ISL 2022-23, Kerala Blasters FC vs NorthEast United FC Score Updates: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്എല്‍) നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. 42, 44 മിനുറ്റുകളില്‍ ദിമിത്രിയോസ് ഡയമന്റക്കോസ് നേടിയ ഗോളുകളാണ് ജയം സമ്മാനിച്ചത്. ജയത്തോടെ 15 കളികളില്‍ നിന്ന് 28 പോയിന്റുമായി ബ്ലാസ്റ്റേഴ്സ പട്ടികയില്‍ മൂന്നാമതെത്തി.
15-ാം മിനുറ്റിലാണ് ബ്ലാസ്റ്റേഴ്സിന് ആദ്യ സുവര്‍ണാവസരം ഒരുങ്ങിയത്. ആഡ്രിയാന്‍ ലൂണയുടെ ബാക്ക് ഹീല്‍ പാസ് സ്വീകരിച്ച് ബ്രൈസ് മിറാന്‍ഡ ബോക്സിനുള്ളിലേക്ക് അതിവേഗ ക്രോസ് നല്‍കി. ആദ്യ ടച്ചില്‍ തന്നെ ഷോട്ടിന് ശ്രമിച്ച അപൊസ്തലോസ് ജിയാനുവിന്റെ ഇടം കാലിന് പിഴച്ചു. പന്ത് പോസ്റ്റിന് ഉരുമി പുറത്തേക്ക്.
വൈകാതെ തന്നെ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മുന്നേറ്റവും കളത്തില്‍. ഇത്തവണ വലതു വിങ്ങിലൂടെ രാഹുല്‍ കെ പിയായിരുന്നു അവസരമൊരുക്കിയത്. ബോക്സിനുള്ളിലേക്ക് രാഹുലിന്റെ അളന്നു മുറിച്ചുള്ള പാസ് എത്തി. എന്നാല്‍ ബോക്സിനുള്ളിലുണ്ടായിരുന്നു ലൂണയും ദിമിത്രിയോസ് ഡയമന്റക്കോസും പന്തിലേക്ക് ഡൈവ് ചെയ്തെങ്കിലും ഫലമുണ്ടായില്ല.
29-ാം മിനുറ്റിലായിരുന്നു ഗോളെന്ന് ഉറപ്പിച്ച നിമിഷം വന്നത്. ഇത്തവണയും ഇടത് വിങ്ങിലൂടെ മുന്നേറ്റത്തിന് തുടക്കമിട്ടത് ബ്രൈസ് തന്നെ. ബ്രൈസിന്റെ ബോക്സിലേക്കുള്ള ക്രോസ് ക്ലിയര്‍ ചെയ്യാന്‍ നോര്‍ത്ത് ഈസ്റ്റ് പ്രതിരോധ നിരയ്ക്ക് സാധിച്ചില്ല. ഓടിയെത്തിയ ലൂണയുടെ കാലുകളിലേക്ക് പന്തെത്തി. അനായം ടാപ്പ് ഇന്നിലൂടെ ഗോള്‍ നേടാനുള്ള അവസരം ലൂണ പാഴാക്കി.
42-ാം മിനുറ്റിലാണ് തുടരാക്രമണങ്ങള്‍ ആദ്യമായി ഫലം കണ്ടത്. ത്രൊ ഇന്‍ അതിവേഗം എടുത്ത ജെസല്‍ കാര്‍ണെയിറൊ ബ്രൈസിന് പന്ത് കൈമാറി. കോര്‍ണറിനടുത്ത് നിന്ന് ബ്രൈസിന്റെ ക്രോസ്. ഉയര്‍ന്നെത്തിയ പന്തില്‍ തലവച്ച് ദിമിത്രിയോസ് മഞ്ഞപ്പടയ്ക്ക് ആദ്യ ഗോള്‍ നേടിക്കൊടുത്തു.
ആദ്യ ഗോളിന്റെ ആവേശം അവസാനിക്കുന്നതിന് മുന്‍പ് തന്നെ ദിമിത്രിയോസിന്റെ ഇരട്ടപ്രഹരം വന്നു. നോര്‍ത്ത് ഈസ്റ്റിന്റെ പ്രതിരോധ പിഴവ് മുതലെടുത്ത് അഡ്രിയാന്‍ ലൂണ ദിമിത്രിയോസിന് ത്രൂ പാസ് നല്‍കി. പന്തുമായി പോസ്റ്റിലേക്ക് കുതിച്ച ദിമിത്രിയോസിന്റെ മുന്നിലുണ്ടായിരുന്നത് ഗോളി മാത്രം. പന്ത് അനായാസം വലയില്‍.
രണ്ടാം പകുതിയിലും വിട്ടുവീഴ്ചയില്ലാത്ത ആക്രമണമായിരുന്നു ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. 55-ാം മിനുറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ജിതിനില്‍ നിന്ന് പന്ത് വീണ്ടെടുത്ത് രാഹുലിന്റെ മുന്നേറ്റം. പക്ഷെ ബോക്സിനുള്ളില്‍ നിന്ന് താരം തൊടുത്ത ഷോട്ട് ആരോണ്‍ ഇവാന്‍സ് ബ്ലോക്ക് ചെയ്തു.
61-ാം മിനുറ്റില്‍ രണ്ട് മാറ്റങ്ങള്‍ ഇവാന്‍ വുകുമനോവിച്ച് വരുത്തി. ബ്രൈസ് മിറാന്‍ഡയേയും ഹര്‍മന്‍ജോത് ഖബ്രയേയും തിരിച്ചുവിളിച്ചു. പകരം സഹല്‍ അബ്ദുള്‍ സമദും നിഷു കുമാറും കളത്തിലെത്തി. പിന്നീടും ഗോളിനായുള്ള ശ്രമങ്ങള്‍ മഞ്ഞപ്പട തുടര്‍ന്നു. ജിയാനുവും ദിമിത്രിയോസും പലതവണ നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ മുഖത്തേക്ക് ഷോട്ടുകള്‍ ഉതിര്‍ത്തു.
72-ാം മിനുറ്റില്‍ ജിയാനുവിനേയും രാഹുലിനേയും പിന്‍വലിച്ച് ഇവാന്‍ കാലിയുസ്നിയേയും ആയുഷ് അധികാരിയേയും കളത്തിലെത്തിച്ചു. പിന്നീട് സഹലിന്റെ ഒറ്റയാള്‍ പോരാട്ടങ്ങളായിരുന്നു മൈതാനത്ത്. പലതവണ താരം ഇടതു വിങ്ങില്‍ നിന്ന് ഗോള്‍ ശ്രമങ്ങള്‍ നടത്തി. നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം മറികടക്കാന്‍ സഹലിന്റെ ഷോട്ടുകള്‍ക്കായില്ല.
കേരള ബ്ലാസ്റ്റേഴ്സ്
കരൺജിത് സിങ്, റൂയിവ ഹോർമിപാം, ഹർമൻജോത് ഖബ്ര, ജെസൽ റാം, വിക്ടർ മോംഗിൽ, ജീക്‌സൺ സിങ്, അഡ്രിയാൻ ലൂണ, ബ്രൈസ് മിറാൻഡ, അപ്പോസ്‌തലോസ് ജിയാനു, കെ പി രാഹുല്‍, ദിമിത്രിയോസ് ഡയമന്റക്കോസ്.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്
അരിന്ദം ഭട്ടാചാര്യ, ഗുർജീന്ദർ കുമാർ, ഗൗരവ് ബോറ, അലക്‌സ് സജി, ആരോൺ ഇവാൻസ്, റൊമെയ്‌ൻ ഫിലിപ്പോക്‌സ്, എമിൽ ബെന്നി, പ്രഗ്യാൻ ഗൊഗോയ്, ജോസെബ ബെയ്‌റ്റിയ, കുലെ എംബോംബോ, ജിതിൻ എം.എസ്.
പ്രിവ്യു
തോല്‍വിയറിയാതെയുള്ള കുതിപ്പിന് ശേഷം രണ്ട് മത്സരങ്ങളില്‍ വമ്പന്‍ തോല്‍വി വഴങ്ങിയതിന് ശേഷമാണ് മഞ്ഞപ്പട കളത്തിലെത്തുന്നത്. മുംബൈ സിറ്റി എഫ് സിയോടും (4-0) എഫ് സി ഗോവയോടും (3-1) ആയിരുന്നു പരാജയങ്ങള്‍. ഒന്നെങ്കില്‍ തുടര്‍ ജയങ്ങള്‍ അല്ലെങ്കില്‍ പരാജയങ്ങള്‍ എന്ന രീതിയിലാണ് സീസണിലെ മഞ്ഞപ്പടയുടെ പോക്ക്.
നിര്‍ണായക താരമായ സന്ദീപ് സിങ്ങിനേറ്റ പരുക്കാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചിടിയാകുന്നത്. റൈറ്റ് ബാക്കില്‍ സന്ദീപിന്റെ സാന്നിധ്യം ടീമിനെ സന്തുലിതമാക്കിയിരുന്നു. താരത്തിന്റെ അഭാവത്തെ പരിശീലകന്‍ വുകുമനോവിച്ച് എങ്ങനെ മറികടക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ടീം വിജയ വഴിയിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷ വുകുമനോവിച്ച് കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.
മറുവശത്ത് പ്ലെ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ച നോര്‍ത്ത് ഈസ്റ്റിന് ആശ്വസ ജയങ്ങള്‍ നേടുക എന്ന ലക്ഷ്യം മാത്രമായിരിക്കും ഉണ്ടാകുക. സീസണില്‍ കളിഞ്ഞ 15 മത്സരങ്ങളില്‍ 13 എണ്ണത്തിലും പരാജയം രുചിച്ചു. ഒരു ജയവും ഒരു സമനിലയും മാത്രമാണ് ടീമിന്റെ സമ്പാദ്യം.
നിലവില്‍ 14 മത്സരങ്ങളില്‍ നിന്ന് 25 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ഇന്ന് ജയിക്കാനായാല്‍ പ്ലെ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ മഞ്ഞപ്പടയ്ക്ക് സാധിക്കും. ഐഎസ്എല്‍ ചരിത്രത്തില്‍ ഇരുടീമുകളും 17 തവണ നേര്‍ക്കുനേര്‍ വന്നു. ഏഴ് മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സ് വിജയിച്ചപ്പോള്‍ ആറെണ്ണം നോര്‍ത്ത് ഈസ്റ്റും സ്വന്തമാക്കി.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് – കേരള ബ്ലാസ്റ്റേഴ്സ് സംപ്രേഷണ വിവരങ്ങള്‍: Kerala Blasters vs NorthEast United FC Match Details
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് – കേരള ബ്ലാസ്റ്റേഴ്സ് മത്സരം ഇന്ത്യന്‍ സമയം രാത്രി 7.30-നാണ്. സ്റ്റാര്‍ സ്പോര്‍ട്സില്‍ കളിയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആപ്ലിക്കേഷനിലൂടെ ലൈവ് സ്ട്രീമിങ്ങും കാണാവുന്നതാണ്.