scorecardresearch
Latest News

ഐഎസ്എല്ലില്‍ ഇന്ന് ബ്ലാസ്റ്റേഴ്സ്-എടികെ ക്ലാസിക്ക് പോരാട്ടം; മഞ്ഞപ്പടയുടെ ലക്ഷ്യം രണ്ടാം ജയം

സീസണിലെ ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനോട് നേടിയ ഉജ്വല ജയത്തിന്റെ ആത്മവിശ്വാസത്തിലാകും ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുക

ഐഎസ്എല്ലില്‍ ഇന്ന് ബ്ലാസ്റ്റേഴ്സ്-എടികെ ക്ലാസിക്ക് പോരാട്ടം; മഞ്ഞപ്പടയുടെ ലക്ഷ്യം രണ്ടാം ജയം
Photo: Facebook/ Kerala Blasters

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഒന്‍പതാം സീസണിലെ രണ്ടാം മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. കരുത്തരായ എടികെ മോഹന്‍ ബഗാനാണ് മഞ്ഞപ്പടയുടെ എതിരാളികള്‍. രാത്രി ഏഴരയ്ക്ക് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.

സീസണിലെ ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനോട് നേടിയ ഉജ്വല ജയത്തിന്റെ ആത്മവിശ്വാസത്തിലാകും ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുക. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഈസ്റ്റ് ബംഗാളിനെ ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകത്തില്‍ വച്ച് തകര്‍ത്തത്.

അഡ്രിയാന്‍ ലൂണയും അരങ്ങേറ്റക്കാരനായ ഇവാന്‍ കലിയുസ്നിയുമായിരുന്നു ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയത്. പകരക്കാരനായി ഇറങ്ങി പത്ത് മിനിറ്റിനുള്ളിലായിരുന്നു ഇവാന്‍ തന്റെ രണ്ട് ഗോളുകളും നേടിയത്.

വാസ്ക്വസിനും പെരേര ഡയാസിനും പകരക്കാരായി എത്തിയ അപ്പോസ്‌തോലോസ് ജിയാനൊ, ദിമിട്രിയോസ് ഡയമന്റകോസ് എന്നീ താരങ്ങള്‍ ടീമുമായി ഒത്തിണക്കത്തിലേക്ക് എത്തിയാല്‍ ബ്ലാസ്റ്റേഴ്സിന് കൂടുതല്‍ ഗോള്‍ നേടാനാകുമെന്നാണ് വിലയിരുത്തല്‍.

മറുവശത്ത് ആദ്യ മത്സരത്തില്‍ ചെന്നൈയിന്‍ എഫ് സിയോട് പരാജയം രുചിച്ചതിന് ശേഷമാണ് എടികെ എത്തുന്നത്. 2-1 നായിരുന്നു ചെന്നൈയിന്റെ വിജയം. ആദ്യം ജയം സ്വന്തമാക്കുക എന്ന സമ്മര്‍ദവും ബ്ലാസ്റ്റേഴ്സിനെതിരെ ഇറങ്ങുന്ന എടികെയ്ക്കുണ്ടാകും.

എന്നാല്‍ ബ്ലാസ്റ്റേഴ്സിനെതിരെ മികച്ച റെക്കോര്‍ഡാണ് എടികെയ്ക്കുള്ളത്. ഇതുവരെ നാല് മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ മൂന്ന് തവണ എടികെ വിജയിച്ചു. ഒരു മത്സരം സമനിലയിലും കലാശിച്ചു. മോശം റെക്കോര്‍ഡ് തിരുത്തുക എന്ന ലക്ഷ്യം മഞ്ഞപ്പടയ്ക്കുമുണ്ടാകും.

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Isl 2022 kerala blasters to take atk mohun began