കൊച്ചി: ഉദ്ഘാടന മത്സരത്തില്‍ മഞ്ഞക്കടല്‍ സാക്ഷി എസ് സി ഈസ്റ്റ് ബംഗാളിനെതിരെ 3-1 ന്റെ തകര്‍പ്പന്‍ ജയം. പിന്നീട് രണ്ട് മത്സരങ്ങളില്‍ മുന്നിലെത്തിയ ശേഷം തോല്‍വി വഴങ്ങി. എടികെ മോഹന്‍ ബഗാനോടും ഒഡിഷ എഫ് സിയോടുമായിരുന്നു പരാജയം.
തുടര്‍ തോല്‍വികള്‍ക്ക് ശേഷം വിജയവഴിയിലെത്താനായി ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. മുന്‍ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ് സിയാണ് മഞ്ഞപ്പടയുടെ എതിരാളികള്‍. രാത്രി ഏഴരയ്ക്ക് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.
മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ മുംബൈ സിറ്റിയെ ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ച് വാനോളം പുകഴ്ത്തി. കൃത്യമായ ധാരണയോടെ കളത്തിലെത്തുന്ന ടീമാണ് മുംബൈയെന്നും അവര്‍ കിരീടത്തിനായി പോരാടുന്നവരാണെന്നും ഇവാന്‍ പറഞ്ഞു.
ശക്തരായ ടീമിനെതിരെ മത്സരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. അവര്‍ക്ക് നല്ല താരങ്ങളുണ്ട്, മികച്ച ടീമാണ് മുംബൈ. എന്നാല്‍ കൂട്ടായ കളിയില്‍ പല ചെറിയ കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്, ഇവാന്‍ കൂട്ടിച്ചേര്‍ത്തു. വിജയവഴിയിലേക്ക് തിരിച്ചെത്തേണ്ടത് പ്രധാനമാണെന്നും ഇവാന്‍ ചൂണ്ടിക്കാണിച്ചു.
പ്രതിരോധത്തിലെ പിഴവുകളായിരുന്നു ബ്ലാസ്റ്റേഴ്സിന് രണ്ട് തോല്‍വികള്‍ സമ്മാനിച്ചത്. സീസണില്‍ ആറ് ഗോളുകള്‍ അടിച്ചപ്പോള്‍ എട്ടെണ്ണം വഴങ്ങി. എടികെ അഞ്ച് തവണയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍വല കുലുക്കിയത്.
നിലവില്‍ മൂന്ന് കളികളില്‍ നിന്ന് ഒരു ജയവും രണ്ട് തോല്‍വിയുമായി മഞ്ഞപ്പട പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്. സീസണില്‍ ഇതുവരെ തോല്‍വി അറിയാത്ത മുംബൈ ഒരു ജയവും രണ്ട് സമനിലയുമായി നാലാം സ്ഥാനത്തുമുണ്ട്.