ISL 2022-23, Kerala Blasters vs East Bengal Score Updates: കൊച്ചി: ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു കൊമ്പന്മാര് കളത്തിലാറാടിയത്. ഇവാന് കലിയുസ്നി ഇരട്ടഗോള്‍ നേടി, അഡ്രിയാന്‍ ലൂണയാണ് മറ്റൊരു സ്കോറര്‍. അലക്സ് ലിമയാണ് ഈസ്റ്റ് ബംഗാളിന്റെ ആശ്വാസ ഗോള്‍ നേടിയത്.
ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തുന്ന ബ്ലാസ്റ്റേഴ്സിനെയായിരുന്നു കളത്തില്‍ കണ്ടത്. അഡ്രിയാന്‍ ലൂണ, അപ്പോസ്തോലോസ് ജിയാനൊ എന്നിവരുടെ ഗോളെന്നുറച്ച ഷോട്ടുകള്‍ ഈസ്റ്റ് ബംഗാള്‍ ഗോളി അമല്‍ജിത് സിങ് തട്ടിയകറ്റി. എന്നാല്‍ 71-ാം മിനിറ്റില്‍ കാത്തിരുന്ന നിമിഷമെത്തി.
ഹര്‍മന്‍ജോത് ഖബ്ര നല്കിയ ലോങ് ക്രോസ് അനായാസം വലയിലെത്തിച്ച് ലൂണ ആദ്യ ഗോള്‍ നേടി. ഗ്യാലറി ആര്‍ത്തിരമ്പിയപ്പോള്‍ ആഘോഷങ്ങള്‍ മാറ്റി നിര്‍ത്തി അകാലത്തില്‍ വിട്ടുപോയ മകള്‍ ജൂലിയറ്റയ്ക്ക് ലൂണ ഗോള്‍ സമര്‍പ്പിച്ചു. മൈതാനത്ത് വിതുമ്പിയ ലൂണയുടെ പേരേറ്റുവിളിച്ച് ആരാധകര്‍ ആശ്വസിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്.
അപ്പോസ്തോലോസ് ജിയാനോയ്ക്ക് പകരക്കാരനായി 79-ാം മിനിറ്റിലായിരുന്നു ഇവാന് കലിയുസ്നി കളത്തിലെത്തിയത്. രണ്ട് മിനിറ്റിനുള്ളില്‍ തന്നെ അരങ്ങേറ്റ മത്സരത്തില്‍ ഇവാല്‍ ലക്ഷ്യം കണ്ടു. ബിദ്യാസാഖര് സിങ്ങിന്റെ പാസ് സ്വീകരിച്ച ഇവാന് ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്.
87-ാം മിനിറ്റില്‍ അലക്സി ലിമ ഈസ്റ്റ് ബംഗാളിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തി. സമനില നേടാമെന്ന ഈസ്റ്റ് ബംഗാളിന്റ മോഹങ്ങള്‍ തകര്‍ത്തുകൊണ്ട് ഇവാന് ബ്ലാസ്റ്റേഴ്സിന്റെ ലീഡ് രണ്ടായി ഉയര്‍ത്തി. ഈസ്റ്റ് ബംഗാളിന്റെ ബോക്സില്‍ നിന്ന് റീബൗണ്ട് ചെയ്തെത്തിയ പന്താണ് ഗോളിന് വഴിവച്ചത്. ബോക്സിന് പുറത്ത് നിന്ന് ഇവാന് തൊടുത്ത ഷോട്ട് ഈസ്റ്റ് ബംഗാള്‍ ഗോളി അമല്‍ജിത്ത് ഒരു അവസരം പോലും നല്‍കാതെ ഗോള്‍വര കടന്നു.
ഗോള്‍ വീഴാതെ ആദ്യ പകുതി
കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാള്‍ മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതം. പന്തടക്കത്തിലും മുന്നേറ്റത്തിലും ബ്ലാസ്റ്റേഴ്സിനായിരുന്നു മേല്‍ക്കൈ. ഗോളെന്നുറപ്പിച്ച് നിരവധി അവസരങ്ങള്‍ സൃഷ്ടിക്കാനും മഞ്ഞപ്പടയ്ക്കായിരുന്നു. പക്ഷെ ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയായി. അഞ്ചാം മിനിറ്റിലായിരുന്നു കോര്‍ണറിലൂടെ ബ്ലാസ്റ്റേഴ്സിന് ഗോള്‍ പ്രതീക്ഷ നല്കിയ ആദ്യ നിമിഷം. ആഡ്രിയാന്‍ ലൂണയുടെ വലം കാലില്‍ നിന്ന് അതിമനോഹരമായ ക്രോസ്. മാര്‍ക്കൊ ലെസ്കോവിച്ച് തല വച്ചെങ്കിലും ലക്ഷ്യം തെറ്റി. പന്ത് പോസ്റ്റിന് പുറത്തേക്ക്.
ഏഴാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിന്റെ ഗംഭീര മുന്നേറ്റമുണ്ടായി. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയെ കബളിപ്പിച്ചുകൊണ്ട് അലക്സ് ലീമയുടെ കുതിപ്പ്. ഗോളെന്നുറപ്പിച്ച പന്തില്‍ പ്രഭ്സുഖന്‍ ഗില്ലിന്റെ സേവ്. പിന്നീട് ലഭിച്ച കോര്‍ണര്‍ ഉപയോഗിക്കാന്‍ സന്ദര്‍ശകര്‍ക്കായില്ല. ഒന്‍പതാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധ പിഴവ് മുതലെടുന്ന് ബ്ലാസ്റ്റേഴ്സ് നായകന് ജെസല്‍ ബോക്സ് ലക്ഷ്യമാക്കി കുതിച്ചു. ബോക്സിനുള്ളില്‍ അപ്പോസ്തോലോസ് ജിയാനോവിന് ഗോള്‍ നേടാനുള്ള സുവര്‍ണാവസരം പിറന്നു. ആദ്യ ടച്ചില്‍ തന്നെ ഷോട്ടിന് ശ്രമിച്ച ജിയാനോയ്ക്ക് പിഴയ്ക്കുകയായിരുന്നു. പന്ത് ഗോള്‍ പോസ്റ്റിനെ തലോടി പുറത്തേക്ക്.
പിന്നീട് ഇരുടീമുകള്‍ക്കും കാര്യമായ ചലനങ്ങള്‍ മൈതാനത്തുണ്ടാക്കാന് സാധിച്ചില്ല. ഇടതു വിങ്ങിലേക്ക് സഹലെത്തിയതോടെ ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിന് കരുത്തു പകര്‍ന്നു. ഈസ്റ്റ് ബംഗാള്‍ പ്രതിരോധ നിരയെ നിഷ്പ്രയാസം ഡ്രിബിള്‍ ചെയ്ത് സഹലിന്റെ നീക്കം. ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന പൂട്ടിയിലേക്ക് സഹല്‍ പന്ത് നല്കി. പൂട്ടിയ തൊടുത്ത ഷോട്ടും ലക്ഷ്യം തെറ്റി. 41-ാം മിനിറ്റില്‍ ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തി അഡ്രിയാന്‍ ലൂണയുടെ ഫ്രീകിക്ക്. എന്നല്‍ ഈസ്റ്റ് ബംഗാള്‍ ഗോളി കമല്‍ജിത്ത് അപകടമൊഴിവാക്കി. കമല്‍ജിത്തിന്റെ അവസാന നിമിഷത്തിലെ ചുവടുമാറ്റമായിരുന്നു ലൂണയ്ക്ക് ഗോള്‍ നിഷേധിച്ചത്.
ബ്ലാസ്റ്റേഴ്സ് ടീം
ഗോള്‍കീപ്പര്‍: പ്രഭ്സുഖന്‍ ഗില്‍. പ്രതിരോധ നിര: ഹോര്‍മിപാം റുയ്വ, ഹര്‍മന്‍ജോത് ഖബ്ര, മാര്‍കോ ലെസ്കോവിച്ച്, ജെസെല്‍ കര്‍ണെയ്റോ. മധ്യനിര: ലാല്‍തംഗ ഖാല്‍റിങ്, സഹല്‍ അബ്ദുള്‍ സമദ്, അഡ്രിയാന്‍ ലൂണ, ജീക്സണ് സിങ്. മുന്നേറ്റ നിര: അപ്പോസ്തോലോസ് ജിയാനോ, ദിമിട്രിയോസ് ഡയമന്റകോസ്.
ഈസ്റ്റ് ബംഗാള്‍
കമല്‍ജിത്ത് സിങ്, അങ്കിത് മുഖര്‍ജി, ഇവാന് ഗോണ്‍സാലസ്, മൊഹമ്മദ് റകിപ്, ജെറി ലാല്‍റിന്‍സുവാല, അലക്സ് ലിമ, അമര്‍ജിത് കിയാം, അനികേത് ജാധവ്, സൗവിക് ചക്രബര്‍ത്തി, ക്ലെയിട്ടണ് സില്‍വ, എലിയാന്ഡ്രൊ.