ISL 2022-23, Kerala Blasters FC vs East Bengal Score Updates: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്എല്‍) ഈസ്റ്റ് ബംഗാളിനോട് കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. നായകന്‍ ക്ലീറ്റണ്‍ സില്‍വയാണ് ഈസ്റ്റ് ബംഗാളിന്റെ വിജയ ഗോള്‍ നേടിയത്. ഇത് ആദ്യമായാണ് ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനോട് പരാജയപ്പെടുന്നത്.
മത്സരത്തിന്റെ തുടക്കത്തില്‍ ആക്രമണ ഫുട്ബോളുമായി ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ഈസ്റ്റ് ബംഗാളിന്റെ ശ്രമങ്ങളുണ്ടായി. എന്നാല്‍ പതിയെ പന്ത് കൈവശം പിടിച്ച് ആധിപത്യം സ്ഥാപിക്കാന്‍ മഞ്ഞപ്പടയ്ക്ക് കഴിഞ്ഞു. 10 മിനുറ്റിനിടെ രണ്ട് തവണ ഈസ്റ്റ് ബംഗാളിന് വെല്ലുവിളി ഉയര്‍ത്താന്‍ രാഹുല്‍ കെപിക്ക് കഴിഞ്ഞു.
7-ാം മിനുറ്റില്‍ അഡ്രിയാന്‍ ലൂണ തൊടുത്ത ക്രോസ് രാഹുല്‍ ഹെഡ് ചെയ്തു. ഈസ്റ്റ് ബംഗാള്‍ ഗോളി കമല്‍ജിത്ത് തട്ടിയകറ്റിയ പന്ത് സുഹൈറിന്റെ കയ്യിലേക്കെത്തി. ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പെനാലിറ്റിക്കായി അപ്പീല്‍ ചെയ്തെങ്കിലും റഫറി നിരാകരിച്ചു. വൈകാതെ ദിമിത്രിയോസിന്റെ ക്രോസില്‍ രാഹുലിന് സുവര്‍ണാവസരം. എന്നാല്‍ താരത്തിന്റെ ഷോട്ട് പോസ്റ്റിന് പുറത്തേക്ക് മടങ്ങി.
പിന്നീട് തുടരാക്രമണങ്ങള്‍ ഇരുടീമുകളും നടത്തി. പന്തടക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ ഗോളിനായുള്ള ശ്രമങ്ങളായിരുന്നു കളത്തില്‍. 25-ാം മിനുറ്റില്‍ ലൂണ ബോക്സിലേക്ക് പാസ് ചിപ് ചെയ്ത് നല്‍കിയെങ്കിലും ദിമിത്രിയോസിന് സ്വീകരിക്കാനായില്ല. 33-ാം മിനുറ്റില്‍ ഈസ്റ്റ് ബംഗാളിന്റെ ഗോളവസരം ഹോര്‍മിപാമിന്റെ പ്രതിരോധ മികവില്‍ തടയാന്‍ മഞ്ഞപ്പടയ്ക്കായി.
41-ാം മിനുറ്റില്‍ ഈസ്റ്റ് ബംഗാളിന്റെ ആദ്യ ഗോള്‍ സുഹൈര്‍ കണ്ടെത്തിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 43-ാം മിനുറ്റില്‍ ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധത്തില്‍ നിന്ന് പന്ത് വീണ്ടെടുത്ത് രാഹുല് ബോക്സിനുള്ളിലേക്ക് ക്രോസ് കൊടുത്തു. എന്നാല്‍ ജിയാനുവിനൊ ദിമിത്രിയോസിനൊ ഹെഡ് ചെയ്യാന്‍ സാധിച്ചില്ല.
ആദ്യ പകുതിയുടെ അവസാന നിമിഷം ക്ലീറ്റണ്‍ സില്‍വയുടെ തുടരെയുള്ള ഷോട്ടുകള്‍ ബ്ലാസ്റ്റേഴ്സ് ഗോളി കരണ്‍ജിത് സേവ് ചെയ്തു. പിന്നാലെ ലഭിച്ച കോര്‍ണറില്‍ സുഹൈറിന്റെ ഹെഡര്‍ പോസ്റ്റിനെ ഉരുമി കടന്നു പോയി. ഈസ്റ്റ് ബംഗാളിന്റെ ഗോളെന്ന് ഉറച്ച് മൂന്ന് അവസരങ്ങള്‍ ആദ്യ പകുതിയുടെ അവസാന മിനുറ്റിലുണ്ടായി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തില്‍ പിഴവുണ്ടായി. ഖബ്രയുടെ പാസ് ക്ലിയര്‍ ചെയ്യുന്നതില്‍ ഹോര്‍മിപാമിന് പിഴച്ചു. ഈസ്റ്റ് ബംഗാളിന്റെ സില്‍വ പന്ത് വീണ്ടെടുത്തെങ്കിലും ഹോര്‍മിപാമിന്റെ അവസരോചിതമായ രണ്ടാം ഇടപെടല്‍ വലിയ അപകടം ഒഴിവാക്കി.
53-ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്സിന് മുന്നിലെത്താനുള്ള വഴി രാഹുല്‍ തുറന്നു നല്‍കി. എന്നാല്‍ താരത്തിന്റെ വലതു വിങ്ങില്‍ നിന്നുള്ള ക്രോസില്‍ കാലു വയ്ക്കാന്‍ ജിയാനുവിന് സാധിച്ചെങ്കിലും ഈസ്റ്റ് ബംഗാള്‍ ഗോളി തടഞ്ഞു.
ഈസ്റ്റ് ബംഗാളിന്റെ മുന്നേറ്റങ്ങള്‍ 77-ാം മിനുറ്റില്‍ ഫലം കണ്ടു. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ കൂട്ടപ്പൊരിച്ചില്‍ കൂടി വന്നതോടെ ക്ലീറ്റണ്‍ സില്‍ ലക്ഷ്യം കാണുകയായിരുന്നു. സമനില ഗോളിനായുള്ള ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ ശ്രമങ്ങളാണ് പിന്നീട് മൈതാനത്ത് കണ്ടത്. 82, 83 മിനുറ്റുകളില്‍ രാഹുലിന് തുറന്ന അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ നേടാനായില്ല.
85-ാം മിനുറ്റില്‍ ലൂണയുടെ ഒറ്റയാള്‍ മുന്നേറ്റം. ബോക്സിന് പുറത്ത് നിന്ന് ദിമിത്രിയോസിലേക്ക് മനോഹരമായ ത്രു ബോള്‍ നല്‍കി. ഇത്തവണയും ബോള്‍ സ്വീകരിക്കാന്‍ ദിമിത്രിയോസിന് സാധിച്ചില്ല.
കേരള ബ്ലാസ്റ്റേഴ്സ്
കരൺജിത് സിങ്, ഹർമൻജോത് ഖബ്ര, റൂയിവ ഹോർമിപാം, വിക്ടർ മോംഗിൽ, ജെസൽ റാം, ബ്രൈസ് മിറാൻഡ, ജീക്‌സൺ സിങ്, അഡ്രിയാൻ ലൂണ, അപ്പോസ്‌തലോസ് ജിയാനോ, രാഹുൽ കെ പി, ദിമിത്രിയോസ് ഡയമന്റക്കോസ്.
ഈസ്റ്റ് ബംഗാള്‍
കമൽജിത് സിങ്, ജെറി ലാൽറിൻസുവാല, ചാരിസ് കിരിയാകൗ, സർത്തക് ഗോലുയി, അങ്കിത് മുഖർജി, അലക്‌സ് ലിമ, മൊബാഷിർ റഹ്മാൻ, നവോറെം സിംഗ്, സുഹൈർ വടക്കേപീടിക, ക്ലീറ്റൺ സില്‍വ, ജെയ്‌ക്ക് ജെർവിസ്.
പ്രിവ്യു
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കൊച്ചിയില്‍ എതിരില്ലാത്ത രണ്ട് ഗോളിന് നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാകും ബ്ലാസ്റ്റേഴ്സ്. ദിമിത്രിയോസ് ഡയമന്റക്കോസിന്റെ ഇരട്ട ഗോളായിരുന്നു മഞ്ഞപ്പടയെ വിജയ വഴിയിലേക്ക് തിരിച്ചെത്തിച്ചത്.
ബ്രൈസ് മിറാന്‍ഡയെ ആദ്യ ഇലവനില്‍ കളിപ്പിച്ച പരിശീലകന്‍ ഇാവാന്‍ വുകുമനോവിച്ചിന്റെ തന്ത്രമായിരുന്നു കൊച്ചിയില്‍ ഫലം കണ്ടത്. നാല് തവണയാണ് ബ്രൈസ് ഗോളിന് അവസരമൊരുക്കിയത്. ദിമിത്രിയോസിന്റെ ആദ്യ ഗോള്‍ വീണത് ബ്രൈസിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു. ആറ് ക്രോസുകളും താരത്തിന്റെ ഇടം കാലില്‍ നിന്ന് പിറന്നു.
എടികെ മോഹന്‍ ബഗാനേക്കാള്‍ ഒരു പോയിന്റ് കൂടുതലുള്ള ബ്ലാസ്റ്റേഴ്സ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ഈസ്റ്റ് ബംഗാളിനെ കീഴടക്കാനായാല്‍ മൂന്നാം സ്ഥാനം നിലനിര്‍ത്താനും കഴിയും. സീസണിലെ ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ 3-1 ന് കീഴടക്കാന്‍ മഞ്ഞപ്പടയ്ക്ക് കഴിഞ്ഞിരുന്നു.
മറുവശത്ത് തിരിച്ചടികളുടെ തേരിലേറിയാണ് ഈസ്റ്റ് ബംഗാളിന്റെ വരവ്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നാല് പരാജയം, പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തും. സ്വന്തം മൈതാനത്ത് ബ്ലാസ്റ്റേഴ്സിനെ കീഴടക്കി സീസണിന്റെ അവസാന റൗണ്ടുകള്‍ വിജയ വഴിയില്‍ അവസാനിപ്പിക്കാനായിരിക്കും ഈസ്റ്റ് ബംഗാള്‍ ഇറങ്ങുക.
ഈസ്റ്റ് ബംഗാള്‍ – കേരള ബ്ലാസ്റ്റേഴ്സ് സംപ്രേഷണ വിവരങ്ങള്‍: Kerala Blasters vs East Bengal Match Details
ഈസ്റ്റ് ബംഗാള്‍ – കേരള ബ്ലാസ്റ്റേഴ്സ് മത്സരം ഇന്ത്യന്‍ സമയം രാത്രി 7.30-നാണ്. സ്റ്റാര്‍ സ്പോര്‍ട്സില്‍ കളിയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആപ്ലിക്കേഷനിലൂടെ ലൈവ് സ്ട്രീമിങ്ങും കാണാവുന്നതാണ്.