ISL 2022-23, Kerala Blasters FC vs Hyderabad FC Score Updates: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്എല്‍) കേരള ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. അവസാന ലീഗ് മത്സരത്തില്‍ ഹൈദരാബാദ് എഫ് സിയോട് എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയം. 29-ാം മിനുറ്റില്‍ ബോര്‍ഹ ഹെരേരയാണ് ഗോള്‍ നേടിയത്.
മത്സരത്തിന്റെ കിക്കോഫ് മുതല്‍ ആക്രമണ ഫുട്ബോളാണ് ഹൈദരാബാദ് സ്വീകരിച്ചത്. പലതവണ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ മുഖത്തേക്ക് മുന്നേറ്റങ്ങള്‍ എത്തിയെങ്കിലും കാര്യമായ ചലനങ്ങളുണ്ടായില്ല. എന്നാല്‍ 10-ാം മിനുറ്റില്‍ സാവിയര്‍ സിവേരിയയുടെ ഷോട്ട് പോസ്റ്റിലിടിച്ചു. വൈകാതെ ബ്ലാസ്റ്റേഴ്സിന്റെ മറുപടി. വിബിന്‍ മോഹന്റെ ശ്രമം പോസ്റ്റിനെ തലോടി പുറത്തേക്ക്.
17-ാം മിനുറ്റില്‍ ഇവാന്‍ കാലിയുസ്നിയുടെ ലോങ് റേഞ്ചറും 22-ാം മിനുറ്റില്‍ അഡ്രിയാന്‍ ലൂണയുടെ ഫ്രീക്കിക്കും ലക്ഷ്യം കാണാതെ പോയി. 29-ാം മിനുറ്റിലാണ് ഹൈദരാബാദ് മുന്നിലെത്തിയത്. ഹാലിചരണ്‍ നര്‍സാരിയുടെ അസിസ്റ്റില്‍ നിന്ന് ബോർഹ ഹെരേരയാണ് ലക്ഷ്യം കണ്ടത്.
35-ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി രണ്ടാം ഗോളും ഹൈദരാബാദ് കണ്ടെത്തി. പ്രതിരോധത്തിലെ പിഴവുകള്‍ ആവര്‍ത്തിച്ചപ്പോള്‍ ജോയൽ ചിയാനീസാണ് വല കുലുക്കിയത്. എന്നാല്‍ ഹൈദരാബാദിന്റെ ആഘോഷങ്ങള്‍ അവസാനിച്ചപ്പോള്‍ റഫറി ഓഫ് സൈഡ് വിളിക്കുകയും ഗോള്‍ പിന്‍വലിക്കുകയും ചെയ്തു.
രണ്ടാം പകുതിയുടെ തുടക്കം മുതല്‍ സമനില ഗോളിനായുള്ള ശ്രമത്തിലായിരുന്നു ബ്ലാസ്റ്റേഴ്സ്. 48-ാം മിനുറ്റില്‍ കാലിയുസ്നുയം വിബിനും ചേര്‍ന്ന് നടത്തിയ മുന്നേറ്റം ബോക്സിനുള്ളില്‍ എത്തിയെങ്കിലും ദിമിത്രിയോസിന് പന്ത് നിയന്ത്രിക്കാനായില്ല. 53-ാം മിനുറ്റില്‍ ദിമിത്രിയോസ് നല്‍കിയ പാസ് വീണ്ടെടുക്കാന്‍ സഹലിനും സാധിക്കാതെ പോയി.
63-ാം മിനുറ്റില്‍ സുവര്‍ണാവസരം ബ്ലാസ്റ്റേഴ്സിനൊരുങ്ങി. സഹല്‍-ജിയാനു മുന്നേറ്റം ഹൈദരാബാദ് പ്രതിരോധ നിര അനായാസം പരാജയപ്പെടുത്തി. രണ്ട് മിനുറ്റുകള്‍ക്ക് ശേഷം പെനാലിറ്റി ബോക്സിന് പുറത്ത് ലഭിച്ച ഫ്രി കിക്ക് ഉപയോഗപ്പെടുത്താന്‍ ലൂണയ്ക്കായില്ല. 67-ാം മിനുറ്റിലും ബ്ലാസ്റ്റേഴ്സ് ഗോളിനായി വഴിയൊരുക്കിയെങ്കിലും വീണ്ടും പാഴായി.
കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് നിരവധി മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് കളത്തിലെത്തുന്നത്. അഡ്രിയാന്‍ ലൂണ, സഹല്‍ അബ്ദുള്‍ സമദ്, മാര്‍ക്കൊ ലെസ്കോവിച്ച്, ബ്രൈസ് മിറാന്‍ഡ എന്നിവര്‍ ആദ്യ ഇലവനില്‍ ഇടം പിടിച്ചു. മറുവശത്ത് സൂപ്പര്‍ താരം ബര്‍ത്തലോമിയൊ ഒഗ്ബച്ചെയ്ക്ക് ഹൈദരാബാദ് വിശ്രമം അനുവദിച്ചു.
ടീം
കേരള ബ്ലാസ്റ്റേഴ്സ്: പ്രഭ്‌സുഖൻ ഗിൽ, റൂയിവ ഹോർമിപാം, ജെസൽ കാർണെയിറൊ, മാർക്കോ ലെസ്‌കോവിച്ച്, ബ്രൈസ് മിറാൻഡ, ഇവാൻ കലിയുസ്‌നി, വിബിൻ മോഹനൻ, അഡ്രിയാൻ ലൂണ, സഹൽ സമദ്, ആയുഷ് അധികാരി, ദിമിത്രിയോസ് ഡയമന്റക്കോസ്.
ഹൈദരാബാദ് എഫ് സി: ഗുർമീത് സിങ്, ഒഡെ ഒനൈന്ത്യ, നിഖിൽ പൂജാരി, നിം ദോർജി, ആകാശ് മിശ്ര, ജോയൽ ചിയാനീസ്, മുഹമ്മദ് യാസിർ, സാഹിൽ തവോറ, ഹാലിചരൺ നർസാരി, ബോർഹ ഹെരേര, ഹാവിയർ സിവേരിയോ.
പ്രിവ്യു
നിലവില്‍ ബ്ലാസ്റ്റേഴ്സിന്റെ ഫോം പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ചിന് സന്തോഷം പകരുന്നതല്ല. അവസാന അഞ്ച് മത്സരങ്ങളില്‍ രണ്ട് ജയം മാത്രമാണ് നേടാനായത്. എടികെ മോഹന്‍ ബഗാനെതിരെ ലീഡ് എടുത്തതിന് ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സ് തോല്‍വി വഴങ്ങിയത്. പ്രതിരോധത്തിലെ പിഴവുകളായിരുന്നു തുടര്‍ച്ചയായ രണ്ടാം പരാജയം.
ഹൈദരാബാദാവട്ടെ കളിച്ച 19 മത്സരങ്ങളില്‍ 12 എണ്ണവും വിജയിച്ച് ലീഗില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു, ഒപ്പം സെമി ഫൈനലും. എന്നാല്‍ ലീഗിന്റെ അവസാന ഘട്ടത്തില്‍ ഹൈദരാബാദ് തിരിച്ചടി നേരിട്ടിരുന്നു. അവസാന അഞ്ച് കളികളില്‍ രണ്ടെണ്ണം പരാജയപ്പെടുകയും ഒന്ന് സമനിലയിലും കലാശിച്ചപ്പോള്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് വിജയിച്ചത്.
നോക്കൗട്ട് റൗണ്ടിലേക്ക് കടക്കും മുന്‍പ് ജയത്തോടെ ലീഗ് ഘട്ടം അവസനാപ്പിക്കുക എന്ന ലക്ഷ്യമായിരിക്കും ഇരുടീമുകള്‍ക്കുമുള്ളത്. ഐഎസ്എല്ലില്‍ ഇതുവരെ എട്ട് തവണയാണ് ഹൈദരാബാദും ബ്ലാസ്റ്റേഴ്സും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. നാല് വീതം ജയങ്ങള്‍ രണ്ട് ടീമുകളും നേടി. അതുകൊണ്ട് തന്നെ കടുത്ത പോരാട്ടം തന്നെ കൊച്ചിയില്‍ പ്രതീക്ഷിക്കാം.
ഹൈദരാബാദ് എഫ് സി – കേരള ബ്ലാസ്റ്റേഴ്സ് സംപ്രേഷണ വിവരങ്ങള്‍: Kerala Blasters vs Hyderabad FC Match Details
ഹൈദരാബാദ് എഫ് സി – കേരള ബ്ലാസ്റ്റേഴ്സ് മത്സരം ഇന്ത്യന്‍ സമയം രാത്രി 7.30-നാണ്. സ്റ്റാര്‍ സ്പോര്‍ട്സില്‍ കളിയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആപ്ലിക്കേഷനിലൂടെ ലൈവ് സ്ട്രീമിങ്ങും കാണാവുന്നതാണ്.