ന് ഗ്യാലറി തിരിച്ചു കയറും മുന്‍പ് തന്നെ പെട്രാറ്റോസ് തന്റെ ഹാട്രിക് തികച്ചു. ലിസ്റ്റിന്‍ കൊളാസോയാണ് അസിസ്റ്റ് നല്‍കിയത്. സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ തോല്‍വിയാണിത്. ജയത്തോടെ എടികെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കേരള ബ്ലാസ്റ്റേഴ്സ്
ഗോള്‍കീപ്പര്‍: പ്രഭ്‌സുഖന്‍ ഗില്‍. പ്രതിരോധ നിര: ഹോര്‍മിപാം റുയ്‌വ, ഹര്‍മന്‍ജോത് ഖബ്ര, മാര്‍കോ ലെസ്‌കോവിച്ച്, ജെസെല്‍ കര്‍ണെയ്‌റോ. മധ്യനിര: ലാല്‍തംഗ ഖാല്‍റിങ്, സഹല്‍ അബ്ദുള്‍ സമദ്, അഡ്രിയാന്‍ ലൂണ, ജീക്‌സണ്‍ സിങ്. മുന്നേറ്റ നിര: ഇവാന്‍ കലിയുസ്നി, ദിമിട്രിയോസ് ഡയമന്റകോസ്.
എടികെ മോഹന്‍ ബഗാന്‍
ഗോള്‍കീപ്പര്‍: വിശാല്‍ കൈത്. പ്രതിരോധ നിര: ആശിഷ് റായ്, പ്രീതം കോട്ടാല്‍, ബ്രെണ്ടണ്‍ ഹാമില്‍, ദീപക് തങ്ക്രി. മധ്യനിര: ജോണി കോക്കോ, ആഷിഖ് കുരുണിയന്‍, ഹ്യൂഗൊ ബാവുമസ്. മുന്നേറ്റ നിര: മന്‍വീര്‍ സിങ്, ദിമിത്രി പെട്രാറ്റോസ്, ലിസ്റ്റണ്‍ കൊളാസോ.