ISL 2022-23, Kerala Blasters vs Jamshedpur FC Live Score Updates: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷദ്പൂര്‍ എഫ്സിക്കെതിരെയുള്ള മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് കൊമ്പന്മാരുടെ ജയം. ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി.
ജിയാന്നുവും ദിമിത്രസും അഡ്രിയാന്‍ ലൂണയുമാണ് കേരളത്തിന്റെ സ്കോറര്‍മാര്‍. മത്സരത്തില്‍ ഒന്‍പതാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിനായി ഓസ്ട്രേലിയന്‍ താരം അപോസ്തലസ് ജിയാനുവാണ് ആദ്യം ഗോള്‍ നേടിയത്. 17ാം മിനിറ്റില്‍ ജംഷഡ്പൂര്‍ ഗോള്‍ മടക്കി ഇന്ത്യന്‍ യുവതാരം ഇഷാന് പണ്ഡിതയുടെ മുന്നേറ്റം കയറിയെത്തിയ ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ പ്രഭ്സുഖന്‍ ഗില്‍ തട്ടിയകറ്റി. കിട്ടിയ അവസരം മുതലാക്കി ഡാനിയല്‍ ചിമ ബ്ലാസ്റ്റേഴ്സ് വലയിലേക്ക് തട്ടിയിട്ടു. ചിമയുടെ ഇടം കാല് ഷോട്ട് ചാടി തടുക്കാന്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം ലെസ്കോ ശ്രമിച്ചു. പക്ഷേ ലെസ്കോയുടെ കാലില്‍ തട്ടി പന്ത് വലയില്‍ തന്നെ വീഴുകയായിരുന്നു.
ആക്രമണം തുടര്‍ന്ന ബ്ലാസ്റ്റേഴ്സ് രണ്ടാമതും ലക്ഷ്യം കണ്ടു. 29ആം മിനുട്ടില്‍ കേരളത്തിന് പെനാള്‍ട്ടി ലഭിച്ചു. ജെസ്സലിന്റെ ഒരു ക്രോസില്‍ നിന്ന് ലഭിച്ച ഹാന്‍ഡ് ബോള്‍ ആണ് പെനാള്‍ട്ടിയായി മാറിയത്. പെനാള്‍ട്ടി എടുത്ത ദിമിത്രിസ് ദിയമന്റകോസിന് പിഴച്ചില്ല. സ്കോര്‍ 2-1. 66ആം മിനുട്ടിൽ ലൂണയിലൂടെ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ വന്നു. സഹല്‍, ഡയമന്റക്കോസ്, ജിയാനു എന്നിവര്‍ക്ക് പരസ്പരം പാസ് ചെയ്ത് ലഭിച്ച പന്ത് ലൂണ വലയിലെത്തിക്കുകയായിരുന്നു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2022-23 സീസണിലെ 12-ാം റൗണ്ട് മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷദ്പൂര്‍ എഫ് സിയെ നേരിട്ടത്. കഴിഞ്ഞ ഏഴ് മത്സരത്തില്‍ തോല്‍വിയറിയാത്തതിന്റെ ആത്മവിശ്വാസം ഇവാന് വുകുമനോവിച്ച് പരിശീലിപ്പിക്കുന്ന ബ്ലാസ്റ്റേഴ്സിനുണ്ടാകും. ലീഗിലെ അവസാന കളിയില്‍ ഒഡിഷയ്ക്കെതിരെ ആവേശ ജയമാണ് കൊച്ചിയില്‍ മഞ്ഞപ്പട നേടിയെടുത്തത്. പുതുവര്‍ഷത്തിലും മികച്ച ഫോം തുടരുക എന്ന ലക്ഷ്യമായിരിക്കും ടീമിനുള്ളത്. തുടര്‍ച്ചയായി എട്ടുമത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പ്.
മലയാളി താരങ്ങളായ സഹല്‍ അബ്ദുള്‍ സമദ്, രാഹുല്‍ കെ പി എന്നിവര്‍ സീസണില്‍ മിന്നും ഫോമിലാണ്. ഗോള്‍ അടിച്ചും അടിപ്പിച്ചും അഡ്രിയാന്‍ ലൂണ മധ്യനിരയില്‍ സജീവമാകുന്നതാണ് മഞ്ഞപ്പടയുടെ പ്രകടനത്തില്‍ നിര്‍ണായകമാകുന്നത്.
ജംഷദ്പൂര്‍ എഫ് സി – കേരള ബ്ലാസ്റ്റേഴ്സ് സംപ്രേഷണ വിവരങ്ങള്‍: Kerala Blasters vs Jamshedpur FC Match Details
ജംഷദ്പൂര്‍ എഫ് സി – കേരള ബ്ലാസ്റ്റേഴ്സ് മത്സരം ഇന്ത്യന്‍ സമയം രാത്രി 7.30-നാണ്. സ്റ്റാര്‍ സ്പോര്‍ട്സില്‍ കളിയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആപ്ലിക്കേഷനിലൂടെ ലൈവ് സ്ട്രീമിങ്ങും കാണാവുന്നതാണ്.