ISL 2022-23, Kerala Blasters vs Bengaluru FC Score Updates: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ (ഐഎസ്എല്‍) ആദ്യ എലിമിനേറ്ററില്‍ കേരള ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു മത്സരത്തിന്റെ അധിക സമയത്ത് നാടകീയ മുഹൂര്‍ത്തങ്ങള്‍.
96-ാം മിനുറ്റില്‍ ബംഗളൂരുവിന് അനുകൂലമായ ഫ്രി കിക്ക്. റഫറിയുടെ വിസില്‍ മുഴങ്ങുന്നതിന് മുന്‍പ് കിക്ക് എടുത്ത് സുനില്‍ ഛേത്രി ഗോളാക്കി. ഗോള്‍ വീണതിന് പിന്നാലെ പ്രതിഷേധവുമായി ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ റഫറിയെ വളയുകയായിരുന്നു. തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ച് താരങ്ങളെ തിരിച്ചു വിളിച്ചു.
ബെംഗളൂരു പരിശീലകനും താരങ്ങള്‍ക്കും ഹസ്തദാനം കൊടുത്ത് വുകുമനോവിച്ച് കളം വിടുകയായിരുന്നു. രാഹുല്‍ കെ പി റഫറിയോട് ഏറെ നേരം വാഗ്വാദം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മാച്ച് കമ്മിഷണര്‍ അടക്കമുള്ളവര്‍ കളത്തില്‍ ചര്‍ച്ചയ്ക്കായി എത്തി. റഫറിമാരോടും ഇരുടീമുകളുമായി കമ്മിഷണര്‍ സംസാരിച്ചു.
ഒടുവില്‍ റഫറിക്ക് ഫൈനല്‍ വിസില്‍ മുഴക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതോടെ സുനില്‍ ഛേത്രിയുടെ ഗോളില്‍ സെമി ഫൈനലിലേക്ക് ബെംഗളൂരുവിന് പ്രവേശിച്ചു. അടുത്ത ചൊവ്വാഴ്ച നടക്കുന്ന സെമിയില്‍ ബെംഗളൂരു മുംബൈ സിറ്റി എഫ് സിയെ നേരിടും.
കഠിനം ആദ്യ പകുതി
വളരെ പോസിറ്റീവായി ബെംഗളൂരു ആരംഭിച്ചപ്പോള്‍ അഗ്രസീവ് ഗെയിമായിരുന്നു ബ്ലാസ്റ്റേഴ്സ് സ്വീകരിച്ചത്. മുന്നേറ്റത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയ ബെംഗളൂരു ആദ്യ പത്ത് മിനുറ്റുകളില്‍ നിരവധി തവണ ബ്ലാസ്റ്റേഴ്സിന്റെ പോസ്റ്റിലേക്ക് അടുത്തെത്തി. എന്നാല്‍ പോസ്റ്റിനുള്ളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ റോയ് കൃഷ്ണയ്ക്കൊ സാവി ഹെര്‍ണാണ്ടസിനൊ സാധിച്ചില്ല.
ആദ്യ 15 മിനുറ്റുകളില്‍ 60 ശതമാനം പന്തടക്കമുണ്ടായിട്ടും ബെംഗളൂരുവിന് ഭീഷണി ഉയര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. പക്ഷെ 11-ാം മിനുറ്റില്‍ ഒരു ടീം പ്ലെയിലൂടെ ബെംഗളൂരുവിന്റെ ബോക്സിലേക്ക് ബ്ലാസ്റ്റേഴ്സ് എത്തി. വിബിന്‍ ബോക്സിന്റെ വലത് മൂലയില്‍ നിന്ന് ഇടത് മൂലയിലുള്ള ജെസലിലേക്ക്. എന്നാല്‍ അഡ്രിയാന്‍ ലൂണ ഓഫ് സൈഡ് ആയതോടെ മുന്നേറ്റം അവസാനിച്ചു.
21-ാം മിനുറ്റില്‍ ലൂണയുടെ ക്രോസില്‍ ദിമിത്രിയോസ് തലവയ്ക്കാന്‍ ശ്രമിച്ചെങ്കിലും ബെംഗളൂരുവിന്റെ പ്രതിരോധം അനുവദിച്ചില്ല. 25-ാം മിനുറ്റില്‍ രണ്ട് തവണ റോയ് കൃഷ്ണ ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഭേദിച്ചു. ആദ്യ തവണ ഗോളി പ്രഭ്സുഖൻ ഗില്‍ രക്ഷകനായപ്പോള്‍, രണ്ടാം തവണ റോയ് കൃഷ്ണ ഹെഡര്‍ പാഴാക്കുകയായിരുന്നു.
31-ാം മിനുറ്റില്‍ കോര്‍ണറില്‍ നിന്ന് വിക്ടര്‍ മോങ്കില്‍ സുവര്‍ണാവസരം പാഴാക്കി. തന്റെ പിഴവുകള്‍ പ്രതിരോധത്തിലും വിക്ടര്‍ ആവര്‍ത്തിക്കുന്നതാണ് പിന്നീട് കണ്ടത്. റോയ് കൃഷ്ണയുടെ മുന്നേറ്റം രണ്ട് തവണയാണ് ബോക്സിനുള്ളില്‍ തടയുന്നതില്‍ പരാജയപ്പെട്ടത്. മാര്‍ക്കൊ ലെസ്കോവിച്ച് പിന്നീട് പന്ത് ക്ലിയര്‍ ചെയ്യുകയായിരുന്നു.
പൊരുതിയ രണ്ടാം പകുതി
രണ്ടാം പകുതിയുടെ തുടക്കത്തിലും ബെംഗളൂരുവിന്റെ ആധിപത്യമായിരുന്നു. റോഷന്‍ നൗറമിന്റെ ക്രോസ് സാവിയര്‍ ഹെര്‍ണാണ്ടസ് ഹെഡ് ചെയ്തെങ്കിലും ഓഫ് ടാര്‍ഗറ്റ് ആവുകയായിരുന്നു. വൈകാതെ ബ്ലാസ്റ്റേഴ്സിന്റെ കൗണ്ടര്‍ അറ്റാക്ക്. ദിമിത്രിയോസിന് ഫൗള്‍ ചെയ്തതിന് ഫ്രീ കിക്ക് ലഭിച്ചെങ്കിലും ലൂണയ്ക്ക് പിഴയ്ക്കുകയായിരുന്നു.
59-ാം മിനുറ്റില്‍ മത്സരത്തിലെ ഏറ്റവും മികച്ച നിമിഷം പിറന്നു. ബെംഗളൂരുവിന്റെ മുന്നേറ്റ, ബോക്സിന് പുറത്ത് നിന്ന് പാസ് സ്വീകരിച്ച റോയ് കൃഷ്ണ പന്ത് സുരേഷിന് കൈമാറി. സുരേഷ് തൊടുത്ത ബുള്ളറ്റ് ഷോട്ട് തന്റെ ശരീരം മുഴുവന്‍ ഉപയോഗിച്ച് ഡൈവ് ചെയ്ത് ഗില്‍ തട്ടിയകറ്റി.
83-ാം മിനുറ്റിലാണ് ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്ന് കാര്യമായൊരു നീക്കമുണ്ടായത്. വലത് മൂലയില്‍ നിന്ന് ആയുഷ് അധികാരി ബോക്സിനുള്ളില്‍ നിന്ന് പന്ത് ഉയര്‍ത്തി നല്‍കി. ബെംഗളൂരു പ്രതിരോധ നിരയെ വകഞ്ഞു മാറ്റി ദിമിത്രിയോസ് പന്തിന് തലവച്ചു. എന്നാല്‍ ബെംഗളൂരു ഗോള്‍ ഗുര്‍പ്രീതിനെ മറികടക്കാനായില്ല.
രണ്ട് മിനുറ്റുകള്‍ക്ക് ശേഷം ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മുന്നേറ്റവും മൈതാനത്ത് കണ്ടു. ബോക്സിന്റെ വലതു മൂലയില്‍ നിന്ന് രാഹുലിന്റെ നിലം പറ്റ ക്രോസ്. എന്നാല്‍ ഓടിയെത്തിയ ലൂണയ്ക്ക് പന്തില്‍ തലവയ്ക്കാനായില്ല. 86-ാം മിനുറ്റില്‍ സഹലിന്റെ ഒറ്റയാള്‍ മുന്നേറ്റം. സഹലിന്റെ ഷോട്ടിന് ബെംഗളൂരു ഗോള്‍വലയില്‍ നിന്ന് അകന്നുമാറി.
കേരള ബ്ലാസ്റ്റേഴ്സ്
പ്രഭ്സുഖൻ ഗില്‍, ജെസൽ കാർണെയിറൊ, നിഷു കുമാർ, വിക്ടർ മോങ്കിൽ, മാർക്കോ ലെസ്കോവിച്ച്, വിബിൻ മോഹനൻ, ജീക്സൺ സിങ്, അഡ്രിയാൻ ലൂണ, ഡാനിഷ് ഫാറൂഖ്, ദിമിത്രിയോസ് ഡയമന്റക്കോസ്, രാഹുൽ കെപി.
ബെംഗളൂരു എഫ് സി
ഗുർപ്രീത് സന്ധു, സന്ദേശ് ജിംഗൻ, അലക്‌സാണ്ടർ ജോവനോവിച്ച്, റോഷൻ നൗറെം, പ്രബീർ ദാസ്, രോഹിത് കുമാർ, ഹാവിയർ ഹെർണാണ്ടസ്, സുരേഷ് വാങ്ജാം, ബ്രൂണോ സിൽവ, റോയ് കൃഷ്ണ, ശിവ നാരായണൻ.
പ്രിവ്യു
സീസണിന്റെ തുടക്കത്തില്‍ കുതിച്ച ബ്ലാസ്റ്റേഴ്സ് അവസാനമായപ്പോഴും കിതയ്ക്കുന്ന കാഴ്ചയാണ് ടൂര്‍ണമെന്റില്‍ കണ്ടത്. അവസാന അഞ്ച് മത്സരങ്ങളില്‍ നാല് കളിയും പരാജയപ്പെട്ടു, ഒരു കളി മാത്രമാണ് വിജയിക്കാനായത്. അതുകൊണ്ട് തന്നെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
പോയിന്റ് പട്ടികയില്‍ പിന്നോട്ട് പോയതാണ് ബെംഗളൂരുവിന്റെ നാട്ടില്‍ കളിക്കേണ്ട സ്ഥിതിയിലേക്ക് ബ്ലാസ്റ്റേഴ്സ് എത്തിയത്. അല്ലെങ്കില്‍ എലിമിനേറ്റര്‍ കൊച്ചിയിലായേനെ. ബ്ലാസ്റ്റേഴ്സിന്റെ നേര്‍ വിപരീതമാണ് ബെംഗളൂരുവിന്റെ കാര്യം. അവസാനം കളിച്ച എട്ടില്‍ എട്ടും ജയിച്ചാണ് സുനില്‍ ഛേത്രിയും കൂട്ടരും പ്ലെ ഓഫിലേക്ക് കുതിച്ചത്.
എന്നാല്‍ എലിമിനേറ്ററില്‍ ബ്ലാസ്റ്റേഴ്സ് അടിമുടി മാറുമെന്നാണ് പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ച് പറയുന്നത്. ജയിക്കാന്‍ വേണ്ടി മാത്രമായിരിക്കും കണ്ഡീവരയില്‍ പന്തു തട്ടുകയെന്ന പ്രഖ്യാപനം ഇവാന്‍ നടത്തിക്കഴിഞ്ഞു. ഇവാന്‍ കാലിയുസ്നിക്ക് സസ്പെന്‍ഷന്‍ ലഭിച്ചത് ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയാണ്.