കൊച്ചി: മഹാമാരിയുടെ കെട്ടകാലം, പ്രളയം…ജനമനസുകളില്‍ നിന്നകറ്റി നിര്‍ത്തിയ നീണ്ട രണ്ട് വര്‍ഷത്തിന് ശേഷം മൈതാനം ഉണരുകയാണ്. കാല്പന്തുകളിയെ എന്നും ഹൃദയത്തിലേറ്റിയ മലയാളികള്‍ക്ക് മുന്നിലേക്ക് ഒരു ഫുട്ബോള്‍ കാലം കൂടിയെത്തുന്നു. ഐഎസ്എല്ലിന്റെ ഉദ്ഘാടന വേദിയായി എന്തിന് കൊച്ചി തിരഞ്ഞെടുത്തു എന്നതിന്റെ കാരണം മഞ്ഞപ്പട തന്നെ, അതിലാര്‍ക്കും തര്‍ക്കമുണ്ടാകില്ല.
ഐഎസ്എല്ലിനെ വരവേല്‍ക്കാന്‍ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം ഒരുങ്ങുമ്പോള്‍ അതിന് മാറ്റേകാന്‍ മഞ്ഞക്കടല്‍ തന്നെ സൃഷ്ടിച്ചിരിക്കുകയാണ് ആരാധകര്‍. ഇന്ന് രാവിലെ മുതല്‍ സ്റ്റേഡിയത്തിന്റെ വീഥികളില്‍ ആരാധകരുടെ ഒഴുക്കു തന്നെയായിരുന്നു. കൊച്ചിയുടെ തെരുവോരങ്ങള്‍ സൂപ്പര്‍ താരങ്ങളായ സഹലിന്റേയും ലൂണയുടേയുമൊക്കെ ജേഴ്സി അണിഞ്ഞവരെക്കൊണ്ട് നിറഞ്ഞു.
വൈകുന്നേരം നാലരയോടെയാണ് സ്റ്റേഡിയത്തിലേക്ക് ആരാധകരെ കയറ്റി വിടാന്‍ ആരംഭിച്ചത്. കാത്തിരുന്ന പതിനായിരങ്ങളുടെ മുന്നിലെ ഗെയിറ്റ് തുറന്നപ്പോള്‍ ആവേശം അണപൊട്ടി. ആരാധകരെ നിയന്ത്രിക്കാന്‍ പൊലീസ് പാടുപെടുകയായിരുന്നെന്ന് പറയാം. പിന്നീട് ഓരോ നിമിഷം കഴിയും തോറും സ്റ്റേഡിയത്തിലെ ഗ്യാലറികള്‍ നിറഞ്ഞു. മഞ്ഞയല്ലാതെ ഒരു നിറം കാണാനില്ലായിരുന്നു. മെക്സിക്കന്‍ വേവും ആര്‍പ്പുവിളികളുമായി ആരാധകര്‍ ആഘോഷം തുടങ്ങി.
ആറരയോടെ സ്റ്റേഡിയത്തിലേക്ക് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകന് ഇവാന് വുകുമനോവിച്ചിന്റെ എന്‍ട്രി. ആരാധകരെ അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു ആശാന്റെ വരവ്. ആരാധക സ്നേഹം വുകുമനോവിച്ച് ശരിക്കും അനുഭവിച്ച നിമിഷങ്ങളായിരുന്നു പിന്നീട്. ആരാധകരെ നെഞ്ചില്‍ തട്ടി അഭിവാദ്യം ചെയ്ത് വുകുമനോവിച്ച് മടങ്ങി. പിന്നീട് കാത്തിരിപ്പിന്റെ നിമിഷങ്ങളായിരുന്നു. കാല്പ്പന്തുരുളുന്നത് കാണാനുള്ള കാത്തിരിപ്പ്.
ആറരയോടെ ഈസ്റ്റ് ബംഗാളും ആറേമുക്കാലോടെ കേരള ബ്ലാസ്റ്റേഴ്സും അവസാന വട്ട പരിശീലനത്തിനിറങ്ങി. ഇരുടീമുകളിലേയും താരങ്ങളെ ആവേശത്തോടെയാണ് ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് വരവേറ്റത്. കൃത്യം ഏഴരയ്ക്ക് തന്നെ കളിയാരംഭിച്ചതോടെ ആരാധകര്‍ സ്റ്റേഡിയത്തില്‍ പ്രകമ്പനം കൊള്ളിച്ചു.
മഴകാത്ത് നില്ക്കുന്ന വേഴാമ്പലിനെപോലെ എന്ന പറച്ചിലിന്റെ ഉദാഹരണമായി മാറി ആദ്യ പകുതിയിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം. ഗോള്‍ വീഴും വീഴും എന്ന് തോന്നിപ്പിച്ചെങ്കിലും സംഭവിച്ചില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ പലിശയടക്കം വീട്ടുന്ന പ്രകടനമായിരുന്നു മഞ്ഞപ്പടയുടേത്. 71-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണ ഈസ്റ്റ് ബംഗാളിന്റെ വലകുലുക്കിയപ്പോള്‍ രണ്ട് വര്‍ഷമായി അടക്കി വച്ചിരുന്ന ആവശം കൊടുമുടിയിലെത്തി.
ഇവാന് കലിയുസ്നി എന്ന അരങ്ങേറ്റക്കാരന്‍ രണ്ട് ഗോളടിച്ച് ആരാധകരെ മാത്രമല്ല ഈസ്റ്റ് ബംഗാളിനെയും ഞെട്ടിച്ചു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ തനതു ശൈലിയില്‍ കൈകള്‍ കൂട്ടിയടിച്ച് ആഘോഷം. താരങ്ങളും ഒത്തുചേര്‍ന്നതോടെ സ്റ്റേഡിയത്തില്‍ കയ്യടികളുടെ തിരമാല തന്നെ സംഭവിച്ചു.